പ്രൊഡ്യൂസറിന് ചെലവാക്കിയതിന്റെ ഇരട്ടി പൈസ കിട്ടി!!! അത് ചോദിച്ചുവാങ്ങിയ റോളാണ്-ജാനകി സുധീര്‍

സ്വവര്‍ഗാനുരാഗികളുടെ കഥ പറയുകയാണ് ബിഗ് ബോസ് താരം ജാനകി സുധീര്‍ നായികയായ ഹോളി വൂണ്ട് എന്ന സിനിമ. രണ്ട് പെണ്‍കുട്ടികള്‍ തമ്മില്‍ പ്രണയിച്ചാല്‍ എന്താണ് കുഴപ്പം? ആണിനും പെണ്ണിനും മാത്രമുള്ളതല്ലല്ലോ പ്രണയം. പ്രണയത്തിന് ഈ…

സ്വവര്‍ഗാനുരാഗികളുടെ കഥ പറയുകയാണ് ബിഗ് ബോസ് താരം ജാനകി സുധീര്‍ നായികയായ ഹോളി വൂണ്ട് എന്ന സിനിമ. രണ്ട് പെണ്‍കുട്ടികള്‍ തമ്മില്‍ പ്രണയിച്ചാല്‍ എന്താണ് കുഴപ്പം? ആണിനും പെണ്ണിനും മാത്രമുള്ളതല്ലല്ലോ പ്രണയം. പ്രണയത്തിന് ഈ പറഞ്ഞ അതിര്‍വരമ്പുകളില്ലെന്നും വ്യക്തമാക്കുകയാണ് ചിത്രം.

പരസ്പരം പ്രണയിക്കുന്ന രണ്ട് സ്ത്രീകളെ അവരുടെ നിശബ്ദ പ്രണയത്തിലൂടെ ഈ സമൂഹത്തിന് മുന്നില്‍ വെയ്ക്കുക കൂടിയാണ് ഹോളി വൂണ്ട്. ലെസ്ബിയന്‍ സിനിമ ഇതിനോടകം തന്നെ ഒട്ടനവധി ചര്‍ച്ചകള്‍ക്കിടയാക്കിയിരിക്കുകയാണ്.

ലെസ്ബിയന്‍ പ്രണയകഥ പറഞ്ഞെത്തിയ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ മത്സരാര്‍ഥിയായിരുന്നു ജാനകി സുധീര്‍. ഹോളി വൂണ്ട് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ജാനകി. ശരിക്കും ഹോളി വൂണ്ട് ഒരു ആര്‍ട്ട് ഫിലിമാണ്. അതിനെ ആ രീതിയാല്‍ സമീപിച്ചാല്‍ മാത്രമേ അത് കാണുന്നതിന്റെ സംതൃപ്തി കിട്ടുകയുള്ളൂ. അല്ലാതെ നോര്‍മല്‍ ഒരു സിനിമയെ സമീപിക്കുന്ന രീതിയില്‍ കണ്ടാല്‍ അത് ഇഷ്ടപ്പെടില്ല.

എനിക്ക് ഇക്കകാര്യം അറിയാവുന്നതു കൊണ്ട് നെഗറ്റീവ് കമന്റുകളെല്ലാം പോസിറ്റീവ് ആയി തന്നെയാണ് കാണുന്നത്. പുറത്തുവന്നപ്പോഴുണ്ടായ വിവാദങ്ങളൊന്നും സിനിമ പുറത്തിറങ്ങിയ ശേഷമുണ്ടായിട്ടില്ല. ആളുകള്‍ക്ക് എന്തെങ്കിലും ചെറുത് കണ്ടാല്‍ മതി. അതില്‍ എന്തോ ഉണ്ടെന്ന് പറഞ്ഞ് നടക്കുന്ന സ്വഭാവമാണെന്നും ജാനകി പറയുന്നു.

നോര്‍മല്‍ ആയി നമ്മള്‍ ചെയ്യുന്ന കഥാപാത്രങ്ങളില്‍ നിന്ന് മാറിയിട്ട് വേറിട്ട കഥാപാത്രം ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്ന് ജാനകി പറയുന്നു. സൈലന്റ് മൂവി ആയതുകൊണ്ട് തന്നെ അഭിനയത്തിന് നല്ല പ്രാധാന്യമുണ്ടായിരുന്നു. അങ്ങനെ ആ മെയിന്‍ റോള്‍ ഞാന്‍ ചോദിച്ച് വാങ്ങിച്ചതാണ്.

