‘കാന്താര’യുടെ ആഗോള ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് പുറത്ത്..! കേരളത്തില്‍ മാത്രം നേടിയത് എത്ര കോടിയെന്നോ?

കെ.ജി.എഫ് എന്ന സിനിമയ്ക്ക് ശേഷം കന്നഡ സിനിമയുടെ പ്രശസ്തി വാനോളം ഉയര്‍ത്തിയ മറ്റൊരു സിനിമയായിരുന്നു കാന്താര. ഋഷഭ് ഷെട്ടി സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയതും. ഇപ്പോഴിതാ സിനിമയുടെ…

കെ.ജി.എഫ് എന്ന സിനിമയ്ക്ക് ശേഷം കന്നഡ സിനിമയുടെ പ്രശസ്തി വാനോളം ഉയര്‍ത്തിയ മറ്റൊരു സിനിമയായിരുന്നു കാന്താര. ഋഷഭ് ഷെട്ടി സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയതും. ഇപ്പോഴിതാ സിനിമയുടെ ആഗോള ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളിലും കാന്താര പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. സിനിമ ഇരുകൈയ്യും നീട്ടിയാണ് സിനിമാ ആസ്വാദകര്‍ ഏറ്റെടുത്തത്. ഇതുവരെ ഉള്ള കണക്ക് പ്രകാരം 400.09 കോടിയാണ് ചിത്രം ആഗോളതലത്തില്‍ നേടിയിരിക്കുന്നത്.

ഇതില്‍ ചിത്രം കര്‍ണ്ണാടകയില്‍ നിന്ന് മാത്രം നേടിയത്, 168.50 കോടിയാണ്. ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് സിനിമയുടെ ആഗോള ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്. ആന്ധ്ര / തെലങ്കാനയില്‍ നിന്നായി 60 കോടിയും തമിഴ്‌നാട്ടില്‍ നിന്ന് 12.70 കോടിയും നേടിയ സിനിമ, കേരളത്തില്‍ നിന്ന് മാത്രം, 19.20 കോടിയാണ് നേടിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ എത്തിച്ചത്.

സിനിമ കണ്ട ശേഷം ഈ സിനിമ ഹിറ്റായി മാറുമെന്ന് ഉറപ്പായത് കൊണ്ടാണ് കേരളത്തിലേക്ക് എത്തിക്കുന്നത് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു, മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് കേരളത്തില്‍ നിന്നും ലഭിച്ചത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് കാന്താരയും നിര്‍മ്മിച്ചിരിക്കുന്നത്. 400 കോടി ക്ലബ്ബില്‍ കയറിയ സിനിമ ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ചര്‍ച്ചയായി മാറിയിരുന്നു. തുടരെ പരാജയം നേരിട്ട ബോളിവുഡിലും കാന്താര വിജയം കൈവരിച്ചിരുന്നു.

അതേസമയം, സിനിമ ഇനി ഒടിടി പ്ലാറ്റ്‌ഫോമിലേക്കും എത്തുകയാണ്. നവംബര്‍ 24ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് തുടങ്ങുമെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. അതേസമയം, സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. ഇതേ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് സംവിധായകന്‍ ഋഷഭ് ഷെട്ടി പറഞ്ഞിരുന്നത്.