അമ്മയെ ക്ലബിനോട് താരതമ്യം ചെയ്തു; ഇടവേള ബാബുവിനെ വിമര്‍ശിച്ച് ഗണേഷ് കുമാര്‍

താരസംഘടന അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാര്‍. അതിജീവിത പറയുന്ന കാര്യങ്ങള്‍ സംഘടന ശ്രദ്ധിക്കണമെന്നും മറുപടി നല്‍കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. അമ്മയെ ക്ലബിനോട് താരതമ്യം ചെയ്ത ഇടവേള ബാബുവിന്റെ പരാമര്‍ശത്തെയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.

‘അമ്മ’ ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശം ഞെട്ടലുണ്ടാക്കിയെന്ന് ഗണേഷ്് കുമാര്‍ പറഞ്ഞു. ചാരിറ്റബിള്‍ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വ്യത്യാസമുണ്ടെങ്കില്‍ മോഹന്‍ലാല്‍ അക്കാര്യം വ്യക്തമാക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. അമ്മ ക്ലബ്ബ് എന്ന തരത്തില്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് ഇടവേള ബാബു മാപ്പ് പറയണം. അമ്മ ക്ലബ്ബ് ആണെങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സംഘടനയില്‍ നിന്ന് രാജി വയ്ക്കുമെന്നും ഗണേശ് കുമാര്‍ വ്യക്തമാക്കി.‘അതിജീവിത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം. അതിജീവിത പറഞ്ഞ വിഷയത്തില്‍ അമ്മ മറുപടി നല്‍കണം. ആരോപണ വിധേയന്‍ ഗള്‍ഫിലേക്ക് പോയപ്പോള്‍ ഇടവേള ബാബു ഒപ്പമുണ്ടായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ആരോപണ വിധേയന്‍ നിരവധി ക്ലബുകളില്‍ അംഗമാണെന്ന് അമ്മ പറയുന്നത് ആര്‍ക്ക് വേണ്ടിയാണ്. ക്ലബ് ആണെന്ന് ഇടവേള ബാബു പറഞ്ഞപ്പോള്‍ പ്രസിഡണ്ടിന് തിരുത്താമായിരുന്നു. അമ്മ ചാരിറ്റബിള്‍ സൊസൈറ്റിയാണ്, ക്ലബ് അല്ല. ഇടവേള ബാബു മാപ്പ് പറയണം’ എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്.

ദിലീപ് രാജിവച്ചപോലെ തന്നെ ബലാത്സംഗ കേസില്‍ കുറ്റാരോപിതനായിട്ടുള്ള വിജയ് ബാബുവും രാജിവയ്ക്കണമെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. നടന്‍ ഷമ്മി തിലകനെതിരേയുള്ള സംഘടനയുടെ നടപടിയിലും അദ്ദേഹം പ്രതിഷേധിമറിയിച്ചു.

Previous articleഅന്ന് താരസംഘടന അച്ഛനെ വിലക്കിയപ്പോള്‍ അദ്ദേഹം അതിനെ നേരിട്ടത് ഇങ്ങനെയായിരുന്നു- ഷോബി തിലകന്‍
Next article‘ഞങ്ങളുടെ കുഞ്ഞ്’!!! സന്തോഷവാര്‍ത്തയുമായി ആലിയയും രണ്‍ബീറും