വിവാഹശേഷം പിറന്നാളിന് അമ്മ തിരുപ്പതിയില്‍ പോയിട്ടില്ല!!! അമ്മയ്ക്ക് വേണ്ടി താനിപ്പോള്‍ പോകാറുണ്ടെന്ന് ജാന്‍വി

നാലാണ്ടായി ഇന്ത്യന്‍ സിനിമയുടെ ശ്രീ അണഞ്ഞ് പോയിട്ട്. 2018ല്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ചത്തിയ സംഭവമായിരുന്നു നടി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം. ബാലതാരമായി സിനിമ ജീവിതം ആരംഭിച്ച ശ്രീദേവി അധികം വൈകാതെ ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായി മാറി. വിവാഹ ശേഷം കുടുംബത്തിന് പ്രധാന്യം നല്‍കിയെങ്കിലും സിനിമ പൂര്‍ണ്ണമായി ഉപേക്ഷിച്ചില്ല.

ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു മൂത്തമകള്‍ ജാന്‍വി കപൂറിന്റെ ബോളിവുഡ് അരങ്ങേറ്റം. ജാന്‍വിയുടെ ആദ്യ സിനിമാ പുറത്തിറങ്ങും മുന്‍പാണ് ശ്രീദേവി യാത്രയായത്.

അമ്മയെ കുറിച്ച് എപ്പോഴും ജാന്‍വി സോഷ്യല്‍ ലോകത്ത് പങ്കുവയ്ക്കാറുണ്ട്. തിരുപ്പതി വെങ്കടേശ്വര ഭക്തയായിരുന്നു ശ്രീദേവി. വിവാഹത്തിന് മുന്‍പ് വരെ എല്ലാ പിറന്നാളിനും നടി തിരുപ്പതി ദര്‍ശനം നടത്തിയിരുന്നു. വിവാഹശേഷം ആ പതിവ് മുടങ്ങിയിരുന്നു.

എന്നാലിപ്പോള്‍ അമ്മയുടെ എല്ലാ പിറന്നാളിനും താന്‍ തിരുപ്പതി ക്ഷേത്രദര്‍ശനം നടത്താറുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ജാന്‍വി. അത് തന്റെ ഉള്ളില്‍ നിന്നുണ്ടായ തോന്നാലാണെന്നും താരം പറയുന്നു.

മാത്രമല്ല, തന്റെ എല്ലാ ചിത്രങ്ങളുടേയും തിരക്കഥ തിരുപ്പതിയിലേക്ക് കൊണ്ടു പോകാറുണ്ടെന്നും ജാന്‍വി പറയുന്നു. തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വി അമ്മയെ കുറിച്ച് പറയുന്നത്.

Anu B