ഫോണെടുത്ത് സ്വിഗി വഴി ‘ഒരു പൊറോട്ട, ഒരു മുട്ടക്കറി, ഒരു പുഴുങ്ങിയ മുട്ട’ ഓര്‍ഡര്‍ ചെയ്ത് ഒന്നര വയസുകാരന്‍; അച്ഛന്റെ കുറിപ്പ് വായിക്കാം

വെറൈറ്റി ഭക്ഷണം കഴിക്കണമെന്ന് തോന്നുമ്പോള്‍ നമ്മള്‍ വേഗം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളെടുത്ത് ഓര്‍ഡര്‍ ചെയ്യും. കുഞ്ഞുങ്ങള്‍ക്കാവശ്യമുള്ളതെന്താണെന്ന് ചോദിച്ച് അതും ചെയ്യാറുണ്ട് നമ്മളില്‍ പലരും. എന്നാല്‍ തനിക്കാവശ്യമുള്ള ഭക്ഷണം സ്വയം ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ് ഒന്നരവയസുകാരന്‍.…

വെറൈറ്റി ഭക്ഷണം കഴിക്കണമെന്ന് തോന്നുമ്പോള്‍ നമ്മള്‍ വേഗം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളെടുത്ത് ഓര്‍ഡര്‍ ചെയ്യും. കുഞ്ഞുങ്ങള്‍ക്കാവശ്യമുള്ളതെന്താണെന്ന് ചോദിച്ച് അതും ചെയ്യാറുണ്ട് നമ്മളില്‍ പലരും. എന്നാല്‍ തനിക്കാവശ്യമുള്ള ഭക്ഷണം സ്വയം ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ് ഒന്നരവയസുകാരന്‍. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗി വഴി ഓര്‍ഡര്‍ ചെയ്ത ഒരു പൊറോട്ടയും ഒരു മുട്ടക്കറിയും ഒരു പുഴുങ്ങിയ മുട്ടയുമായി നില്‍ക്കുന്ന ഒന്നര വയസുകാരന്റെ ചിത്രവും കുറിപ്പും അച്ഛന്‍ ജോസ് അലക്‌സ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. രാവിലെ തന്റെ ഫോണില്‍ വന്ന സന്ദേശം കണ്ടപ്പോഴാണ് കൊട്ടാരക്കര സ്വദേശിയായ ജോസ് കാര്യം അറിയുന്നത്. ഉടന്‍ തന്നെ ക്യാന്‍സല്‍ ചെയ്യാന്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടു. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത് ഒരു മിനിറ്റ് കഴിഞ്ഞതിനാല്‍ ക്യാന്‍സല്‍ ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു മറുപടി. എന്തായാലും മകന്‍ ആര്‍വന്റെ കുസൃതി കണ്ട് അമ്പരന്നിരിക്കുകയാണ് ജോസും ഭാര്യ അഞ്ജനിയും.

ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

സ്വന്തമായി swiggy യിലൂടെ ഓര്‍ഡര്‍ ചെയ്ത 1 പൊറോട്ടയും 1 മൊട്ടക്കറി 1 boiled egg ആയി നില്‍ക്കുന്ന ഒന്നര വയസുകാരന്‍! സംഭവം സത്യമാണ്!

രാവിലെ message വന്നപ്പോള്‍ ആണ് ഞാന്‍ അറിയുന്നത്, ഉടന്‍ തന്നെ cancel ചെയ്യാന്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചു..ഓര്‍ഡര്‍ ചെയ്ത് ഒരു മിനിറ്റ് കഴിഞ്ഞതിനാല്‍ cancel ചെയ്യാന്‍ പറ്റില്ല എന്ന് മറുപടി!

Cash on delivery option ആണ്….. ഈ ഓപ്ഷന്‍ ഞാന്‍ സത്യമായും swiggy യില്‍ കണ്ടിട്ടില്ല… അല്ല ഉപയോഗിച്ചിട്ടില്ല…
ആ ഓപ്ഷന്‍ ഞാന്‍ ഇപ്പോള്‍ എടുത്ത് നോക്കി… മൂന്നില്‍ അധികം confirmation ശേഷം മാത്രമേ അത് ചെയ്യാന്‍ പറ്റുള്ളൂ… പിന്നെ ഇവനെ ഇതെങ്ങനെ ഞാനും ഭാര്യയും കൂലം കഷമായി ഇത് ചര്‍ച്ചചെയുമ്പോള്‍… ഞാന്‍ ഒന്നും അറിഞ്ഞില്ല എന്ന മട്ടില്‍ ഒന്നര വയസുകാരന്‍ പൊറോട്ട തിന്നുന്നു!

NB:കേള്‍ക്കുമ്പോള്‍ രസം തോന്നുമെങ്കിലും, വലിയ അപകടമാണ് അറിവില്ലാത്ത കുട്ടികളുടെ കൈയില്‍ ഫോണ്‍ കിട്ടിയാല്‍…പറ്റിയത് പറ്റി… ഇനി സൂക്ഷിക്കണം… ഞാനും നിങ്ങളും.