ലെസ്ബിയന്‍ സ്റ്റോറി ആയതുകൊണ്ടു തന്നെ ചില കാര്യങ്ങളൊക്കെ നേരിടേണ്ടതായി വന്നു. പിന്നെ അത്ര ഇന്റിമസിയൊന്നും സിനിമയില്‍ വരുന്നില്ല. ഒരു ലിപ് ലോക്ക് സീന്‍ മാത്രമേ വരുന്നുള്ളൂ. ഞാനിതുവരെ സ്ത്രീകളെ ചുംബിച്ചിട്ടില്ല. അതുകൊണ്ട് ആ സീന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു.

എന്നാല്‍ നമ്മുടെ ടീം നല്ല സപ്പോര്‍ട്ടായിരുന്നു. അവസാന ഭാഗമായപ്പോഴൊക്കെ ആയിരുന്നു ഈ സീനൊക്കെ ഷൂട്ട് ചെയ്യുന്നത്. അപ്പോഴേക്കും എല്ലാവരുമായി നല്ല സൗഹൃദത്തിലായിരുന്നു. അങ്ങനെ അതും അങ്ങ് ചെയ്യുകയായിരുന്നു.

മാത്രമല്ല, പ്രൊഡ്യൂസറിന് അദ്ദേഹം ചെലവാക്കിയതിന്റെ ഇരട്ടി പൈസയും കിട്ടി. അത് എല്ലാവര്‍ക്കും സന്തോഷം തരുന്ന കാര്യമാണ്. സിനിമയെ കുറിച്ച് നന്നായി അറിയാവുന്നവര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ട്.

നന്നായി അഭിനയിച്ചിട്ടുണ്ടെന്നുമൊക്കെ കുറേ പേര്‍ വിളിച്ചു പറഞ്ഞിരുന്നു. സിനിമയില്‍ സീന്‍ ഉണ്ടെന്ന് വിചാരിച്ച് പോയ നോര്‍മല്‍ പ്രേക്ഷകര്‍ക്കൊക്കെ നിരാശയായി, കാരണം അവര്‍ വിചാരിക്കുന്ന ഒരു സംഭവവും സിനിമയില്‍ ഇല്ല.

ഈ ചിത്രം ചെയ്യാന്‍ വീട്ടില്‍ നിന്ന് വലിയ സപ്പോര്‍ട്ട് ഉണ്ടായിരുന്നില്ല. പിന്നെ എന്നോട് പറഞ്ഞിട്ട് കാര്യമൊന്നുമില്ലായെന്ന് അവര്‍ക്ക് മനസിലായി. സിനിമയില്‍ ഇങ്ങനെയൊക്കെ സീനുകളുണ്ടെന്ന് ആദ്യമേ അമ്മയോട് പറഞ്ഞിരുന്നു. മാത്രമല്ല, ഞാനായിട്ട് ആദ്യമായി ചെയ്യുന്ന സംഭവം ഒന്നുമല്ല. പുറത്തുള്ള ആളുകള്‍ക്കൊക്കെ ഇതൊക്കെ സിംപിള്‍ ആണെന്നും അതൊക്കെ നോര്‍മല്‍ ആണെന്നും പറഞ്ഞു.

മറ്റു സിനിമകളില്‍ എന്തെല്ലാം സീനുകള്‍ കാണിക്കുന്നു. അത്രയൊന്നും ഇതില്‍ ഇല്ലല്ലോ. ഇപ്പോള്‍ പിന്നെ അമ്മയ്ക്ക് മനസിലായി. അതുകൊണ്ട് പിന്നെ ഒന്നും പറയാറില്ല. ഇപ്പോള്‍ എന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് താന്‍ എത്തിയിരിക്കുന്നെന്ന് ജാനകി പറയുന്നു.

പുതിയൊരു സിനിമ അരിവാള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഇതും ഒരു അവാര്‍ഡ് ടൈപ്പ് സിനിമ ആണ്. ഒരു ട്രൈബല്‍ സ്റ്റോറിയാണ്. വയനാട്ടിലാണ് ഷൂട്ടിങ്ങൊക്കെ. അടുത്തമാസം 15 മുതല്‍ ചിത്രീകരണം തുടങ്ങും

സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളോടൊന്നും പ്രതികരിക്കാനൊന്നും പോകാറില്ല. പറയുന്നവര്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. പിന്നെ അത് എന്റെ വ്യക്തിസ്വാതന്ത്ര്യമാണ്, ഞാന്‍ എന്ത് ചെയ്യണം, എങ്ങനത്തെ ഫോട്ടോ എടുക്കണം എന്നുള്ളത്. മറ്റൊരാളെ വേദനിപ്പിക്കാത്ത തരത്തിലാണ് ഞാന്‍ എന്റെ കാര്യങ്ങള്‍ ചെയ്യുന്നതെന്നും ജാനകി പറയുന്നു.