സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ ഇത്തരം ആളുകൾക്ക് അതെ സോഷ്യൽ മീഡിയ വഴി തന്നെയാണ് കസ്റ്റമേഴ്സിനെ ലഭിക്കുന്നതും

ഇപ്പോഴത്തെ സമൂഹം എന്ത് കൊണ്ട് മയക്ക് മരുന്ന് കച്ചവടത്തിലേക്ക് തിരിയുന്നു എന്ന് തുറന്നു പറയുകയാണ് ജോമോൾ ജോസഫ്, ജോമോളിന്റെ, ജോമോൾ ജോസഫ് പറയുന്നത് ഇങ്ങനെ, പുരോഗമനവാദമോ പാരലൽ പൊളിറ്റിക്‌സോ മുന്നോട്ടു വെക്കുന്ന പലരും പല സൗഹൃദ കൂട്ടായ്മയുടെയും ഭാഗമാകാറുണ്ട്. ആ കൂട്ടായ്മകളുടെ ഭാഗമായി പലപ്പോളും ഗെറ്റ്ടുഗെദറുകളും, മീറ്റപ്പുകളും, യാത്രകളും ഒക്കെ ഉണ്ടാകാറുണ്ട്. ഇതിലെല്ലാം ആൺ പെൺ ട്രാൻസ് വ്യത്യാസങ്ങൾക്ക് അതീതമായി ആളുകൾ കൂടുകയും ചെയ്യും. ആട്ടവും പാട്ടും ഭക്ഷണവും ഒക്കെയായി ആഘോഷത്തിമിർപ്പുകളുടെ നിമിഷങ്ങളാകും ഈ കൂട്ടായ്മകൾ. ഇതിനെല്ലാം നിശ്ചിത തുക ചിലവിലേക്ക് നൽകുകയോ ചെറിയ കൂടിച്ചേരലുകളിൽ പങ്കെടുക്കുന്നവർ ഷെയർ ഇടുകയോ ഒക്കെ വേണം.

എന്നാൽ സ്ഥിരമായി കൂടിച്ചേരലുകൾ സ്പോൺസർ ചെയ്തു നടത്തുന്നവരും ഉണ്ട്. ഇങ്ങനെ നടക്കുന്ന സകല പരിപാടികളിലും പങ്കെടുക്കാൻ ഒരാൾ തീരുമാനിച്ചു കഴിഞ്ഞാൽ അവർക്ക് ജോലിക്കു പോകാൻ സമയം ലഭിക്കില്ല. കാരണം മിക്ക ദിവസങ്ങളിലും കൂടിച്ചേരലുകൾ പ്ലാൻ ചെയ്യാൻ പലരും മുന്നോട്ട് വരും. അങ്ങനെ വരുമ്പോൾ ജോലിയോ വരുമാനമോ ഇല്ലാതെ എത്രനാൾ മുന്നോട്ട് പോകാനാകും? ജോലി ആയാലും വരുമാന മാർഗ്ഗം ആയാലും അതിനൊരു നിശ്ചിത രീതിയുണ്ട്. മാസത്തിൽ മിക്ക ദിവസവും നമ്മൾ ജോലിക്കു പോകുകയോ വരുമാനം വരുന്ന സ്രോതസ്സുകളിൽ നിരന്തരമായ ഇടപെടലുകൾ നടത്തുകയോ ഒക്കെ വേണം. അല്ലാത്ത പക്ഷം ജോലിയിൽ നിന്ന് പുറത്താക്കപ്പെടുകയോ വരുമാന മാർഗ്ഗം ഇല്ലാതാകുകയോ ഒക്കെ ചെയ്യും. രാത്രി വൈകിയും നീളുന്ന ആഘോഷതിമിർപ്പുകളിൽ ഉല്ലസിച്ച ഒരാൾക്ക് പിറ്റേന്ന് ജോലിക്ക് പോകുക അസാധ്യം.

