ദിലീപിന്റെ വാളയാർ പരമശിവത്തിന്റെ മോഡൽ തിരിച്ചു വരവ്, ജാക്ക് ആൻഡ് ഡാനിയേൽ മൂവി റിവ്യൂ

പ്രധാനമായും ടെക്നിക്കൽ ചാട്ടുളി പ്രയോഗങ്ങളിലൂടെ പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ചിത്രം എന്ന് ജാക്ക് ആൻഡ് ഡാനിയേലിനെ വിശേഷിപ്പിക്കാം. ഒന്നര വർഷത്തിനിടെ 14 തവണ കൊള്ളയടി നടത്തിയ, വിരലടയാളമോ പേരോ മുഖമോ പോലും ശേഷിപ്പിക്കാതെ മുങ്ങി നടക്കുന്ന വിരുതൻ. ഇയാളെ പൂട്ടിക്കെട്ടാനുള്ള ഉദ്യമവുമായി എത്തുന്ന അന്വേഷണ ഉദ്യോഗസ്ഥൻ. ഇവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണാത്മക ത്രില്ലറാണ് ജാക്ക് ആൻഡ് ഡാനിയേൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

എക്കാലത്തും ആക്ഷൻ, ത്രില്ലർ ഗണത്തിലെ ചിത്രങ്ങളോട് വല്ലാത്ത അടുപ്പവും സ്നേഹവും പ്രകടിപ്പിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. ആ അവസരം പരമാവധി പ്രയോജനപ്പെടുത്തി ചെയ്തിരിക്കുന്ന ചിത്രം തന്നെയാണ് ജാക്ക് ആൻഡ് ഡാനിയേൽ. ജാക്ക് ആയി ദിലീപും ഡാനിയേൽ ആയി തെന്നിന്ത്യൻ താരം അർജുൻ സർജയും വളരെ മികച്ച ഒരു കോമ്പിനേഷൻ മലയാള സിനിമയ്ക്ക് നൽകിയിരിക്കുന്നു. കമ്മാര സംഭവത്തിന് ശേഷം കുടുംബ ചിത്രങ്ങളിലേക്ക് ചുവടുവച്ച ദിലീപിന്റെ വാളയാർ പരമശിവം മോഡൽ തിരിച്ചുവരവ് എന്ന് വേണമെങ്കിൽ ജാക്കിനെ വിശേഷിപ്പിക്കാം.

ഒരുപക്ഷെ അതിലും മികച്ച പ്രകടനം എന്ന് തോന്നിയാൽ തെറ്റില്ല. ചിത്രം പോകെ പോകെ, രണ്ടു നായകന്മാരും പരസ്പരം മത്സരിച്ചുള്ള പ്രകടനം കാഴ്ച വയ്ക്കുന്നത് ദൃശ്യമാവും. ആക്ഷൻ കൊറിയോഗ്രഫിയിൽ മലയാള സിനിമ ഏറ്റവും മികച്ചത് കാഴ്ചവയ്ക്കാൻ ആഗ്രഹിക്കുമ്പോൾ വിളിപ്പുറത്തെത്തുന്ന പീറ്റർ ഹെയ്‌നിന്റെ കയ്യൊപ്പ് വേണ്ടവിധം പതിഞ്ഞ ചിത്രങ്ങൾക്കൊപ്പം ജാക്ക് ഡാനിയേലും കൂടി.

പ്രധാനമായും ടെക്നിക്കൽ ചാട്ടുളി പ്രയോഗങ്ങളിലൂടെ പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ചിത്രം എന്ന് ജാക്ക് ആൻഡ് ഡാനിയേലിനെ വിശേഷിപ്പിക്കാം. ആക്ഷന്റെ സന്തത സഹചാരികളായ ക്യാമറ, പശ്ചാത്തലസംഗീതം, ഉഗ്വേഗം നിറഞ്ഞ ട്വിസ്റ്റുകൾ എന്നിവ കൊണ്ടുവരാൻ ചിത്രം ശ്രമിച്ചു വിജയിച്ചിട്ടുണ്ട്, ഭരത് ചന്ദ്രൻ ഐ.പി.എസ്സിന്റെ വരവോടു കൂടി മലയാളി പ്രേക്ഷക മനസ്സിൽ പതിഞ്ഞ ആക്ഷൻ പടങ്ങളുടെ താളത്തിന് സമാനമായി ഘനഗാംഭീര്യം നിറയുന്ന താളം ഈ ചിത്രത്തിന്റെ

ഓപ്പണിങ് ക്രെഡിറ്റ് മുതൽ ക്ളൈമാക്സ് വരെ നിലനിർത്തുന്നതിൽ സംവിധായകനും രചയിതാവുമായ എസ്.എൽ. പുരം ജയസൂര്യയും സംഘവും ലക്‌ഷ്യം കണ്ടെത്തിയിരിക്കുന്നു എന്ന് മനസ്സിലാക്കാം. വൈഡ് ആംഗിളിനോട് വിട പറഞ്ഞ്, ടൈറ്റ് ഫ്രയിമുകളും സൂം ഇന്നുകളും കോർത്തിണക്കി മികച്ച രീതിയിൽ ക്യാമറ പ്രവർത്തിച്ചിട്ടുണ്ട്. ത്രില്ലർ ചിത്രം വിജയിക്കണമെങ്കിൽ, സസ്പെൻസ് മാത്രം പോര, ആവശ്യമുള്ളിടത്ത് ട്വിസ്റ്റുകളും ഉണ്ടെങ്കിലേ കഴിയൂ. അതിവിടെ കാണാം. ത്രില്ലർ യുവത്വത്തിനെങ്കിൽ കുടുംബ പ്രേക്ഷകരെയും തൃപ്ത്തിപ്പെടുത്തുന്ന ഉള്ളടക്കം ജാക്ക് ആൻഡ് ഡാനിയേലിൽ ഉണ്ട്. സസ്പെൻസിൽ ഒളിച്ചിരിക്കുന്ന ആ കഥ നേരിൽ കാണട്ടെ, അപ്പോൾ അറിയാം.

മൂവി ട്രെയ്‌ലർ

Krithika Kannan