കുറ്റബോധങ്ങളില്ലാത്ത സുഖങ്ങൾക്ക് എന്തൊരു സുഖമാണ്, ആൺകുട്ടികൾക്ക് മാത്രം ലഭിക്കുന്ന അത്തരം ഒരു സുഖമുണ്ട് – ജോസഫ് അന്നംകുട്ടി ജോസ്

റേഡിയോ ജോക്കിയായി  ആസ്വാദകരുടെ ഹൃദയം കീഴടക്കിയ വ്യക്തിയാണ് ജോസഫ് അന്നംകുട്ടി ജോസ്, സോഷ്യൽ മീഡിയയിൽ ജോസഫ് അന്നംകുട്ടി ജോസ് വളരെ സജീവമാണ്, സ്വന്തം സംസാരം കൊണ്ടാണ്  താരം കൂടുതൽ പ്രശസ്തനായത് . സംസാരം കൊണ്ട്…

റേഡിയോ ജോക്കിയായി  ആസ്വാദകരുടെ ഹൃദയം കീഴടക്കിയ വ്യക്തിയാണ് ജോസഫ് അന്നംകുട്ടി ജോസ്, സോഷ്യൽ മീഡിയയിൽ ജോസഫ് അന്നംകുട്ടി ജോസ് വളരെ സജീവമാണ്, സ്വന്തം സംസാരം കൊണ്ടാണ്  താരം കൂടുതൽ പ്രശസ്തനായത് . സംസാരം കൊണ്ട് ഏതൊരാളുടെയും വിഷമത്തെയും സങ്കടത്തെയും മാറ്റുവാൻ ജോസഫ് അന്നക്കുട്ടിക്ക്  സാധിക്കാറുണ്ട്, നിരവധി അർധകരാണ് താരത്തിന് ഉള്ളത്, അന്നംക്കുട്ടിയുടെ വീഡിയോ മിക്കപ്പോഴും ഏറെ വൈറലാകാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എല്ലാം ഏറെ ചർച്ചചെയ്യപ്പെടാറുണ്ട്. ഇപ്പോൾ താരത്തിന്റെ അത്തരം ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഇതെന്താണ് കഥ എന്നറിയാത്ത രീതിയിലാണ് എല്ലാവരും വായിച്ച് തുടങ്ങുന്നത്. എന്നാൽ വായിച്ചു കഴിയുമ്പോൾ ആണ് പോസ്റ്റിലെ തമാശ എന്താണെന്ന് ആരാധകർ മനസ്സിലാക്കിയത്.പോസ്റ്റ് ഇങ്ങനെ
കുറ്റബോധങ്ങളില്ലാത്ത ആൺ സുഖങ്ങൾ !ട്രിമ്മറിന്റെ ചുണ്ടുകൾ കഴുത്തിന് പുറകിൽ നിന്നും മുകളിലോട്ട് പതിയെ പതിയെ ഇരച്ചു കയറുമ്പോൾ ശരീരത്തിന് ഭാരമില്ലാതാകുന്നപോലെ അനുഭവപ്പെടും. ഇനി ആ ചുണ്ടുകൾ നീങ്ങുന്നത് ചെവിയുടെ പുറം ഭാഗത്തേക്കാണ്, അപ്പോൾ ട്രിമ്മറിന്റെ ‘ശ്വാസം’ ചെവിയിൽ എന്തോ സ്വകാര്യം പറയുന്നപോലെ തോന്നും,കണ്ണിലും ചെവിക്കുള്ളിലും മെല്ലെ ചൂട് കയറും. തലയിലൂടെയുള്ള ‘ട്രിമ്മർ ചുണ്ടുകളുടെ’ ഇഴച്ചിൽ നിർത്തല്ലേ എന്ന് നാം ആഗ്രഹിക്കുമ്പോഴായിരിക്കും കത്രികയുടെയും ചീപ്പിന്റെയും വരവ്.

