എനിക്ക് കാവലായതിന് നന്ദിയെന്ന് സുരേഷ് ഗോപി… ഇനി ബ്രേക്ക് എടുക്കല്ലേ എന്ന് ആരാധകര്‍!!

വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി എന്ന നടന്റെ ഒരു ശക്തമായ തിരിച്ചു വരവിനാണ് കേരളക്കര കഴിഞ്ഞ ദിവസങ്ങളിലായി സാക്ഷിയായത്. പണ്ടത്തെ ആ മാസ് ഡയലോഗുകളും ഉശിരന്‍ ആക്ഷനുമായി സൂപ്പര്‍സ്റ്റാര്‍ വീണ്ടും എത്തിയപ്പോള്‍ ആരാധകര്‍…

വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി എന്ന നടന്റെ ഒരു ശക്തമായ തിരിച്ചു വരവിനാണ് കേരളക്കര കഴിഞ്ഞ ദിവസങ്ങളിലായി സാക്ഷിയായത്. പണ്ടത്തെ ആ മാസ് ഡയലോഗുകളും ഉശിരന്‍ ആക്ഷനുമായി സൂപ്പര്‍സ്റ്റാര്‍ വീണ്ടും എത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് കാവലിനെ സ്വീകരിച്ചത്.

 

കേരളത്തില്‍ എന്നല്ല അങ്ങ് ദുബായില്‍ വരെയുള്ള തീയറ്ററുകളില്‍ പ്രകമ്പനം കൊള്ളിച്ചുകൊണ്ടാണ് കാവല്‍ പ്രദര്‍ശനം തുടരുന്നത്. ഇപ്പോഴിതാ തന്നെയും തന്റെ സിനിമയെയും ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ‘നന്ദി തിയറ്ററുകള്‍ക്ക് കാവലായതിന്.. നമ്മുടെ സിനിമയ്ക്ക് കാവലായതിന്.. എനിക്ക് കാവലായതിന്..’ എന്നാണ് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിരിക്കുന്നത്.

നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ എന്ന സിനിമ ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടത്തില്‍ ആണ് കഥ പറയുന്നത്. ചിത്രത്തില്‍ രഞ്ജി പണിക്കും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. സുരേഷ് ഗോപി എന്ന നടന്റെ ഒരു മാസ്സ് റീ എന്‍ട്രി തന്നെയായിരിക്കും സിനിമ എന്ന് സംവിധായകന്‍ നിധിന്‍ തുടക്കത്തിലേ ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പിനോട് നൂറ് ശതമാനം കൂറ് പുലര്‍ത്തുന്നത് തന്നെയായിരുന്നു സിനിമയും സുരേഷ് ഗോപിയുടെ അഭിനയവും.

പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് സുരേഷ് ഗോപി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് അടിയില്‍ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. സുരേഷേട്ടാ ഇനിയൊരു ബ്രേക്ക് എടുക്കല്ലേ ഇങ്ങനെ തന്നെ തുടരൂ എന്നാണ് ആരാധകര്‍ കുറിക്കുന്നത്.