സ്ത്രീകളുടെ ബാങ്കിങ്ങ് കരിയറിനെ കുറിച്ച് വളരെ തെറ്റിദ്ധാരണ നിറഞ്ഞ കാര്യങ്ങളാണ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

സ്ത്രീകളുടെ ബാങ്കിങ്ങ് കരിയറിനെ കുറിച്ച് വളരെ തെറ്റിദ്ധാരണ നിറഞ്ഞ കാര്യങ്ങളാണ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത്!

jithin jacob fb post

സ്ത്രീകളുടെ ബാങ്കിങ്ങ് കരിയറിനെ കുറിച്ച് വളരെ തെറ്റിദ്ധാരണ നിറഞ്ഞ കാര്യങ്ങളാണ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത് എന്ന് കഴിഞ്ഞ ദിവസം ഒരു ദേശസാൽകൃത ബാങ്കിലെ ലേഡി മാനേജർ ബ്രാഞ്ചിൽ ആത്മഹത്യാ ചെയ്ത സംഭവത്തെ തുടർന്നുണ്ടായ ചർച്ചകൾ കണ്ടപ്പോൾ മനസിലായി. ആ സംഭവത്തെ കുറിച്ച് പൂർണമായി അറിയാത്തത് കൊണ്ട് അഭിപ്രായം പറയുന്നില്ല. പക്ഷെ അറിഞ്ഞത് വെച്ച് ആ മാനേജർ ഒരു പ്രൊഫഷണൽ ബാങ്കർ ആയിരുന്നു എന്നാണ്. ഇന്ത്യയിലെ ബാങ്കിങ്ങ് സെക്ടറിൽ ലക്ഷക്കണക്കിന് വനിതകൾ ജോലി ചെയ്യുന്നുണ്ട്. ദേശസാൽകൃത ബാങ്കുകളിലും, സ്വകാര്യ ബാങ്കിലും ജോലി ചെയ്തതിന്റെ അടിസ്ഥാനത്തിൽ എനിക്ക് പറയുവാൻ കഴിയും ഏറ്റവും കാര്യക്ഷമമായും, പ്രൊഫഷണൽ ആയും ജോലി ചെയ്യുന്നതിൽ ഭൂരിഭാഗവും ലേഡി ഓഫീസേർസ് ആണെന്ന്. അതിപ്പോൾ ഏറ്റവും താഴത്തെ ലെവൽ ആയ ക്ലറിക്കൽ കേഡർ മുതൽ എക്സിക്യൂട്ടീവ് പൊസിഷനിൽ വരെ അങ്ങനെയാണ്. ശരിക്കും അവർ Unsung heroines തന്നെയാണ്. സീനിയർ പൊസിഷനിലും നമ്മുടെ അതെ കേഡറിലും തന്നെയുമുള്ള ചില ലേഡി ഓഫീസേർസിന്റെ ബാങ്കിങ്ങ് ബിസിനസ് പെർഫോമൻസ് അല്ലെങ്കിൽ മാനേജീരിയൽ സ്കിൽ കാണുമ്പോൾ ഒത്തിരി ബഹുമാനം തോന്നിയിട്ടുണ്ട്. സീനിയർ ആയത് കൊണ്ട് മുഖത്ത് വിനയം വാരി വിതറി കാണിക്കുന്ന ബഹുമാനം അല്ല അത്. ഏറ്റവും എടുത്തുപറയേണ്ട കാര്യം ഇവരെല്ലാം മൾട്ടി ടാലന്റഡ് ആണ് എന്നതാണ്. കുടുംബജീവിതവും ഒഫീഷ്യൽ ജീവിതവും ഒരുമിച്ചു കൊണ്ടുപോകുക എന്നത് വളരെ ചലഞ്ചിങ് ആണ് ഇന്നത്തെ മാറിയ ബാങ്കിങ് പ്രൊഫഷനിൽ. രാവിലെ 10 മണിക്ക് ഓഫീസിൽ എത്തി വൈകിട്ട് 5 മണിക്ക് വീട്ടിൽ പോകാൻ കഴിയുന്ന ജോലിയല്ല ബാങ്കിലേത്. ലേഡി സ്റ്റാഫ് ആയത് കൊണ്ട് നേരത്തെ വീട്ടിൽ പോകാനൊന്നും പറ്റില്ല. ജോലിക്കിടയിൽ കുഞ്ഞുങ്ങൾക്ക് ഫീഡിങ്ങ് നല്കാൻ വീട്ടിലേക്കും അല്ലെങ്കിൽ ഡേ കെയർ സെന്ററിലേക്കും പോകുന്ന എത്രയോ പേർ. ഒരിക്കലും ഇവർക്ക് കൃത്യസമയത്ത് വീട്ടിൽ തിരിച്ചെത്തുവാൻ കഴിയാറില്ല. ഓഫീസിലെ തിരക്ക് പിടിച്ച ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയാലോ, കടുംബത്തിന്റെ കാര്യം നോക്കണം. ഓഫീസിൽ ഓഫീസറും, മാനേജരും, സീനിയർ മാനേജരും, ചീഫ് മാനേജരും ഒക്കെയായിരിക്കും പക്ഷെ വീട്ടിൽ ഭാര്യയും, അമ്മയും, മകളും, മരുമകളും ഒക്കെയാണ് എന്നത് മറ്റാരെക്കാളും അവർക്ക് തന്നെയറിയാം, അതിന്റെ ഉത്തരവാദിത്തങ്ങളും അവർ ഏറ്റെടുക്കും.

