മാപ്പ്, അങ്ങനെ പറയേണ്ടിയിരുന്നില്ല!!! സത്യമാണോ എന്നു പോലും അറിയാത്ത കാര്യമായിരുന്നു, പെപ്പയോട് ക്ഷമ ചോദിച്ച് ജൂഡ് ആന്റണി

നടന്‍ ആന്റണി വര്‍ഗീസും സംവിധായകന്‍ ജൂഡ് ആന്റണിയും തമ്മിലുള്ള വിവാദമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. അധിക്ഷേപിച്ചെന്ന പരാതിയില്‍ ആന്റണിയുടെ മാതാവ് പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ പരാമര്‍ശത്തില്‍ ക്ഷമ പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി. പറഞ്ഞതില്‍ കുറ്റബോധമുണ്ട്.…

നടന്‍ ആന്റണി വര്‍ഗീസും സംവിധായകന്‍ ജൂഡ് ആന്റണിയും തമ്മിലുള്ള വിവാദമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. അധിക്ഷേപിച്ചെന്ന പരാതിയില്‍ ആന്റണിയുടെ മാതാവ് പരാതി നല്‍കിയിരുന്നു.

ഇപ്പോഴിതാ പരാമര്‍ശത്തില്‍ ക്ഷമ പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി. പറഞ്ഞതില്‍ കുറ്റബോധമുണ്ട്. സത്യമാണോ എന്നു പോലും തനിക്കറിയാത്ത കാര്യമായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും ജൂഡ് വ്യക്തമാക്കി. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് ക്ഷമ ചോദിച്ചത്.

ആന്റണിയെ കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല. പറഞ്ഞ ടോണും മാറിപ്പോയി. അദ്ദേഹത്തിന്റെ സഹോദരിക്കും കുടുംബത്തിനും ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഞാന്‍ അവരോട് മാപ്പ് പറയുകയാണ്. അത് പറയാന്‍ ഞാന്‍ അവരെ വിളിച്ചിരുന്നു, എന്നാല്‍ കിട്ടിയില്ലെന്നും ജൂഡ് വ്യക്തമാക്കി.

താന്‍ ആ നിര്‍മ്മാതാവിന്റെ കാര്യമേ ആലോചിച്ചിട്ടുള്ളു. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതോര്‍ത്തപ്പോള്‍ പറഞ്ഞു പോയതാണ്. തനിക്ക് ആന്റണിയോട് ദേഷ്യമൊന്നുമില്ല, ഉള്ളിലില്ലാത്ത ദേഷ്യമാണ് പുറത്തുവന്നതെന്നും അത് ഭയങ്കര ചീപ്പ് ആയിപ്പോയെന്നും ജൂഡ് പറഞ്ഞു.

അഭിനയിക്കാമെന്ന കരാറില്‍ ആന്റണി തന്റെ കൈയ്യില്‍ നിന്ന് പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തി, ശേഷം സിനിമയില്‍ നിന്ന് പിന്മാറിയെന്നുമായിരുന്നു ജൂഡ് ആരോപിച്ചിരുന്നത്. ആന്റണി വര്‍ഗീസ് വന്ന വഴി മറന്നെന്നും ജൂഡ് കുറ്റപ്പെടുത്തിയിരുന്നു.

പിന്നാലെയാണ് ആന്റണി വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. കുടുംബത്തെ അപമാനിച്ചെന്നും വ്യക്തിഹത്യയാണെന്നും കാട്ടി പരാതി നല്‍കിയിരുന്നു. ഒരു വര്‍ഷത്തെ വ്യത്യാസത്തിലാണ് നിര്‍മ്മാതാവില്‍ നിന്ന് പണം വാങ്ങിയതും സഹോദരിയുടെ വിവാഹം നടന്നതെന്നുമാണ് പണമിടപാടിന്റെ തെളിവ് പുറത്തുവിട്ടായിരുന്നു ആന്റണി വ്യക്തമാക്കിയിരുന്നത്.