പല ഭര്‍ത്താക്കന്മാരും ഭാര്യമാരുടെ വില മനസിലാക്കിയിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്: രമയുടെ ഓര്‍മകളില്‍ ജഗദീഷ്

ഭാര്യ രമയുടെ ഓര്‍മ്മകളുമായി കഴിയുകയാണ് നടന്‍ ജഗദീഷ്. താന്‍ അഭിനയവുമായി നടക്കുമ്പോള്‍ കുടുംബത്തിന്റെ അച്ചുതണ്ടായി വര്‍ത്തിച്ചിരുന്നവളാണ് ഇപ്പോള്‍ വിട്ടകന്നിരിക്കുന്നത്. പരിഭവങ്ങളോ പരാതികളോ അവള്‍ക്ക് ഉണ്ടായിരുന്നില്ല എന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടു തന്നെ എനിക്ക് കുടുംബത്തെ…

ഭാര്യ രമയുടെ ഓര്‍മ്മകളുമായി കഴിയുകയാണ് നടന്‍ ജഗദീഷ്. താന്‍ അഭിനയവുമായി നടക്കുമ്പോള്‍ കുടുംബത്തിന്റെ അച്ചുതണ്ടായി വര്‍ത്തിച്ചിരുന്നവളാണ് ഇപ്പോള്‍ വിട്ടകന്നിരിക്കുന്നത്. പരിഭവങ്ങളോ പരാതികളോ അവള്‍ക്ക് ഉണ്ടായിരുന്നില്ല എന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടു തന്നെ എനിക്ക് കുടുംബത്തെ ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കാന്‍ അവള്‍ വഴിയൊരുക്കിയിട്ടേയില്ല.

പല ഭര്‍ത്താക്കന്മാരും ഭാര്യമാരുടെ വില മനസിലാക്കിയിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളതെന്നും അവരെ മനസിലാക്കി ഭര്‍ത്താക്കന്മാര്‍ പെരുമാറിയാല്‍ വീട് സ്വര്‍ഗമാകുമെന്നും ഭാര്യയുടെ വേര്‍പാടിനു മുന്‍പുള്ള പല അഭിമുഖങ്ങളിലും ജഗദീഷ് പറഞ്ഞിട്ടുണ്ട്.

സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ.
സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമായിരുന്നില്ല. ഞങ്ങള്‍ രണ്ട് പേരും രണ്ട് എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയിലുള്ള യോജിപ്പായിരുന്നു ഞങ്ങളുടെ വിജയമെന്നും ജഗദീഷ്.

Jagadeesh2

ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ. പി രമയുടെ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിനെ മാത്രമല്ല സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അസുഖ ബാധിതയായി ഏറെ നാളുകളായി രമ കിടപ്പിലായിരുന്നു.

സമ്പന്നമായ കുടുംബത്തില്‍ നിന്നും തന്നോടൊപ്പം ജീവിക്കാന്‍ എത്തിയപ്പോഴും പരാതികള്‍ പറയാതെ എല്ലാത്തിനോടും പൊരുത്തപ്പെടാനാണ് രമ ശ്രമിച്ചിരുന്നത് എന്നാണ് ജഗദീഷ് പറഞ്ഞത്. ഞങ്ങളുടേതിനേക്കാള്‍ വളരെ അധികം സൗകര്യമുള്ള വീടായിരുന്നു രമയുടേത്. അവിടെ നിന്ന് ഈ കുറവുകളിലേക്ക് വന്നിട്ടും അവള്‍ പരാതികളൊന്നും പറഞ്ഞിട്ടില്ല.

സിനിമയില്‍ തിരക്കായി തുടങ്ങിയ ശേഷമാണ് ഞാനും രമയും കൂടി ഞങ്ങള്‍ക്കായി ഒരു വീട് വെക്കാന്‍ തീരുമാനിച്ചത്. രമയാണ് എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ നോക്കിയത്. ഉള്ള പണം വെച്ച് ഭംഗിയായി അധികം ആഢംബരമില്ലാതെ ഒരു കൊച്ച് വീടു വെക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

മിക്ക സിനിമാക്കാരെയും പോലെ വീട്ടിലെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാന്‍ എനിക്ക് പറ്റിയിട്ടില്ല. പക്ഷെ രമ അക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും വരുത്തിയിട്ടില്ല. മിക്ക ജോലികളും പുള്ളിക്കാരി തന്നെയാണ് ചെയ്തിരുന്നത്. ഡ്രൈവറേയും കുക്കിനേയും എന്തിന് തോട്ടക്കാരനേയും പോലും അടുത്ത കാലത്താണ് ജോലിക്ക് വെച്ചതെന്നും ജഗദീഷ് പറയുന്നു.