ഇത് ‘ജനഗണമനയെ’ വെല്ലും വിജയം..! കടുവയുടെ കുതിപ്പ് തുടരുന്നു!

വിവാദങ്ങള്‍ക്കിടയിലും കടുവയുടെ കുതിപ്പ് തുടരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയ്ക്ക് മികച്ച ഓപണിംഗ് കളക്ഷനാണ് ലഭിച്ചത്. മഴയും മറ്റ് പ്രതികൂല സാഹചര്യങ്ങളും മറികടന്നാണ് കടുവ വന്‍ ഹിറ്റിലേക്ക് കുതിയ്ക്കുന്നത്. വ്യാഴാഴ്ച ആയിരുന്നു കടുവ തീയറ്ററുകളിലേക്ക് എത്തിയത്. ആദ്യ നാല് ദിനങ്ങള്‍ കടന്നപ്പോള്‍ തന്നെ സിനിമ 25 കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇപ്പോഴിതാ പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് ജനഗണമനയേക്കാള്‍ മികച്ച ഓപണിംഗ് കളക്ഷനാണ് കടുവ നേടിയിരിക്കുന്നത് എന്നാണ് വിവരം, ജനഗണമന എട്ട് ദിവസം കൊണ്ട് നേടിയ കളക്ഷനാണ് കടുവ ആദ്യ നാല് ദിനങ്ങള്‍ കൊണ്ട് തന്നെ നേടിയെടുത്തത്. അതേസമയം, ഈദ് ദിനം കൂടിയായ ഇന്നലെ കളക്ഷന്‍ വര്‍ദ്ധിച്ചിരുന്നു എന്നും സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു. നാളുകള്‍ക്ക് ശേഷമുള്ള കാത്തിരിപ്പിന് ശേഷമായിരുന്നു ഷാജി കൈലാസ് ഒരുക്കിയ കടുവ എന്ന ചിത്രം തീയറ്ററുകളിലേക്ക് എത്തിയത്.

അവസാന നിമിഷം പോലും പ്രദര്‍ശനത്തിന് പ്രതിസന്ധി നേരിട്ടു എങ്കിലും അതെല്ലാം അതിജീവിച്ച് ആയിരുന്നു സിനിമ തീയറ്ററുകളിലേക്ക് എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം, കഴിഞ്ഞ ദിവസം വിവാദങ്ങളില്‍ പെട്ടിരുന്നു. സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെ കുറിച്ചും പരാമര്‍ശിക്കപ്പെട്ട ഡയലോഗാണ് പലര്‍ക്കും വിഷമം ഉണ്ടാക്കിയത്. ഈ സംഭാഷണം പിന്നീട് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഇതോടെ സംവിധായകന്‍ ഷാജി കൈലാസ് മാപ്പ് അപേക്ഷിച്ച് രംഗത്ത് വന്നിരുന്നു. ആ സംഭാഷണം എഴുതിയ സമയത്തോ രംഗം എടുത്ത സമയത്തോ ഇതിന്റെ മറ്റൊരു വശത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നും മാപ്പ് തരണം എന്നുമായിരുന്നു ആ സംഭാഷണം കാരണം വിഷമിച്ചവരോട് സംവിധായകന്‍ പറഞ്ഞത്. ഈ കുറിപ്പ് പങ്കുവെച്ച് മാപ്പ് അപേക്ഷിച്ച് നടന്‍ പൃഥ്വിരാജും രംഗത്ത് എത്തിയിരുന്നു.

Nikhina