ജഗതി ശ്രീകുമാര്‍ സിനിമയിലേയ്ക്ക് മടങ്ങിയെത്തുന്നു: ആദ്യ ചിത്രം ഏപ്രില്‍ 22ന് റിലീസ് ചെയ്യും

മലയാളികളുടെ പ്രിയ നടന്‍ അമ്പിളിച്ചേട്ടന്‍ എന്ന ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേയ്ക്ക് മടങ്ങി എത്തുന്നു. കാറപകടത്തെ തുടര്‍ന്നുണ്ടായ പരിക്കുകളില്‍ ചികിത്സ തേടിയ ജഗതി, വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തുന്നത്. കഴിഞ്ഞ കാലങ്ങളില്‍ തന്റെ മടങ്ങി വരവിന്റെ സൂചന നല്‍കി ചില പരസ്യ ചിത്രങ്ങളിലും ജഗതി അഭിനയിച്ചിരുന്നു.

ജഗതി ശ്രീകുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തീ മഴ തേന്‍ മഴ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. ചിത്രം ഏപ്രില്‍ 22ന് തിയേറ്ററുകളില്‍ എത്തും. സെവന്‍ ബെറ്റ്‌സിന്റെ ബാനറില്‍ കുഞ്ഞുമോന്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നു. ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നതും കുഞ്ഞുമോന്‍ തന്നെയാണ്. കറുവാച്ചന്‍ എന്ന വിളിപ്പേരുള്ള കറിയാച്ചന്‍ എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ ജഗതി അവതരിപ്പിക്കുന്നത്. രാജേഷ് കോപ്ര, ലക്ഷ്മി പ്രീയ, സ്‌നേഹ അനില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജഗതിയുടെ മടങ്ങിവരവില്‍ വലിയ പ്രതീക്ഷയാണ് മലയാള സിനിമാ ലോകം നല്‍കിയിരിക്കുന്നത്. ജഗതിയുടെ ആരോഗ്യ നിലയിലുള്ള പുരോഗതി സിനിമാ ലോകത്തിനൊപ്പം പ്രേക്ഷകരും കൃത്യമായി അന്വേഷിച്ചു പോന്നിരുന്നു. മമ്മൂട്ടി നായകനാകുന്ന സിബിഐ സീരിസിന്റെ അഞ്ചാം പതിപ്പ് പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ആവേശത്തിലായെങ്കിലും ചിത്രത്തിലെ അനശ്വര കഥാപാത്രങ്ങളില്‍ ഒന്നായ ഇന്‍സ്‌പെക്ടര്‍ വിക്രമായി ജഗതി ഉണ്ടാവില്ലാ എന്നത് ഏവര്‍ക്കും വലിയ ദുഖമുണ്ടാക്കിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ വിക്രമായി ജഗതി ഉണ്ടാകുമെന്നും, എങ്കില്‍ മാത്രമെ സീരിസിലെ ബുദ്ധി രാക്ഷസന്‍മാരുടെ അന്വേഷണ സംഘം പൂര്‍ണമാവുകയുള്ള എന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ ചില പോസ്റ്ററുകളില്‍ ജഗതിയെയും ഉള്‍പ്പെടുത്തിയിരുന്നു. ചിത്രം അടുത്ത മാസം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

സിബിഐ 5 ദി ബ്രെയ്ന്‍ ആയിരിക്കും ജഗതിയുടെ വരവ് അറിയിക്കുന്നു പുതിയ ചിത്രം എന്നാണ് പ്രേക്ഷകര്‍ കരുതിയിരുന്നത്. എങ്കിലും പുതിയ ചിത്രമായ തീ മഴ തേന്‍ മഴയിലൂടെ പ്രതീക്ഷിച്ചതിലും നേരത്തെ ജഗതിയെ വെള്ളിത്തിരയില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവയ്ക്കുന്നു. ജഗതിയുടെ മടങ്ങിവരവില്‍ ആശംസകളുമായി സിനിമാ ലോകവും പ്രേക്ഷകരും മുന്നോട്ടു വന്നിട്ടുണ്ട്.

Vishnu