ഭർത്താവ് ഒരേ പ്രൊഫഷനിൽ അല്ലെങ്കിൽ വീണ്ടും വലിയ ബുദ്ധിമുട്ടാണ്. ബാങ്കിലെ ജോലിയുടെ കാര്യമോ, ജോലിയുടെ പ്രഷറോ ഒന്നും അവർക്ക് മനസിലാകില്ല. വൈകിവരുന്നതും നേരത്തെ പോകുന്നതും ഒക്കെ വലിയ പ്രശ്നമാകും. ബാങ്കിലെന്താ, കറങ്ങുന്ന കസേരയിൽ എ സി ക്യാബിനിൽ ഇരുന്നുള്ള ജോലി അല്ലേ എന്ന വീട്ടുകാരുടെ ചോദ്യമൊക്കെ കേട്ട് മറുപടി പറയാതെ ഒരു ചിരി മാത്രം മുഖത്ത് വരുത്തി അവഗണിക്കാനെ കഴിയൂ. ഒരു ദിവസം ലീവ് എടുക്കണം എങ്കിൽ പോലും ലീവ് എടുക്കുന്ന ദിവസത്തെ പണികൂടി തീർക്കണം. ഇനി ലീവ് എടുത്താലോ, ഫുൾ ടൈം ഫോണിലായിരിക്കും. കസ്റ്റമേഴ്സ് വിളിക്കുന്ന കോളുകൾക്ക് മറുപടി കൊടുക്കാതിരിക്കാൻ കഴിയില്ല. NRI കസ്റ്റമർസ് ഒക്കെ വിളിക്കുക രാത്രി വൈകിയൊക്കെ ആയിരിക്കും. അതെല്ലാം അറ്റൻഡ് ചെയ്യണം, ഇല്ലെങ്കിൽ നൂറ് കംപ്ലയിന്റ് ചെയ്യും പഹയന്മാർ. അതുകൂടാതെ ഫോൺ വിളിക്കുന്ന ചില ഞരമ്പന്മാരെയും മാനേജ് ചെയ്യണം. രണ്ടും നാലും ശനിയാഴ്ചകളിൽ അവധിയാണ്. പക്ഷെ ഇപ്പോൾ മിക്ക ബാങ്കുകളിലും രണ്ടാം ശനിയാഴ്ച ലോൺ മേള, നാലാം ശനിയാഴ്ച റിക്കവറി മേള എന്നിങ്ങനെ പ്രവർത്തി ദിവസങ്ങൾ ആയിരിക്കും. ഓഡിറ്റിംഗ് ഒക്കെ ചിലപ്പോൾ പാതിരാത്രി വരെ നീളാം, അതെല്ലാം നേരിട്ടെ പറ്റൂ. അവധി ദിവസം എന്തിനാണ് ഓഫീസിൽ പോകുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാലും വീട്ടുകാർക്ക് തൃപ്തി വരില്ല. ബാങ്കുകളിൽ ആണെങ്കിൽ ഇപ്പോൾ ഡെപ്പോസിറ്റ് സ്വീകരിക്കലും, വായ്പ കൊടുക്കലും മാത്രമല്ല, ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട്, PPF, ബോണ്ട്, ഡീമാറ്റ്, എന്ന് തുടങ്ങി എല്ലാ ചപ്പ് ചവറ് കച്ചവടവും ഉണ്ട്. എല്ലാത്തിനും ടാര്ഗെറ്റും ഉണ്ട്. എല്ലാ ദിവസവും ഏതെങ്കിലും പ്രോഡക്റ്റ് വിൽക്കാൻ വേണ്ടി സ്പെഷ്യൽ മേളകളാണ്. അതുകൂടാതെ കസ്റ്റമേഴ്സിന്റെ ചീത്തവിളി, മേലധികാരികളുടെ ചീത്തവിളി എല്ലാം കേൾക്കണം. ടോയ്‌ലെറ്റിൽ വെള്ളം തീർന്നാലും അത് മാനേജർ വേണം നോക്കാൻ. അതാണ് അവസ്ഥ. ഇതൊക്കെ ആണെങ്കിലും ഒരു അവധി ദിവസം വീട്ടിൽ അൽപ്പം കൂടുതൽ നേരം ഉറങ്ങി പോയാലോ, അവിടെയും കുറ്റമാണ്. ചില കുടുംബങ്ങളിൽ കിട്ടുന്ന ശമ്പളത്തിന്റെയും, ചെലവിന്റെയും കണക്ക് വരെ ബോധിപ്പിക്കണം, അതായത് എല്ലാവരെയും മാനേജ് ചെയ്യണം. ശരിക്കും ഒരു ഞാണിന്മേൽ കളിയാണ്. കൃത്യസമയത്ത് ഭക്ഷണം എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. ഇപ്പോഴാണെങ്കിൽ അറ്റന്റൻസ് എല്ലാം ബയോമെട്രിക് മുഖേനെയാണ്. അൽപ്പം താമസിച്ചാൽ പോലും ലീവ് മാർക്ക് ആകും. RBI യുടെ പുതിയ നിയമ പ്രകാരം ഒരു ബ്രാഞ്ചിൽ 3 വർഷത്തിൽ കൂടുതൽ ജോലി ചെയ്യാൻ കഴിയില്ല, അതുപോലെ ഒരു റീജിയനിൽ 10 കൊല്ലവും. സ്വാഭാവികമായും ദൂരസ്ഥലങ്ങളിലേക്ക് ട്രാൻസ്ഫെർ കിട്ടും, പോയെ പറ്റൂ. കേരളത്തിൽ നിന്ന് ഹൈദരാബാദ്, ചെന്നൈ, കൊൽക്കട്ട , ഭോപ്പാൽ ഒക്കെ പോസ്റ്റിങ്ങ് കിട്ടിയ നിരവധി ലേഡി ഓഫീസർസ് ഉണ്ട്. പലർക്കും കടുംബത്തെ കൂടെ കൊണ്ടുപോകാൻ കഴിയാറില്ല. എന്റെ ഒരു സഹപാഠി ഇപ്പോൾ ചെന്നൈയിൽ ഒരു ദേശസാൽകൃത ബാങ്കിലാണ് ജോലി. രണ്ട് വയസുള്ള ഒരു കുഞ്ഞുണ്ട്, പക്ഷെ കുഞ്ഞിനെ നാട്ടിൽ നിർത്തിയിട്ടാണ് ചെന്നൈയിൽ ജോലി ചെയ്യുന്നത്. രണ്ടാഴ്ച കൂടുമ്പോൾ നാട്ടിൽ വന്നു പോകും. ബാങ്കുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ച് കടുംബജീവിതവും, കരിയറും ബാലൻസ് ചെയ്തു കൊണ്ടുപോകാൻ വലിയ പാടാണ്. Highly skilled ആയിട്ടുള്ള നിരവധി ലേഡി ഓഫീസേഴ്സ് കരിയർ ആഗ്രഹങ്ങൾ വേണ്ടെന്ന് വെക്കുന്നത് കുടുംബജീവിതത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് കൊണ്ടാണ്.

