നാല് ദേശീയ അവാര്‍ഡും പത്മശ്രീയും നേടിയ ഒരേയൊരു നടി!! ആമീര്‍ ഖാനോട് കങ്കണ

ആമീര്‍ ഖാനെതിരെ നടി കങ്കണ റണൗട്ട് രംഗത്ത്. എഴുത്തുകാരിയും നോവലിസ്റ്റുമായ ശോഭ ഡേയുടെ പുസ്തക പ്രകാശന ചടങ്ങില്‍ തന്റെ പേര് പരാമര്‍ശിക്കാതിരിക്കാന്‍ ആമിര്‍ ശ്രമിച്ചെന്നാണ് കങ്കണയുടെ ആരോപണം. തന്റെ ജീവിതം സിനിമയാക്കിയാല്‍ ആരാണ് നന്നായി…

ആമീര്‍ ഖാനെതിരെ നടി കങ്കണ റണൗട്ട് രംഗത്ത്. എഴുത്തുകാരിയും നോവലിസ്റ്റുമായ ശോഭ ഡേയുടെ പുസ്തക പ്രകാശന ചടങ്ങില്‍ തന്റെ പേര് പരാമര്‍ശിക്കാതിരിക്കാന്‍ ആമിര്‍ ശ്രമിച്ചെന്നാണ് കങ്കണയുടെ ആരോപണം. തന്റെ ജീവിതം സിനിമയാക്കിയാല്‍ ആരാണ് നന്നായി അവതരിപ്പിക്കുക എന്ന ചോദ്യത്തിന് ആമിര്‍ പറഞ്ഞ ഉത്തരം ചൂണ്ടിക്കാട്ടിയായിരുന്നു കങ്കണയുടെ വിമര്‍ശനം.

ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് എന്നിവരുടെ പേരുകളാണ് ആമിര്‍ പറഞ്ഞത്. ശോഭ കങ്കണയേക്കുറിച്ച് സൂചിപ്പിച്ചപ്പോഴാണ് താരം, ‘അതെ, കങ്കണയും അത് നന്നായി ചെയ്യും. അവര്‍ മികച്ചൊരു നടിയാണ്. വ്യത്യസ്തയായ അഭിനേതാവാണ്’ എന്ന് ആമിര്‍ മറുപടി നല്‍കിയത്.

എന്നാല്‍ ആമിര്‍ തന്റെ പേര് പറയാതിരിക്കാന്‍ പരമാവധി ശ്രമിച്ചുവെന്നാണ് കങ്കണ ആരോപിക്കുന്നത്. പുസ്തക പ്രകാശന ചടങ്ങിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് കങ്കണ പ്രതികരണം.

‘പാവം ആമിര്‍ ഖാന്‍.. മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്തത് പോലെ അഭിനയിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. അദ്ദേഹം പറഞ്ഞവരില്‍ ഒരാള്‍ക്കു പോലും പുരസ്‌കാരം ലഭിച്ചിട്ടില്ല. നന്ദി.. ശോഭ ജീ.. നിങ്ങളെ അവതരിപ്പിക്കാന്‍ എനിക്ക് ഇഷ്ടമാണ്’ എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.

വ്യത്യസ്തമായ രാഷ്ട്രീയ വീക്ഷണം ഉണ്ടായിട്ടും തന്റെ കലയെ അംഗീകരിക്കാന്‍ ശോഭ ഡേ മനസുകാണിച്ചു. മൂന്നല്ല നാല് ദേശീയ പുരസ്‌കാരങ്ങള്‍ ആണ് തനിക്കുള്ളതെന്നും കങ്കണ മറ്റൊരു ട്വീറ്റും ചെയ്തു.

‘ക്ഷമിക്കണം എനിക്ക് ഇതിനകം നാല് ദേശീയ അവാര്‍ഡുകള്‍ ഉണ്ട്, എത്രയെണ്ണം ഉണ്ടെന്ന് എനിക്ക് തന്നെ ഓര്‍മ്മയില്ല, ഒരു പത്മശ്രീ ഉണ്ടെന്ന് എന്റെ ആരാധകര്‍ ഓര്‍മ്മിപ്പിച്ചു.’ എന്നും കങ്കണ പറയുന്നു.