‘മണിരത്നം ഓഫീസില്‍ പഞ്ചവര്‍ണ്ണതത്തയിലെ വലിയ പോസ്റ്റര്‍ വച്ചിരുന്നു’! പൊന്നിയന്‍ സെല്‍വന്‍ കിട്ടാന്‍ കാരണം രമേഷ് പിഷാരടി- ജയറാം

മണിരത്നം ചിത്രം പൊന്നിയന്‍ സെല്‍വനില്‍ നടന്‍ ജയറാം ശ്രദ്ധേയമായ വേഷമാണ് ചെയ്തിരുന്നത്. മൊട്ടയടിച്ച ലുക്കിലുള്ള ആഴ്വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രായിട്ടാണ് ജയറാം മിന്നുന്ന പ്രകടനം കാഴ്ചവച്ചത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് അവസരം ലഭിച്ചതിനെ കുറിച്ച്…

മണിരത്നം ചിത്രം പൊന്നിയന്‍ സെല്‍വനില്‍ നടന്‍ ജയറാം ശ്രദ്ധേയമായ വേഷമാണ് ചെയ്തിരുന്നത്. മൊട്ടയടിച്ച ലുക്കിലുള്ള ആഴ്വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രായിട്ടാണ് ജയറാം മിന്നുന്ന പ്രകടനം കാഴ്ചവച്ചത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് അവസരം ലഭിച്ചതിനെ കുറിച്ച് പറയുകയാണ് ജയറാം. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലെ മൊട്ടയടിച്ച ലുക്ക് കണ്ടിട്ടാണ് തനിക്ക് പൊന്നിയന്‍ സെല്‍വനിലേക്ക് അവസരം കിട്ടിയതെന്ന് താരം പറയുന്നു.

രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മണിരത്നത്തിന്റെ ഓഫിസില്‍ നിന്ന് വിളി വന്നത്. തുടര്‍ന്ന് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയി. പൊന്നിയന്‍ സെല്‍വന്‍ എന്ന നോവല്‍ സിനിമയാക്കാന്‍ പോകുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. സാര്‍ അപ്പോള്‍ തന്നെ കഥ മുഴുവന്‍ വലിയൊരു ചാര്‍ട്ട് പേപ്പറില്‍ ആക്കി വച്ച് ഓരോന്നും വിവരിച്ചു തന്നു.

എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു ആഴ്വാര്‍ കടിയന്‍ നമ്പിക്ക് എന്റെ കുറച്ച് സാമ്യമുണ്ടല്ലോ, എന്നിലേക്ക് എങ്ങനെയാണ് സര്‍ എത്തിപ്പെട്ടതെന്ന്. അദ്ദേഹം എന്നോട് പറഞ്ഞു, ‘പിഷാരടി എന്നൊരു സംവിധായകന്‍ മലയാളത്തില്‍ ഇല്ലേ ഞാന്‍ പറഞ്ഞു, ഉണ്ട്. ഉടനെ മണിരത്നം ഒരു പടം കാണിച്ചു തന്നു. പിഷാരടി എന്നെ വച്ച് ആദ്യം ചെയ്ത സിനിമയുടെ വലിയൊരു പോസ്റ്റര്‍ അവിടെ ചുമരില്‍ വച്ചിരുന്നു.

പഞ്ചവര്‍ണ്ണതത്തയിലെ ആ കഥാപാത്രത്തിന്റെ മൊട്ടത്തല കണ്ടിട്ടാണ് എന്നെ പൊന്നിയന്‍ സെല്‍വനിലേക്ക് വിളിച്ചത്. അല്ലെങ്കില്‍ ഒരിക്കലും സാറിന്റെ മനസ്സില്‍ അങ്ങനെ വരിക ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു വലിയ വേദിയില്‍ ഇത് പറഞ്ഞ് പിഷാരടിക്ക് സര്‍പ്രൈസ് കൊടുക്കാന്‍ വേണ്ടിയാണ് ഇത്രനാളും ഇക്കാര്യം തുറന്നു പറയാത്തതെന്നും ജയറാം പറയുന്നു.