നമ്മുടെ സമൂഹം ഇപ്പോഴും അങ്ങനെ ആണല്ലോ, കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്വം മുഴുവൻ സ്ത്രീകളുടെ ചുമലിലാണ്. ഞാനുൾപ്പെടെ ജോലി കഴിഞ്ഞു വന്നാൽ കുറച്ചു നേരം TV കാണാൻ ഇരിക്കും പക്ഷെ എന്നേക്കാൾ താമസിച്ചു വരുന്ന ബാങ്കിൽ തന്നെ ജോലി ചെയ്യുന്ന എന്റെ ഭാര്യ നേരെ പോകുന്നത് അടുക്കളയിലേക്കാണ്. പ്രൊമോഷൻ ടൈം ആകുമ്പോൾ മിക്കവരും അത് വേണ്ടെന്ന് വെക്കും. കഴിവില്ലാഞ്ഞിട്ടോ, പെർഫോം ചെയ്യാൻ പറ്റില്ല എന്ന ഭയം കൊണ്ടോ അല്ല, മറിച്ച് ട്രാൻസ്ഫെർ ഉണ്ടാകും, കൂടുതൽ റെസ്പോണ്സിബിലിറ്റി ആയാൽ ഓഫീസിൽ നിന്ന് ഇറങ്ങാൻ ലേറ്റ് ആകും. ദൂരെ സ്ഥലങ്ങളിൽ ആണ് പോസ്റ്റിങ്ങ് എങ്കിൽ കുട്ടികളുടെ പഠനം, ഭർത്താവിന്റെ കാര്യം ഇതൊക്കെയാണ് അവരെ പിന്തിരിപ്പിക്കുന്നത്. ഇതൊക്കെ വായിക്കുമ്പോൾ ചോദിക്കും എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് പിന്നെ ഈ ജോലി ചെയ്യുന്നത് എന്ന്? പലർക്കും പല കാരണങ്ങൾ ഉണ്ട്. ഒന്ന് വർഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച് ഓൾ ഇന്ത്യ ടെസ്റ്റ് എഴുതി, ഗ്രൂപ്പ് ഡിസ്‌കഷനും, ഇന്റർവ്യൂവും എല്ലാം കടന്ന് കിട്ടിയ ജോലിയാണ്, അത് കളയാൻ പറ്റില്ല. രണ്ടാമത് പ്രഷർ ഒക്കെ മാനേജ് ചെയ്യാൻ കഴിയുന്ന ഒരു കാലം വന്നാൽ പിന്നെ ഇതൊരു പാഷൻ ആയി കൊണ്ട് നടക്കാം. ഇതിനേക്കാൾ ഉപരി ജോലി ഉണ്ടെങ്കിൽ ഒരു individuality ഉണ്ടാകും. അത് ജീവിതത്തിൽ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സ്വന്തം ആവശ്യങ്ങൾക്കായി ആരുടേയും മുന്നിൽ കൈ നീട്ടേണ്ട. ജോലി രാജിവെച്ച പലരും പിന്നീട് regret ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. കുറച്ചുനാൾ മുമ്പ് അസിസ്റ്റന്റ് മാനേജർ ആയി റിട്ടയർ ആയ ഒരു മാഡത്തിന്റെ retirement function ന് പോയി. മാഡത്തിന് കുടുംബപരമായി കോടിക്കണക്കിനു രൂപയുടെ ആസ്തിയുണ്ട്. ഭർത്താവ് കേന്ദ്ര സർക്കാർ സർവീസിൽ ഉയർന്ന ഉദ്യോഗസ്ഥൻ ആയിരുന്നു. മക്കളുടെ വിദ്യാഭ്യാസവും, ഭർത്താവിന്റെ ജോലിയും ഒക്കെ ഉള്ളത് കൊണ്ട് പ്രൊമോഷൻ ഒന്നും മാഡം പോയിരുന്നില്ല. പക്ഷെ മാഡം അന്ന് പറഞ്ഞ ഒരു വാക്കുണ്ട്, എനിക്ക് ഒരു ജോലി ഉണ്ടായിരുന്നത് കൊണ്ട് ഒരു individuality ഉണ്ടായിരുന്നു, ആരുടെയും മുന്നിൽ ഒന്നും ചോദിക്കേണ്ടി വന്നിട്ടില്ല. ഇതെഴുതിക്കഴിയുമ്പോൾ സമയം 8.30 ആയി. ഞങ്ങളുടെ neighbor SBI യിലെ ചീഫ് മാനേജർ ആണ്. മാഡം ജോലി കഴിഞ്ഞ് എത്തുന്നതെ ഉള്ളൂ. ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളുടെയും, ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളുടെയും, ഇൻഷുറൻസ് കമ്പനികളുടെയും തലപ്പത്ത് എല്ലാം വനിതകൾ ഇരുന്നപ്പോഴാണ് കൂടുതൽ പ്രവർത്തന ഫലം ഉണ്ടായിട്ടുള്ളത്. നമ്മൾ സ്ത്രീശാക്തീകരണം എന്നൊക്കെ കവലപ്രസംഗം നടത്തും, അമ്പത് പേജ് ലേഖനം എഴുതും പക്ഷെ അതിനുവേണ്ടി യഥാർത്ഥത്തിൽ വേണ്ടത് ചെയ്യില്ല. ശരിക്കും കൂടുതൽ ഒന്നും ചെയ്യേണ്ട, അവർക്ക് ഏറ്റവും വേണ്ടത് കുടുംബത്തിന്റെ പിന്തുണയാണ്. അത് നൽകുന്ന ആത്മവിശ്വാസത്തിന്റെ അത്ര വേറൊന്നിനും നല്കാൻ കഴിയില്ല. കൂടുതൽ ഉയരങ്ങളിലേക്ക് പോകുംതോറും കുടുംബത്തിന് തന്നെയാണ് അതിന്റെ നേട്ടവും, അഭിമാനവും എന്ന് നമ്മളും ഓർക്കുക…

Trending

To Top
Don`t copy text!