ആകാശത്ത് ദൃശ്യവിസ്മയമൊരുക്കി കടുവ; അഭിമാന നിമിഷമെന്ന് പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുവ’. ഏറെക്കാലത്തിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. വലിയ രീതിയിലുള്ള പ്രമോഷനാണ് ചിത്രത്തിനായി നടത്തിവരുന്നത്. ഇപ്പോഴിതാ ദുബായില്‍ നടത്തിയ ചിത്രത്തിന്റെ പ്രമോഷന്‍ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ദുബായിയിലെ ആകാശത്ത് ചിത്രത്തിന്റെ ഡ്രോണ്‍ പ്രദര്‍ശനം നടത്തിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശത്ത് ചിത്രത്തിന്റെ പേരും പൃഥ്വിരാജിന്റെ രേഖാചിത്രവും തെളിയിക്കുകയായിരുന്നു.

ഒരു ഇന്ത്യന്‍ സിനിമയുടെ പ്രമോഷന്‍ ഇത്തരത്തില്‍ ഡ്രോണ്‍ പ്രദര്‍ശനത്തിലൂടെ നടക്കുന്നത് ഇതാദ്യമായാണ്. സിനിമയുടെ പേരും രൂപവും തെളിഞ്ഞു എന്നതിനേക്കാള്‍ ആകാശത്ത് മലയാളം അക്ഷരങ്ങള്‍ തെളിഞ്ഞു വന്നതിനാലാണ് താന്‍ അഭിമാനിക്കുന്നതെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഇതിന്റെ വീഡിയോയും പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ജൂലൈ ഒന്നിനാണ് കടുവ പ്രദര്‍ശനത്തിനെത്തുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ ആദ്യം നിശ്ചയിച്ച തീയതിയില്‍ നിന്നും റിലീസ് മാറ്റുകയായിരുന്നു.’ചില അപ്രവചനീയമായ സാഹചര്യങ്ങള്‍ കൊണ്ട് റിലീസ് അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. ആരാധകരും തിയറ്റര്‍ ഉടമകളും വിതരണക്കാരും ക്ഷമിക്കണം” എന്നായിരുന്നു കടുവയുടെ റിലീസ് മാറ്റിവച്ചതിനെക്കുറിച്ച് പൃഥ്വിരാജ് പ്രതികരിച്ചത്.

Previous articleഷമ്മി തിലകന്‍ ശല്യമായിരുന്നു..! അത് ആര്‍ക്കെല്ലാമാണെന്ന് തെളിഞ്ഞു.. വക്കീലിന്റെ പോസ്റ്റ് പങ്കുവെച്ച് ഷമ്മി തിലകന്‍ രംഗത്ത്!
Next articleനടുക്കടലില്‍ ആക്ഷന്‍ രംഗങ്ങള്‍! ‘അടിത്തട്ട്’ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.!!