‘കടുവ’ റിലീസ് പ്രതിസന്ധി നീളുന്നു; കാരണമിതാണ്

കടുവ സിനിമ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. തന്റെ ജീവിത കഥയാണ് കടുവ സിനിമയുടെ പ്രമേയം എന്നാരോപിച്ച് സിനിമക്കെതിരെ ജോസ് കുരുവിനാക്കുന്നേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ഉത്തരവിനെതിരെ തിരക്കഥാകൃത്ത് ജിനു വര്‍ഗീസ് എബ്രഹാമും ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സമര്‍പ്പിച്ച അപ്പീലിലാണ് കോടതി ഇടപെടാനിവില്ലെന്ന് വ്യക്തമാക്കിയത്.

സിംഗിള്‍ ബെഞ്ച് വിധിയില്‍ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. സിവില്‍ കോടതിയുടെ വിധിയില്‍ സ്വാധീനിക്കപ്പെടാതെ, പരാതിക്കാരന്റെ പരാതി സ്വതന്ത്രമായി കേട്ട്, ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരം സ്വതന്ത്രമായി വിനിയോഗിക്കുന്നതില്‍ ഒരു തെറ്റും ചൂണ്ടി കാണിക്കാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കൂടുതല്‍ വാദത്തിനായി ഹര്‍ജി പിന്നീട് പരിഗണിക്കും.
ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും സി ജയചന്ദ്രനും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. ജോസ് കുരുവിനാക്കുന്നേലിന്റെ പരാതി തിങ്കളാഴ്ച കേള്‍ക്കാനാണ് സെന്‍സര്‍ ബോര്‍ഡിന് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സിനിമ നിലവിലെ രൂപത്തില്‍ റിലീസ് ചെയ്താല്‍ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാകും എന്നു ചൂണ്ടിക്കാട്ടിയാണ് പാലാ സ്വദേശിയും പ്ലാന്ററും കേരള കോണ്‍ഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണു താന്‍ അറിയപ്പെടുന്നതെന്നും സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും ഹര്‍ജിക്കാരനായ കുറുവച്ചന്‍ പറയുന്നു. തന്റെ ജീവിതത്തിലുണ്ടായ യഥാര്‍ഥ സംഭവങ്ങളും അതിനൊപ്പം വ്യാജ സംഭവങ്ങളും ഇടകലര്‍ത്തിയാണ് സിനിമ. വ്യാജ സീനുകളും തന്റെ ജീവിതത്തില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതാണെന്നു പ്രേക്ഷകര്‍ കരുതും. ഇതുവഴി തന്റെ സ്വകാര്യതയ്ക്കും അന്തസ്സിനും ഹാനിയുണ്ടാകുമെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.ഏറെക്കാലത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കടുവക്കായി കാത്തിരുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ജൂണ്‍ 30ന് റിലീസ് ചെയ്യാനിരിക്കവേയാണ് വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുത്തത്. ‘ചില അപ്രവചനീയമായ സാഹചര്യങ്ങള്‍ കൊണ്ട് റിലീസ് അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. ആരാധകരും തിയറ്റര്‍ ഉടമകളും വിതരണക്കാരും ക്ഷമിക്കണം’ എന്നായിരുന്നു കടുവയുടെ റിലീസ് മാറ്റിവച്ചതിനെക്കുറിച്ച് പൃഥ്വിരാജ് പ്രതികരിച്ചത്.

 

 

Aswathy