ജയ ജയ ജയ ജയ ഹേയും ആ ഫ്രഞ്ച് സിനിമയും തമ്മിലുള്ള സാമ്യം യാദൃശ്ചികം മാത്രം; മാപ്പ് പറഞ്ഞു പോസ്റ്റ് ഡിലീറ്റ് ചെയ്തു

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷങ്ങളിലെത്തിയ ‘ ജയ ജയ ജയ ജയഹേ’ മികച്ച വിജയമാണ് നേടിയത്. ചിത്രത്തിന്റെ സംവിധായകന്‍ വിപിന്‍ ദാസിന്റെ മൂന്നാമത്തെ ചിത്രമായിരുന്നു ‘ ജയ ജയ ജയ ജയഹേ…

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷങ്ങളിലെത്തിയ ‘ ജയ ജയ ജയ ജയഹേ’ മികച്ച വിജയമാണ് നേടിയത്. ചിത്രത്തിന്റെ സംവിധായകന്‍ വിപിന്‍ ദാസിന്റെ മൂന്നാമത്തെ ചിത്രമായിരുന്നു ‘ ജയ ജയ ജയ ജയഹേ ‘. ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

എന്നാല്‍ അടുത്തിടെ ഒരു വലിയ ആരോപണം ചിത്രത്തിനും അണിയറക്കാര്‍ക്കും നേര്‍ക്ക് ഉയര്‍ന്നിരുന്നു. കുങ്ഫു സൊഹ്‌റ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ കോപ്പിയാണ് ചിത്രമെന്ന ആരോപണം വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി തെളിച്ചിരുന്നു.എന്നാല്‍ സംവിധായകന്‍ വിപിന്‍ ദാസ് ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞു യഥാര്‍ത്ഥ വസ്തുതകളുമായി രംഗത്ത് വന്നിരുന്നു.

ആറു മാസം മുന്‍പ് ഇറങ്ങിയ സിനിമയില്‍ നിന്നും കോപ്പി അടിച്ചു കഥയുണ്ടാക്കി റിലീസ് ചെയ്യാന്‍ സിനിമയില്‍ എളുപ്പത്തില്‍ സാധ്യമല്ലെന്നു വിവേകമുള്ളവര്‍ക്ക് മനസിലാകുമെന്നാണ് വിപിന്‍ പ്രതികരിച്ചത്.’മുകളില്‍ പറഞ്ഞ 9 മാര്‍ച്ച് 2022നു റീലീസാകുകയുമാണ് ചെയ്തത്. ജയ ഹേ 2022 ജനുവരി 26നാണ് അനൗണ്‍സ് ചെയ്തത്, മാത്രമല്ല നമ്മുടെ സിനിമയുടെ സ്‌ക്രിപ്റ്റ് അതിനും ഒരു വര്‍ഷം മുന്‍പ് 2020 ഡിസംബറില്‍ തന്നെ ലോക്ക് ചെയ്തിരുന്നു’ എന്നും വിപിന്‍ വ്യക്തമാക്കി.

ഇപ്പോഴിതാ ആരോപണം ഉന്നയിച്ചവര്‍ തന്നെ മാപ്പ് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ്. ഹബ് ഓഫ് റിതം എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആണ് ആദ്യമായി ഈ ആരോപണം ഉയര്‍ന്നത്. വിപിന്‍ പറഞ്ഞ കാര്യങ്ങള്‍ മുഖവിലക്കെടുത്തു അന്വേഷണം നടത്തിയപ്പോള്‍ രണ്ട് സിനിമകളും തമ്മിലുള്ള സാമ്യം യാദൃച്ഛികം മാത്രമെന്നു മനസിലായതായി ‘ ഹബ് ഓഫ് റിതം ‘ അവരുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ഒപ്പം ആരോപണം ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്യുകയാണെന്നും, ആ പോസ്റ്റ് കാരണം ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് മാപ്പ് പറയുന്നു എന്നും അവര്‍ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നുണ്ട്.