‘ആ ഡയലോഗ് തെറ്റ്’; ക്ഷമാപണത്തിനൊടുവില്‍ നിര്‍ണായക തീരുമാനവുമായി കടുവ ടീം

ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ കടുവ ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. എന്നാല്‍ സിനിമയിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഭിന്നശേഷിക്കാരായ മക്കള്‍ ജനിക്കുന്നത് മാതാപിതാക്കള്‍ ചെയ്ത പാപത്തിന്റെ ഫലമാണെന്ന അര്‍ത്ഥം വരുന്നതായിരുന്നു ആ ഡയലോഗ്. സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം രൂക്ഷമായതോടെ ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസും നായകന്‍ പൃഥ്വിരാജും ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയിപ്പോള്‍ നിര്‍ണായക തീരുമാനവുമായി എത്തിയിരിക്കുകയാണ് കടുവ ടീം. വിവാദങ്ങള്‍ക്കിടയാക്കിയ ഡയലോഗില്‍ മാറ്റം വരുത്താനുള്ള നീക്കമാണിപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നത്. സീന്‍ കട്ട് ചെയ്യാതെ ഡയലോഗ് മാത്രം മാറ്റം വരുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

സിനിമയിലെ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഡയലോഗില്‍ മാറ്റം വരുത്താനുള്ള തീരുമാനം.സിനിമയുടെ പല ഭാഗങ്ങളിലും സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടെങ്കിലും ഈ സംഭാഷണത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടിരുന്നില്ലെന്നും അതുകൊണ്ടാണ് ഈ ഡയലോഗോടുകൂടി സിനിമ പുറത്തിറക്കിയതെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കിയ പ്രതികരണം. വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തയതിന് പിന്നാലെയാണ് പ്രസ്തുത ഭാഗം നീക്കം ചെയ്യണമെന്ന ആവശ്യവും ശക്തമായത്. ക്ഷമ പറഞ്ഞതുകൊണ്ട് മാത്രം വിഷയം അവസാനിക്കുന്നില്ലെന്നും ഈ ഭാഗം സിനിമയില്‍ നിന്നു തന്നെ നീക്കം ചെയ്യണമെന്നുമാണ് വിവിധയിടങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നത്.

ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നുവെന്നും മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നുമാണ് സംവിധായകന്‍ ഷാജി കൈലാസ് പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു ഷാജി കൈലാസിന്റെ ക്ഷമാപണം. നടനും നിര്‍മാതാക്കളില്‍ ഒരാളുമായ പൃഥ്വിരാജും ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് തെറ്റുപറ്റിപ്പോയി ക്ഷമിക്കണം എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

എന്നാല്‍ ഈ ക്ഷമാപണത്തിന് പിന്നാലെ മലയാള സിനിമയില്‍ മുമ്പും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ആരാധകര്‍ പറയുന്നു. ബ്ലാക്ക് എന്ന സിനിമയില്‍ കരീക്കാമുറി ഷണ്‍മുഖന്‍ പടവീടന്‍ വക്കിലിനോട് പറയുന്ന ഡയലോഗിന് സമാനമായ ഡയലോഗിന്റെ പേരിലല്ലേ പൃഥ്വിരാജും ഷാജി കൈലാസും ക്ഷമ ചോദിച്ചിരിക്കുന്നതെന്നും എങ്കില്‍ രഞ്ജിത്തും മമ്മൂട്ടിയും ക്ഷമ ചോദിക്കണ്ടേ എന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്.

‘എടാ ചെകുത്താന് പിറന്ന ചെകുത്താനേ… എന്നിട്ട് എന്ത് നേടി നീ. കട്ടും കടത്തിയും നീയുണ്ടാക്കിയ നോട്ടുകെട്ടുകള്‍ക്ക് മുകളില്‍ എന്നെങ്കിലും നീ സ്വസ്ഥമായിട്ട് കിടന്നുറങ്ങിയിട്ടുണ്ടോ? ചെയ്ത പാപങ്ങള്‍ക്കൊക്കെ ശമ്പളം പറ്റിയവരാണ് നമ്മള്‍. മിണ്ടാനും കേള്‍ക്കാനും ത്രാണിയില്ലാത്തൊരു കൊ്ച്ചിന്റെ രൂപത്തില്‍ എനിക്കും കട്ടിലില്‍ ചങ്ങലയില്‍ കിടക്കുന്ന ഭാര്യയും ആ പാവം മോനും നിനക്കും. മാനസാന്തരം നീ അത്ര അറപ്പോടെ പറയേണ്ട വാക്കല്ല, മനുഷ്യനായി ഒരു വെറും മനുഷ്യനായി ജീവിക്കാന്‍ എന്നെ വിട്ടേക്കെന്നേ നിന്നോട് ഞാന്‍ പറഞ്ഞുള്ളൂ…അതിന്റെ പേരില്‍ നീയെനിക്ക് വിധിച്ച ശിക്ഷ മരണമായിരുന്നു. ഇല്ല പടവീടാ ഷണ്‍മുഖനല്ല, ചാവേണ്ടത് നീയാണ്’ എന്നാണ് മമ്മൂട്ടിയുടെ ഷണ്‍മുഖനെന്ന കഥാപാത്രം ലാല്‍ അവതരിപ്പിച്ച ഡെവിന്‍ കാര്‍ലോസ് പടവീടനോട് പറയുന്നത്. കടുവയിലെ ഡയലോഗ് തെറ്റെങ്കില്‍ ബ്ലാക്ക് സിനിമയിലെ ഈ സീനിലുണ്ടായിരുന്നതും ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള അധിക്ഷേപമല്ലേ എന്നും എങ്കില്‍ മമ്മൂട്ടിയും രഞ്ജിത്തും ക്ഷമ ചോദിക്കേണ്ടേ എന്നുമായിരുന്നു ആരാധകര്‍ ചോദിച്ചത്.

 

Previous article“എന്റെ ജീവന്‍” മകളെ ചേര്‍ത്ത് പിടിച്ച് അമൃത സുരേഷ്!!
Next article‘ചില ചോദ്യങ്ങള്‍ എനിക്കിഷ്ടമല്ല’; തന്നെ ദേഷ്യം പിടിപ്പിക്കുന്ന ചോദ്യത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി