‘സിനിമയ്ക്ക് ചേരുന്നവരെ കണ്ടെത്തി അഭിനയിപ്പിക്കേണ്ടത് സംവിധായകനാണ്’

ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ എലോണും മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫറും തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘അഭിനേതാക്കളില്‍ നിന്ന് സിനിമയ്ക്ക് ആവശ്യമായ അഭിനയം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കാത്തത് സംവിധായകന്റെ പരാജയം തന്നെയാണെന്നാണ് ജയശ്രീ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഒരു സിനിമയുടെ പൂര്‍ണ ഉത്തരവാദിത്തം സംവിധായകന് തന്നെയാണ്.. കഥയുടെ ലോജിക്കും തിരക്കഥയുടെ കെട്ടുറപ്പും ടെക്‌നീഷ്യന്മാരുടെയും അഭിനേതാക്കളുടെയും തിരഞ്ഞെടുപ്പും മുതല്‍, എല്ലാ കാര്യങ്ങളിലും വേണ്ടത് സംവിധായകന്റെ മിടുക്ക് തന്നെയാണ്. കിരീടവും തന്മാത്രയും തനിയാവര്‍ത്തനവും വടക്കന്‍ വീരഗാഥയും അഭിനയിച്ചവര്‍ക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് ആരും പറയില്ല. അപ്പോള്‍ അവര്‍ മോശമായിട്ടുണ്ടെങ്കില്‍, സിനിമ മോശമായിട്ടുണ്ടെങ്കില്‍, ഒരു സിനിമയെ നല്ലതാക്കാന്‍ വേണ്ട കഥയും തിരക്കഥയും അഭിനേതാക്കളെയും തിരഞ്ഞെടുക്കാന്‍ സാധിക്കാത്ത, തിരഞ്ഞെടുത്ത അഭിനേതാക്കളില്‍ നിന്ന് സിനിമയ്ക്ക് ആവശ്യമായ അഭിനയം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കാത്ത സംവിധായകന്റെ പരാജയം തന്നെയാണ്. സ്വന്തം സിനിമയില്‍ ആരൊക്കെ അഭിനയിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ.. അപ്പോള്‍ സിനിമയ്ക്ക് ചേരുന്നവരെ കണ്ടെത്തി അഭിനയിപ്പിക്കേണ്ടത് സംവിധായകനാണ്.
സത്യത്തില്‍ ഇതൊന്നും പറയേണ്ട ആവശ്യം പോലും ഇല്ലല്ലോ അല്ലേ? കഥ തന്നെ ശരിയല്ലാത്തിടത്ത്, ബാക്കി എന്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍.
NB : എലോണ്‍ 20 മിനിട്ടും ക്രിസ്റ്റഫര്‍ രണ്ടര മണിക്കൂര്‍ കണ്ട ഫ്രസ്‌ട്രേഷനില്‍ എഴുതിപ്പോയത്.

മോഹന്‍ലാലും ഷാജികൈലാസും 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങള്‍ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 30ാമത് ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും – മോഹന്‍ലാലും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു.

ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തിയ ക്രിസ്റ്റഫര്‍ നിര്‍മ്മിച്ചത് ആര്‍.ഡി ഇല്യൂമിനേഷന്‍സ് എല്‍.എല്‍.പി ആണ്. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ്` ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.