ചീപ്പിനെ വെറുതെയല്ല ‘ചീപ്പെന്ന്’ വിളിക്കുന്നത് എന്ന് തോന്നിപ്പിക്കുമാറ് അവന്റെ കൂർത്തപല്ലുകൾ മുടിയെ വലിക്കാനും, ഉയർത്താനും, തലയോട്ടിയെ ചെറുതായി വേദനിപ്പിക്കാനും തുടങ്ങും. കത്രിക മുടിയെ അറുത്ത് കളയുന്നത് ‘ചിക് ചിക്’ ശബ്ദത്തോടെ തലയ്ക്ക് മുകളിലും ചുറ്റുമായി നമുക്ക് കേൾക്കാൻ സാധിക്കും. തലയിൽ തലോടുന്ന ലാഘവത്തോടെ ട്രിമ്മർ ചെയ്തത്, കഴുത്തറക്കുന്ന പോലെയായിരുന്നു കത്രിക ചെയ്തത്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നുറപ്പോടെ ട്രിമ്മർ നമ്മളെ നോക്കിക്കൊണ്ട് ജീവനറ്റ് ടേബിളിൽ അങ്ങനെ കിടക്കുന്നുണ്ടാകും
മുടിവെട്ട് നൽകിയ സുഖങ്ങൾ ഏതാണ്ട് അസ്തമിക്കാറായി എന്ന് തോന്നിത്തുടങ്ങുമ്പോഴാണ് ബ്ലെയ്ഡിന്റെ വരവ്! വളരെ കുറച്ചു നേരം മാത്രമാണ് ബ്ലെയ്ഡിന് അനുവദിച്ചിട്ടുള്ളത് പക്ഷെ അത് ട്രിമ്മർ നൽകിയ സുഖത്തെക്കാൾ വ്യത്യസ്തവും, ആഴമുള്ളതുമായിരുന്നു.കഴുത്തിന്റെ സൈഡിലൂടെ സ്ലോ മോഷനിൽ പിൻകഴുത്തിലൂടെയുള്ള ആ മെല്ലേപ്പോക്ക്!
അതിന്റെ മൂർച്ച ചില പോറലുകൾ ഏല്പിച്ചെങ്കലും അവ സുഖത്തിന്റെ സുഖം കൂട്ടി,Pain with Pleasure. പിന്നെ ചെവിയുടെ സൈഡിൽ ചെറുതായി നനവ് പടർന്ന അരികിലൂടെ പതിയെ, ഇടയ്ക്ക് നിർത്തി, നിർത്തി, ചെവിയുടെ താഴ് വാരത്തേക്ക് തെന്നിയുള്ള ആ പോക്ക്. രോമകൂപങ്ങൾപോലും എഴുന്നേറ്റ് പോകുന്നത് ഈ നിമിഷത്തിലാണ്, മനുഷ്യൻ ശ്വസിച്ചാണ് ജീവിക്കുന്നത് എന്ന് ഓർമ്മിപ്പിക്കും വിധം ശ്വാസത്തിന് അപ്പോൾ ഇളം ചൂടായിരുന്നു.

മുടിവെട്ടൊക്കെ കഴിഞ് സൈക്കിൾ ചവിട്ടി വീട്ടിലേക്ക് പോകുമ്പോൾ പിൻ കഴുത്തിൽ ഇളം കാറ്റടിക്കുന്നപോലെ നമുക്ക് തോന്നും, ട്രിമ്മർ ചുണ്ടുകളുടെ ശീൽക്കാരവും, മൂർച്ചയുള്ള ബ്ലെയ്ഡിന്റെ പോറലുകളും അപ്പോഴും നമ്മെ ഇക്കിളിപ്പെടുത്തുന്നപോലെ തോന്നും . കുറച്ചധികം നേരം കടലിൽ ഇറങ്ങിയശേഷം കരയ്ക്ക് കയറുമ്പോൾ കൂടെ കടലുള്ളപോലെ തോന്നാറില്ലേ? അതുപോലെ.ഹാ ! കുറ്റബോധങ്ങളില്ലാത്ത സുഖങ്ങൾക്ക് എന്തൊരു സുഖമാണ് ! സിമ്പിളായി പറഞ്ഞാൽ ഞാനൊന്ന് മുടിവെട്ടി! ന്തെ….കൊഴപ്പായാ?