‘അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങുകയായിരുന്നു, ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു’

മലയാളി മനസ്സുകളില്‍ പ്രണയം നിറച്ച ഗന്ധര്‍വ്വ കഥാകാരന്‍ പി. പത്മരാജന് ഇന്ന് 77ാം പിറന്നാളാണ്. തൂവാനത്തുമ്പികള്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രണയത്തിന്റെ പുത്തന്‍ അനുഭൂതികള്‍ സമ്മാനിച്ച സിനിമകളേക്കാള്‍ തിരക്കഥകള്‍ കൊണ്ട്…

മലയാളി മനസ്സുകളില്‍ പ്രണയം നിറച്ച ഗന്ധര്‍വ്വ കഥാകാരന്‍ പി. പത്മരാജന് ഇന്ന് 77ാം പിറന്നാളാണ്. തൂവാനത്തുമ്പികള്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രണയത്തിന്റെ പുത്തന്‍ അനുഭൂതികള്‍ സമ്മാനിച്ച സിനിമകളേക്കാള്‍ തിരക്കഥകള്‍ കൊണ്ട് വായനക്കാരെ ത്രില്ലടിപ്പിച്ച എഴുത്തുകാരന്‍, സംവിധായകന്‍ പത്മരാജന്‍, മലയാളത്തിന്റെ സ്വന്തം പപ്പേട്ടന് ഇന്ന് 77ാം പിറന്നാളെന്ന് കലാഗ്രാമം ബുക്ക് ഷെല്‍ഫ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ഈ അതുല്യ കലാകാരന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ ഓര്‍മ്മിക്കുകയാണ് ലോകം മുഴുവനുമുള്ള സിനിമ പ്രേമികള്‍. ‘വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല. നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കരുതുക, ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക…..” ഇത്തരത്തില്‍ പ്രണയത്തെ നിര്‍വചിക്കാന്‍ പത്മരാജന് മാത്രമേ കഴിയൂ. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമനെയും സോഫിയയെയും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെയും ക്ലാരയേയും സൃഷ്ടിച്ച പ്രണയത്തെ ഏറ്റവും മനോഹരമായി അഭ്രപാളിയില്‍ ചിത്രീകരിച്ച മലയാളികളുടെ ഗന്ധര്‍വ്വന്‍. വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ ഇത്രയധികം വായനക്കാരെയും സിനിമാസ്വാദകരെയും ആകര്‍ഷിച്ച സര്‍ഗ്ഗാത്മകതയുടെ ഏറ്റവും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച കലാകാരനാണ് പത്മരാജനെന്ന് കുറിപ്പില്‍ പറയുന്നു.

വ്യത്യസ്ഥമായ കഥകളിലൂടെ തിരക്കഥകളിലൂടെ സിനിമകള്‍ സംവിധാനം ചെയ്ത് മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയ ഒരുപിടി നല്ല ചിത്രങ്ങള്‍ ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ഗന്ധര്‍വ്വന്‍. പ്രണയവും മഴയും ഇഴപിരിയാതെ ചിത്രീകരിച്ച തൂവാന തുമ്പികള്‍, സ്വവര്‍ഗ്ഗാനുരാഗത്തെ അശ്ലീലതകളില്ലാതെ ചിത്രീകരിച്ച ദേശാടനക്കിളികള്‍ കരയാറില്ല, മുന്തിരി തോട്ടങ്ങളിലെ ശൈത്യവും ഹരിതാഭയും കൈകോര്‍ത്ത നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ തുടങ്ങി ആസ്വാദകരുടെ മനസ്സില്‍ പ്രണയം നിറച്ച സിനിമകളിലൂടെ പഴതലമുറയ്‌ക്കൊപ്പം ഇന്നും നാം ആഘോഷിക്കുന്ന പല സിനിമകളും പത്മരാജന്റേതാണ്.

1975-ല്‍ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തില്‍ ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ സ്വന്തം തിരക്കഥയായ പെരുവഴിയമ്പലം എന്ന നോവല്‍ സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്ക് കടന്നു വന്ന പത്മരാജന്‍. കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയല്‍വാന്‍, അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍, നവംബറിന്റെ നഷ്ടം, നൊമ്പരത്തിപ്പൂവ്, ദേശാടനക്കിളി കരയാറില്ല, തൂവാനത്തുമ്പികള്‍, അപരന്‍, മൂന്നാം പക്കം, ഇന്നലെ, തുടങ്ങി 36 ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ പത്മരാജന്‍ 18 ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതാ ഇവിടെവരെ, രതിനിര്‍വേദം, വാടകയ്ക്ക് ഒരു ഹൃദയം, സത്രത്തില്‍ ഒരു രാത്രി, രാപ്പാടികളുടെ ഗാഥ, നക്ഷത്രങ്ങളെ കാവല്‍, തകര, കൊച്ചു കൊച്ചു തെറ്റുകള്‍, ശാലിനി എന്റെ കൂട്ടുകാരി, ലോറി, കരിമ്പിന്‍ പൂവിന്നക്കരെ, ഒഴിവുകാലം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങിയവ മറ്റുള്ളവര്‍ക്കായി എഴുതിയ തിരക്കഥകളാണ്.

