‘പിന്നെ എന്നാടാ ഉവ്വേ കുളിച്ചേക്കാം’; കടുവയിലെ അടിപൊളി ഫൈറ്റ് സീനുമായി അണിയറപ്രവര്‍ത്തകര്‍

പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിനിമയാണ് കടുവ. നീണ്ട ഒരിടവേളക്ക് ശേഷം ഷാജി കൈലാസ് തിരിച്ചുവരവ് നടത്തിയ ചിത്രമെന്ന് രീതിയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരുന്നത്. കടുവയിപ്പോള്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രദര്‍ശനവിജയം തുടരുകയാണ്.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഫൈറ്റ് സീന്‍ രംഗങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രത്തില്‍ നിന്നും പുറത്ത് വന്നിരിക്കുന്ന സീനും കിടിലനാണ്. ജയിലില്‍ വെച്ചുള്ള ആക്ഷന്‍ രംഗങ്ങളുടെ സീനാണിത്. മൂന്ന് മിനിറ്റ് 57 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ മാജിക്ക് ഫ്രെയിംസിന്റെ യൂട്യുബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആരാധകര്‍ ഇത് ഏറ്റെടുത്തിരിക്കുകയാണ്. തിയേറ്ററില്‍ ഏറെ ആവേശം കൊള്ളിച്ച ഫൈറ്റ് സീനായിരുന്നു ഇതെന്നാണ് വീഡിയോ കണ്ടവര്‍ കമന്റ് ചെയ്യുന്നത്.

സംയുക്ത മേനോന്‍ ആണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തിയത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സീമ, പ്രിയങ്ക തുടങ്ങിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായി. വിവേക് ഒബ്‌റോയ് വില്ലന്‍ വേഷത്തിലെത്തിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങള്‍ക്കായി തിരക്കഥ ഒരുക്കുകയും ചെയ്ത ജിനു എബ്രഹാമാണ് കടുവയ്ക്കായി തിരക്കഥ ഒരുക്കിയത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയ്ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

 

Previous articleഅവള്‍ എനിക്ക് സഹോദരി മാത്രമല്ല..! വിവാഹ ഫോട്ടോകള്‍ പങ്കുവെച്ച് ആര്യ!
Next article‘ദിലീപില്‍ നിന്ന് കുറേ കാര്യങ്ങള്‍ പഠിച്ചു’ തുറന്നു പറഞ്ഞ് സഞ്ജയ് ദത്ത്