‘അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല, പ്രേക്ഷകന്‍ എന്ന രീതിയിലും പൂര്‍ണ തൃപ്തനാണ്’ ജയസൂര്യ

കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ മികച്ച പ്രതികരണം നേടുകയാണ് ജയസൂര്യ നായകനായ ജോണ്‍ ലൂഥര്‍. വ്യക്തിജീവിതത്തിനപ്പുറം തന്റെ കര്‍മ്മമേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒരു പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. ‘ഞാനും ഈ…

കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ മികച്ച പ്രതികരണം നേടുകയാണ് ജയസൂര്യ നായകനായ ജോണ്‍ ലൂഥര്‍. വ്യക്തിജീവിതത്തിനപ്പുറം തന്റെ കര്‍മ്മമേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒരു പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. ‘ഞാനും ഈ ചിത്രം കണ്ടു. അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല, പ്രേക്ഷകന്‍ എന്ന രീതിയിലും ചിത്രത്തില്‍ പൂര്‍ണ തൃപ്തനാണ്. വളരെ വ്യത്യസ്തമായ കഥാപാത്ര സൃഷ്ടിയാണു ജോണ്‍ ലൂഥര്‍. പക്ഷേ, ചിത്രത്തെപ്പറ്റിയുള്ള അന്തിമ അഭിപ്രായം പ്രേക്ഷകരുടേതാണ്. അതിനാല്‍ നടന്റെയോ അണിയറക്കാരുടെയോ അവകാശവാദങ്ങളില്‍ അര്‍ഥമില്ല. ചിത്രം പ്രേക്ഷകര്‍ നന്നായി സ്വീകരിച്ചു എന്നാണു തിയറ്റര്‍ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ജയസൂര്യ മനോരമയോട് പ്രതികരിച്ചു.

‘ജോണ്‍ ലൂഥര്‍ അഭിജിത് ജോസഫിന്റെ കന്നിച്ചിത്രമാണ്. എഡിറ്റര്‍ ആയ അഭിജിത്തിനു സിനിമയുടെ സാങ്കേതികത സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഷോട്ട്, ഷോട്ട് ഡിവിഷന്‍, വിഷ്വല്‍സ്, റിഥം എന്നിവയിലൊക്കെ തികഞ്ഞ കയ്യടക്കവും. റോബി വര്‍ഗീസ് രാജ് എന്ന ഛായാഗ്രാഹകന്‍ കൂടിയെത്തിയതോടെ മികച്ച വിഷ്വല്‍ ട്രീറ്റ് ആയി മാറി ജോണ്‍ ലൂഥറെന്നും ജയസൂര്യ പറയുന്നു.

അതേസമയം വളരെ വ്യത്യസ്തമായ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്കെത്തണമെന്ന് ആഗ്രഹിക്കുന്നയാളാണു ഞാന്‍. നല്ലൊരു ചിത്രമാണെങ്കില്‍, അതില്‍ എനിക്ക് വലുതായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍, അതിനായി എത്ര സമയവും ഇന്‍വെസ്റ്റ് ചെയ്യാനും കഥാപാത്രത്തിനായി എത്ര കഷ്ടപ്പെടാനും മടി കാണിക്കാറില്ല. മികച്ച പ്രോജക്ടുകളാണെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ മതി. ‘കടമറ്റത്ത് കത്തനാര്‍’ എന്ന വലിയൊരു പ്രോജക്ട് ആണ് എനിക്കിനിയുള്ളത്. അതിനായി സംവിധായകന്‍ ആവശ്യപ്പെടുന്ന രീതിയില്‍ ശരീരവും മനസ്സും ഒരുക്കിയെടുക്കേണ്ടതുണ്ട്. അത്തരമൊരു ചിത്രത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമ്പോള്‍ മറ്റെല്ലാം മാറ്റി വയ്ക്കാന്‍ മടിയില്ലാത്ത നടനാണു താനെന്നും ജയസൂര്യ പ്രതികരിച്ചു.

നവാഗതനായ അഭിജിത്ത് ജോസഫ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. കേരളത്തില്‍ 150 സ്‌ക്രീനുകളില്‍ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.