പ്രണവുമായുള്ള കല്യാണത്തിന്റെ വ്യാജ വാര്‍ത്ത അയച്ചപ്പോള്‍ അച്ഛന്‍ നല്‍കിയ മറുപടി അങ്ങനെയായിരുന്നു; കല്യാണി പ്രിയദര്‍ശന്‍

വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയാണ് കല്യാണിയുടെ പുതിയ ചിത്രം. ഇപ്പോഴിതാ തന്റെയും പ്രണവിന്റെയും കല്യാണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയെയും അതിന് അച്ഛന്‍ പ്രിയദര്‍ശന്‍ നല്‍കിയ മറുപടിയെക്കുറിച്ചുമൊക്കെയാണ് കല്യാണി പറയുന്നത്. തല്ലുമാല പ്രമോഷനുമായി ബന്ധപെട്ട് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കല്യാണിയും പ്രണവ് മോഹന്‍ലാലും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഹൃദയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ബാല്യകാലം മുതല്‍ തന്നെ സുഹൃത്തുക്കളാണ് പ്രണവും കല്യാണിയും. സിനിമ പുറത്തിറങ്ങിയതോടെ ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്ത പരന്നു. ആദ്യമായി ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്ത കിട്ടിയപ്പോള്‍ അച്ഛന് അയച്ചു കൊടുത്തു എന്നും ഹഹഹ, വെല്‍ക്കം ടു ഇന്‍ഡസ്ട്രി എന്നായിരുന്നു അച്ഛന്റെ മറുപടി എന്നുമാണ് കല്യാണി പറഞ്ഞത്.

ഹൃദയത്തിലെ പ്രകടനത്തിന് മഴവില്‍ മനോരമ അവാര്‍ഡ്സില്‍ ബെസ്റ്റ് പെയറിനുള്ള അവാര്‍ഡ് കിട്ടിയപ്പോള്‍ അത് വാങ്ങാന്‍ പോകാന്‍ പ്രണവിനും തനിക്കും കഴിഞ്ഞിരുന്നില്ലെന്നും പകരം മോഹന്‍ലാലും പ്രിയദര്‍ശനും പോയാണ് അവാര്‍ഡ് വാങ്ങിയതെന്നും കല്യാണി വ്യക്തമാക്കി.‘ഹൃദയത്തിലെ പെര്‍ഫോമന്‍സിന് മഴവില്‍ മനോരമയുടെ ബെസ്റ്റ് പെയറിനുള്ള അവാര്‍ഡ് കിട്ടിയിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അവാര്‍ഡ് വാങ്ങാന്‍ പോകാന്‍ കഴിഞ്ഞില്ല, പക്ഷെ ഞങ്ങള്‍ക്ക് വേണ്ടി ലാല്‍ മാമയും അച്ഛനും കൂടിയാണ് അവാര്‍ഡ് വാങ്ങിയത്. ഒപ്പം അവര്‍ വേദിയില്‍ പോയി സംസാരിക്കുകയും ചെയ്തു. ശരിക്കും അത് ഭയങ്കര രസമായിട്ടാണ് തോന്നിയത്,’ എന്നായിരുന്നു കല്യാണിയുടെ വാക്കുകള്‍.

അച്ഛന്‍ തന്റെ സിനിമകളെല്ലാം കാണാറുണ്ടെന്നും വലിയ വിമര്‍ശകനെ പോലെ ആണെങ്കിലും പതുക്കെ തന്റെ ഫാന്‍ ആകുന്നുണ്ടെന്നും കല്യാണി പറഞ്ഞു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് തല്ലുമാല നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയാണ് ചിത്രത്തിന്റെ തിരക്കഥ. ആഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

 

Previous articleഅതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി സ്വാസിക
Next articleഓടുന്ന ബൈക്കിലിരുന്ന് കുളിയും കുളിപ്പിക്കലും; എംവിഡി പിടികൂടി