ഭരതന്റേയും കെ.ജി. ജോര്‍ജ്ജിന്റെയും കൂടെ മലയാളസിനിമയുടെ വളര്‍ച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം പത്മരാജന്‍ തുടങ്ങുകയുണ്ടായി. ഇത് കലാ സിനിമയേയും, വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു. ഭരതനുമായി ചേര്‍ന്ന് പത്മരാജന്‍ പ്രവര്‍ത്തിച്ചിട്ടുള്ള സിനിമകളെല്ലാം സമാന്തര സിനിമയുടെയും വാണിജ്യ സിനിമയുടെയും ഇടയില്‍ നില്‍ക്കുന്നത് എന്ന അര്‍ഥത്തില്‍ മധ്യവര്‍ത്തി സിനിമ എന്ന് അറിയപ്പെടുന്നു. ലൈംഗികതയെ അശ്ലീലമായല്ലാതെ കാണിക്കുവാനുള്ള ഒരു കഴിവ് ഇരുവര്‍ക്കുമുണ്ടായിരുന്നു. ഏതൊരു ക്ഷുഭിതന്റെയും മനസ്സില്‍ പ്രണയം നിറയ്ക്കുന്ന, നായകനും നായികയും കഥാന്ത്യം ഒന്നാകുന്നത് മാത്രമല്ല പ്രണയം എന്ന് മലയാളി മനസിലാക്കിയത് പത്മരാജന്റെ രചനകളിലൂടെയാണ്.

നിരര്‍ത്ഥകമാകാത്ത പ്രണയം ത്യഗത്തിന്റേയും വിട്ടു കൊടുക്കലിന്റേതുമൊക്കെയാണ് എന്ന് ലോല ഉള്‍പ്പെടെയുള്ള പത്മരാജന്‍ കൃതികള്‍ തെളിയിച്ചു. സിനിമാലോകത്ത് എത്തിയില്ലെങ്കില്‍, പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഒരു സാഹിത്യകാരനായി അറിയപ്പെടുമായിരുന്നു പി പത്മരാജന്‍. തന്നിലെ പ്രണയത്തിന്റെ ആശയങ്ങള്‍ക്ക് പുതുകാലഘട്ടത്തിന്റെ പുതുമ നല്‍കുന്ന കാര്യത്തില്‍ പത്മരാജന്‍ പൂര്‍ണ വിജയമായിരുന്നു. പത്മരാജന്റെ തൂലിക തുമ്പില്‍ വിരിഞ്ഞ പ്രതിമയും രാജകുമാരിയും, രതിനിര്‍വ്വേദം, മഞ്ഞുകാലം നോറ്റകുതിര, ഋതുഭേതങ്ങളുടെ പാരിദോശികം, ഉദകപ്പോള, നക്ഷത്രങ്ങളേ കാവല്‍ എന്നീ നോവലുകള്‍ ജീവിതയാതാര്‍ത്ഥ്യങ്ങളെ തൊട്ടറിഞ്ഞ രചനകളായിരുന്നു.

ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന അദ്ദേഹത്തിന്റെ ക്ലാസ്സിക് ഹിറ്റ് ഒരു ദുഃശ്ശകുനമായിരുന്നുവെന്ന് സിനിമാലോകം വിശ്വസിക്കുന്നു. ആ ചിത്രത്തിന്റെ കഥ ഉരുത്തിരിയുന്ന നിമിഷം മുതല്‍ നിരവധി ദുര്‍ന്നിമിത്തങ്ങളും, അപകടങ്ങളും ഈ ചിത്രവുമായി ബന്ധപ്പെട്ട പലര്‍ക്കും നേരിട്ടതായി, പത്മരാജന്റെ ഭാര്യ രാധാ ലക്ഷ്മി പത്മരാജനെക്കുറിച്ചെഴുതിയ പുസ്തകത്തില്‍ അനുസ്മരിക്കുന്നു. ഈ ചിത്രം ഉപേക്ഷിക്കാന്‍ പലരും നിര്‍ബന്ധിച്ചിട്ടും അദ്ദേഹം ആ പ്രോജക്ടുമായി മുന്‍പോട്ടു പോവുകയായിരുന്നു. 1991 ജനുവരി 24 ന് ഞാന്‍ ഗന്ധര്‍വ്വന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ മലയാളചലച്ചിത്രത്തിന്റെ ഗന്ധര്‍വ്വന്‍ തന്റെ നാല്‍പ്പത്തിയാറാമത്തെ വയസ്സില്‍ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലയാളചലച്ചിത്ര ലോകത്ത് പകരം വയ്ക്കാനില്ലാത്ത പ്രതിഭയായി, മലയാള ചലച്ചിത്ര ലോകത്തെ വരസിദ്ധിയുടെ മുടി ചൂടിയ ഗന്ധര്‍വ്വനായി പത്മരാജന്‍ ഇന്നും ആസ്വാദക മനസ്സുകളില്‍ ജീവിക്കുന്നുവെന്ന് കുറിപ്പില്‍ പറയുന്നു.