ഹാസ്യസാമ്രാട്ട് തിരിച്ചുവരുന്നു! ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍, കൂടെ മകന്‍ രാജ്കുമാറും

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം സിബിഐ അഞ്ചാം ഭാഗത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പ്രിയതാരം ജഗതി ശ്രീകുമാര്‍. ഇപ്പോഴിതാ
ജഗതി അഭിനയത്തില്‍ സജീവമാകുന്നതായാണ് റിപ്പോര്‍ട്ട്. പ്രേംനസീര്‍ സുഹൃദ്സമിതിയുടെ രണ്ടാമത്തെ ചിത്രത്തിലാണ് ജഗതി പ്രധാന കഥാപാത്രമായി എത്തുന്നത്. ജഗതി മാത്രമല്ല, കൂടെ അദ്ദേഹത്തിന്റെ മകന്‍ രാജ്കുമാറും പ്രധാന വേഷം ചെയ്യുന്നുണ്ട്.

പേയാട് ജഗതിയുടെ വീട്ടില്‍ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.
ചിത്രത്തിന്റെ കഥ കവി പ്രഭാവര്‍മ, ഉദയ സമുദ്ര ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍ നായര്‍ക്കു കൈമാറി.

സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷയാണ് ജഗതി അഭിനയിക്കുന്നതായി അറിയിച്ചത്. നിറഞ്ഞ പുഞ്ചിരിയോടെ ഇടതുകൈ വീശിയാണ് ജഗതി വിശിഷ്ടാതിഥികളോടൊപ്പം പ്രഖ്യാപനം സ്വീകരിച്ചത്.

ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബര്‍ ആദ്യവാരം ആരംഭിക്കും. നടന്‍മാരായ എംആര്‍ ഗോപകുമാര്‍, കൊല്ലം തുളസി, സംവിധായകന്‍ ജഹാംഗീര്‍ ഉമ്മര്‍, ഗായിക ശ്യാമ, നിര്‍മാതാക്കളായ ബിനു പണിക്കര്‍, നാസര്‍ കിഴക്കതില്‍, ഡിജിലാല്‍ ഊട്ടി, ശൈലാബീഗം, സമിതി ഭാരവാഹികളായ സബീര്‍ തിരുമല, വാഴമുട്ടം ചന്ദ്രബാബു, പനച്ചമൂട് ഷാജഹാന്‍, ഗോപന്‍ ശാസ്തമംഗലം തുടങ്ങിയവരും പങ്കെടുത്തു.

2012 മാര്‍ച്ച് പത്തിന് പുലര്‍ച്ചെ തേഞ്ഞിപ്പലത്തിനടുത്ത് വച്ചുണ്ടായ അപകടത്തിലാണ് ജഗതിയ്ക്ക് ഗുരുതര പരിക്കേറ്റത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഇടവപ്പാതി’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകും വഴിയായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട പ്രിയനടന്‍ 11 വര്‍ഷത്തിന് ശേഷമാണ് വീണ്ടും സിനിമയില്‍ മുഖം കാണിക്കുന്നത്.

Previous articleഷാള്‍ മൂടി ആയിരുന്നു നടപ്പ്! മുംബൈയില്‍ പോയതോടെ ജീവിതം മാറി മറിഞ്ഞു!!! മഞ്ജരി
Next article‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ലൊക്കേഷനില്‍ ഭാവനയെത്തിയപ്പോള്‍ – വീഡിയോ