8-5, 10-5 ഇങ്ങനെയുള്ള ടൈം ഷെഡ്യൂളുകൾ തന്നെയാണ് നമ്മുടെ നാട്ടിൽ മിക്ക ജോലികൾക്കും നിലവിലുള്ളത്. എത്തിക്കൽ ബിസിനസ്സോ ജോലിയോ ചെയ്യുന്നവരുടെ വരുമാനം പരിമിതമായിരിക്കും. അവരുടെ ജീവിതം ഒരുവിധം മുന്നോട്ട് പോകാനുള്ള വരുമാനം മാത്രമേ എത്തിക്കൽ ബിസിനസ്സോ ജോലിയോ വഴി ലഭിക്കൂ. ഇത്തരം ജോലികളിൽ നിന്നോ ബിസിനസ്സിൽ നിന്നോ പെട്ടന്ന് പണക്കാരനാകാനും സാധിക്കില്ല. long ടൈം കൊണ്ട് മാത്രമേ സമ്പാദ്യം സൊരുക്കൂട്ടാൻ എത്തിക്കൽ ജോബോ എത്തിക്കൽ ബിസിനസ്സോ കൊണ്ട് കഴിയൂ.. എനിക്ക് പരിചയമുള്ള ഒരു കുടുംബമുണ്ട്, അവർ പ്രിന്റിങ് പ്രസ്സും, ഹോട്ടൽ ബിസിനസ്സും, ഹോസ്റ്റൽ നടത്തിപ്പും ഒക്കെയായി ആക്റ്റീവ് ആയി ബിസിനസ് നടത്തി നല്ല നിലയിൽ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു.

അവർ പതിയെ പുരോഗമന പാരലൽ പൊളിറ്റിക്സിന്റെ ഭാഗമായി മാറി. വളരെ കുറഞ്ഞ നാളുകൾ കൊണ്ട് പല പല കൂട്ടായ്മളിൽ അവർ അംഗങ്ങളായി മാറി. മലബാറുകാരായ അവർ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കൂട്ടായ്മകളിൽ നിരന്തര സാന്നിധ്യമായി. ഒരു കൂട്ടായ്മയിൽ നിന്നും അടുത്ത കൂട്ടായ്മയിലേക്ക് അവർ കാറോടിചെത്തിക്കൊണ്ടേയിരുന്നു. തുടക്കത്തിൽ വീക്കെന്റുകൾ ഇത്തരം കൂട്ടായ്മകളിലേക്ക് പോയിരുന്നവർ പന്നീട് ആഴ്ചകൾ കൂടുമ്പോൾ വീട്ടിലെത്തുന്ന അവസ്ഥയായി. വീട്ടിലേക്ക് തിരികെ പോകലോ അവരുടെ എസ്റ്റാബ്ലിഷ്ഡ് ബിസിനസ്സിലെ ഇടപെടലുകളോ കുറഞ്ഞു വന്നു. കുറച്ചുകാലത്തിനുള്ളിൽ അവർ എറണാകുളത്തേക്ക് താമസം മാറി. പിന്നെ ആഘോഷജീവിതം അതിന്റെ മൂർദ്ധന്യതയിലെത്തി. സെലിബ്രിറ്റികൾ അവരുടെ വീട്ടിലെ നിത്യ സന്ദർശക്കാരായി മാറി. ബിസിനസ്സിൽ നിന്നുള്ള വരുമാനം കുറഞ്ഞുവന്നു. കയ്യിലെ സമ്പാദ്യം മുഴുവനും തീർന്നു. പതിയെ പതിയെ ബുസിനസ്സുകൾ ഓരോന്നായി പൂട്ടി.

