ഫിലിംഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ തിളങ്ങി ജയസൂര്യ

സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ മികച്ച നടനുള്ള ക്രിട്ടിക് അവാര്‍ഡ് വാങ്ങാനെത്തി നടന്‍ ജയസൂര്യ. വെള്ളം സിനിമയിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് പുരസ്‌കാരം. മൂന്നാം തവണയാണ് താരത്തിന് ഫിലിംഫെയര്‍ പുരസ്‌കാരം ലഭിക്കുന്നത്. വെള്ളം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നും എല്ലാവരുടെയും പിന്തുണകള്‍ക്ക് നന്ദിയുണ്ടെന്നും ജയസൂര്യ പറഞ്ഞു.

ബെംഗളൂരുവില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകള്‍ക്കാണ് പുരസ്‌കാരം. മികച്ച മലയാള സിനിമയായി തിരഞ്ഞെടുത്തത് അയ്യപ്പനും കോശിയും. പുഷ്പ ദ് റൈസ്, സൂരറൈ പോട്ര് എന്നീ ചിത്രങ്ങള്‍ അവാര്‍ഡ് നിശയില്‍ തിളങ്ങി. ലൈംഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന് സമര്‍പ്പിച്ചു.
അയ്യപ്പനും കോശിയിലെയും പ്രകടനത്തിന് മികച്ച നടനായി (മലയാളം) ബിജു മേനോന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി നിമിഷ സജയന്‍ (ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍). സെന്ന ഹെഗ്ഡെയാണ് (തിങ്കളാഴ്ച നിശ്ചയം) സംവിധായകന്‍. മികച്ച സഹനടനായി ജോജു ജോര്‍ജും (നായാട്ട്) മികച്ച സഹനടിയായി ഗൗരി നന്ദയും (അയ്യപ്പനും കോശിയും) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടന്‍ (ക്രിട്ടിക്സ്)-ജയസൂര്യ (വെള്ളം), മികച്ച നടി (ക്രിട്ടിക്സ്)- കനി കുസൃതി (ബിരിയാണി).

മികച്ച പുതുമുഖ നടന്‍ ദേവ് മോഹന്‍(സൂഫിയും സുജാതയും), മികച്ച പുതുമുഖ നടി അനഘ നാരായണന്‍ (തിങ്കളാഴ്ച നിശ്ചയം), മികച്ച സംഗീത ആല്‍ബം എം. ജയചന്ദ്രന്‍ (സൂഫിയും സുജാതയും), പിന്നണി ഗായകന്‍ ഷഹബാസ് അമന്‍ (വെള്ളം-ആകാശമായവളെ) പിന്നണി ഗായിക കെ.എസ്. ചിത്ര (മാലിക്-തീരമേ), മികച്ച വരികള്‍ റഫീഖ് അഹമ്മദ് (അറിയതറിയാതെ), മികച്ച ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ് (നായാട്ട്).

ജയ് ഭീം ആണ് മികച്ച തമിഴ് സിനിമ. സൂരറൈ പോട്രിലെ പ്രകടനത്തിലൂടെ സൂര്യ മികച്ച നടനായും ജയ് ഭീമിലെ അഭിനയത്തിന് ലിജോ മോള്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായിക സുധ കൊങ്ങര (സൂരറൈ പോട്ര്), മികച്ച സഹനടന്‍ പശുപതി (സര്‍പ്പട്ട പരമ്പരൈ), മികച്ച സഹനടി ഉര്‍വശി (സൂരറൈ പോട്ര്). ആകെ ഏഴ് പുരസ്‌കാരങ്ങാളാണ് സുരറൈ പോട്രിന് ലഭിച്ചത്.

Gargi