കത്തുന്ന വൈക്കോല്‍ ലോറിയില്‍ ഷാജി പാപ്പന്റെ മാസ് എന്‍ട്രി; കോടഞ്ചേരിക്കാരുടെ ഹീറോയെ നേരിട്ട് കാണണമെന്ന് ജയസൂര്യ

കത്തുന്ന വൈക്കോല്‍ ലോറിയില്‍ ഓടിക്കയറി വണ്ടിയെ നിയന്ത്രണത്തിലാക്കി കോടഞ്ചേരിയില്‍ വലിയ ദുരന്തം ഒഴിവാക്കിയ ഷാജി വര്‍ഗീസിനെ അഭിനന്ദിച്ച് നടന്‍ ജയസൂര്യ. ഒരു നാടിനെയാകെ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത് കോടഞ്ചേരിക്കാരുടെ സ്വന്തം ഷാജി പാപ്പനാണ്.…

കത്തുന്ന വൈക്കോല്‍ ലോറിയില്‍ ഓടിക്കയറി വണ്ടിയെ നിയന്ത്രണത്തിലാക്കി കോടഞ്ചേരിയില്‍ വലിയ ദുരന്തം ഒഴിവാക്കിയ ഷാജി വര്‍ഗീസിനെ അഭിനന്ദിച്ച് നടന്‍ ജയസൂര്യ. ഒരു നാടിനെയാകെ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത് കോടഞ്ചേരിക്കാരുടെ സ്വന്തം ഷാജി പാപ്പനാണ്. ആട് സിനിമയിലെ ജയസൂര്യയുടെ നായക കഥാപാത്രവുമായി ഏറെ സാമ്യമുള്ള ഷാജി വര്‍ഗീസിനെ ആ സിനിമയ്ക്കു ശേഷം എല്ലാവരും ഷാജിപാപ്പന്‍ എന്നാണ് വിളിക്കുന്നത്.

ആട് സിനിമയിലെ കഥാപാത്രത്തെ പോലെ കോടഞ്ചേരിയിലെ നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനും പരോപകാരിയും ആയ ഷാജി വര്‍ഗീസ് തീ പിടിച്ച വൈക്കോല്‍ വണ്ടിയില്‍ ചാടിക്കയറി അടുത്തുള്ള മൈതാനത്തിലേക്ക് ലോറിയെ എത്തിച്ച് വണ്ടിയെ വട്ടം കറക്കി കത്തുന്ന വൈക്കോല്‍ കെട്ടുകളെ താഴെയാക്കുകയായിരുന്നു. വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ ജയസൂര്യ ഷാജിയെ വോയിസ് മെസ്സേജിലൂടെ അഭിനന്ദിക്കുകയും ഉടനെ തന്നെ നേരിട്ട് കാണാമെന്നു പറയുകയും ചെയ്തു.

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ജയസൂര്യയുടെ വോയ്‌സ് മെസേജ് കണ്ടപ്പോള്‍ യഥാര്‍ഥത്തില്‍ ഞെട്ടി പോയെന്ന് ഷാജി പറഞ്ഞു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തിലാണപ്പോള്‍. ജയസൂര്യയെ നേരിട്ടു കാണണമെന്നുണ്ട്. ജയസൂര്യയുടെ വോയ്‌സ് മെസേജ് കേട്ട ഭാര്യയും മക്കളും കൂട്ടുകാരുമെല്ലാം വളരെ സന്തോഷത്തിലാണെന്നും ഷാജി വര്‍ഗീസ് പറയുന്നു. ഇദ്ദേഹമിപ്പോള്‍ നാട്ടുകാരുടെ മിന്നല്‍ ഷാജിയുമായിരിക്കുകയാണ്.