വരുമാനമേ ഇല്ലാത്ത അവസ്ഥയിലെത്തിപ്പെട്ടു അവർ. ആഘോഷ ജീവിതത്തിന്റെ ഭാഗമായി ലഹരി ശീലിച്ചവർ, പിന്നെ നിരോധിത ലഹരി വസ്തുക്കളുടെ വില്പനക്കാരായി മാറി. അവരെ പോലീസ് ടാർജറ്റ് ചെയ്യാൻ തുടങ്ങി. ഒരുതവണ റെയിഡ് നടന്നപ്പോൾ തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിൽ അടുത്ത തവണ വളരെ ചെറിയ ക്വാണ്ടിറ്റി അവരിൽ നിന്നും കണ്ടെടുത്തു. പിടിച്ചെടുത്ത ലഹരി വസ്തുവിന്റെ അളവ് തീരെ ചെറുതായതിനാൽ ഫൈൻ അടച്ച് കേസിൽ നിന്നും ഒഴിവായി എന്നറിഞ്ഞു. ഇപ്പോളവർ കൊച്ചി വിട്ട് തിരികെ മലബാറിലേക്ക് പൊന്നു. ആഘോഷ ജീവിതത്തിന് വിരാമം. ഇത് തന്നെയാണ് പല ചെറുപ്പക്കാരുടെയും ചെറുപ്പക്കാരികളുടെയും രീതി. ജോലിക്ക് പോകില്ല, ബിസിനസ് ചെയ്യില്ല, വരുമാനം ലഭിക്കുന്ന യാതൊരു എത്തിക്കൽ മാർഗ്ഗവും അവരുടെ പക്കലില്ല. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ ജീവിത ചെലവ് വളരെ കൂടിയ നഗരങ്ങളിൽ ഇവർ സംഘങ്ങളായി താമസിക്കും. മിക്ക കൂട്ടായ്മകളിലും ഇവർ നിത്യ സാന്നിധ്യമായിരിക്കും. ഇടയ്ക്കിടെ യാത്രകൾ പോകും, ഗോവക്കോ മണാലിക്കോ, കാശ്മീരിനോ ഒക്കെ ആഴ്ചകൾ നീളുന്ന യാത്രകൾ.

നഗരങ്ങളിലെ ഫ്ലാറ്റ്/വീട് എന്നിവയുടെ ഉയർന്ന വാടക ഇവർക്കൊരു ബാധ്യതയാകാറില്ല, വീട്ടിൽ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന രീതിയും അവർക്കില്ല, സ്വിഗ്ഗിയിലോ സോമറ്റോയിലോ ഓർഡർ ചെയ്തു മൂന്നിന് പകരം അഞ്ചോ ആറോ നേരം ഫുഡ് വീട്ടിലെത്തിച്ചു കഴിക്കും. അതിനും പണം ഒരു തടസ്സമല്ല. ആഴ്ചകൾ നീളുന്ന യാത്രകൾ പോകാനും ഇവർക്ക് പണത്തിനു ബുദ്ധിമുട്ടില്ല. പുതിയ പുതിയ വസ്ത്രങ്ങൾ എല്ലാ ആഴ്ചകളിലും വാങ്ങാനും പണം തടസ്സമില്ല. ഈ ആർഭാട ജീവിതത്തിനുള്ള പണം ഇവരുടെ കൈകളിൽ എങ്ങനെ എത്തുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇവിടെയാണ് വീര്യം കൂടിയ നിരോധിത ലഹരി വസ്തുക്കളുടെ വിപണത്തിന്റെ സാധ്യതകൾ ഇവരുടെ മുന്നിലേക്ക് എത്തിച്ചേരുന്നത്.

ചെറിയൊരു പൊതി കഞ്ചാവ് (മിനിമം ക്വാണ്ടിറ്റി) വിൽപ്പന നടത്തിയാൽ 200 മുതൽ 500 രൂപ വരെ ഇവർക്ക് ലഭിക്കും. മിനിമം ക്വാണ്ടിറ്റി ഹാഷ് ഓയിൽ വിൽപ്പന നടത്തിയാൽ ഇവർക്ക് 1000 മുതൽ 2000 രൂപ വരെ ലഭിക്കും. MDMA തുടങ്ങിയ വീര്യം കൂടിയ ഐറ്റംസ് ആകുമ്പോൾ വരുമാനം ഇനിയും കൂടും. അതായത് ദിവസം 1000 രൂപ സമ്പാദിക്കുക എന്നത് ഇത്തരക്കാർക്ക് ഈസി ടാർഗറ്റ് മാത്രമാണ്. സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ ഇത്തരം ആളുകൾക്ക് അതെ സോഷ്യൽ മീഡിയ വഴി തന്നെയാണ് കസ്റ്റമേഴ്സിനെ ലഭിക്കുന്നതും. ഇത്തരക്കാർ സോഷ്യൽ മീഡിയ സെലിബ്രിറ്റികളുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കും. ഇത്തരം സെലിബ്രിറ്റികൾ തന്നെയാകും പലപ്പോളും ഇവരെ പുതിയ ബിസിനസ്സിലേക്ക് ആകർഷിക്കുന്നത് തന്നെ. ഇത്തരം ആളുകളാൽ ഹൈജാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു പുരോഗന സ്പേസുകൾ മിക്കതും..

Devika Rahul