80 ലക്ഷം വെള്ളത്തില്‍; ഉദ്ഘാടനം കഴിഞ്ഞ് മൂന്നാമത്തെ ദിവസം ഫ്‌ലോട്ടിംഗ് പാലം തകര്‍ന്നു- വീഡിയോ

ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം, കര്‍ണാടകയിലെ ആദ്യത്തെ ഫ്‌ലോട്ടിംഗ് പാലം കൂറ്റന്‍ തിരമാലകളില്‍ പെട്ട് തകര്‍ന്നു. മേയ് ആറിന് എം.എല്‍.എ കെ.രഘുപതി ഭട്ട് ഉദ്ഘാടനം ചെയ്ത ഉഡുപ്പിയിലെ മാല്‍പെ ബീച്ചിലെ പാലം മെയ്…

ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം, കര്‍ണാടകയിലെ ആദ്യത്തെ ഫ്‌ലോട്ടിംഗ് പാലം കൂറ്റന്‍ തിരമാലകളില്‍ പെട്ട് തകര്‍ന്നു. മേയ് ആറിന് എം.എല്‍.എ കെ.രഘുപതി ഭട്ട് ഉദ്ഘാടനം ചെയ്ത ഉഡുപ്പിയിലെ മാല്‍പെ ബീച്ചിലെ പാലം മെയ് 8-9 രാത്രിയില്‍ തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്ക് തുറന്നുകൊടുത്ത പാലമാണ് ശക്തമായ മഴയിലും തിരയിലുംപ്പെട്ട് തകര്‍ന്നത്. പാലത്തിന്റെ കഷ്ണങ്ങള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ചുഴലിക്കാറ്റും കാലാവസ്ഥ മോശമായതിനേയും തുടര്‍ന്ന് പാലത്തിന്റെ ‘കേടുപാടുകള്‍ ഒഴിവാക്കാന്‍’ വിച്ഛേദിച്ചിരിക്കുകയാണെന്നാണ് പാലം ലീസിനെടുത്ത സുധേഷ് ഷെട്ടി പറഞ്ഞത്.

സംസ്ഥാനത്തിന്റെ വിനോദസഞ്ചാര വ്യവസായത്തിന് ഉയര്‍ച്ച നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ ഫ്‌ലോട്ടിംഗ് പാലത്തിന് 80 ലക്ഷം രൂപ ചെലവഴിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പാലത്തിന്റെ നീളം 100 മീറ്ററും വീതി 3.5 മീറ്ററുമാണ്. ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതിന് തൊട്ടുപിന്നാലെയാണ് സംഭവം.തിങ്കളാഴ്ച മാല്‍പെ ബീച്ചിലും സെന്റ് മേരീസ് ഐലന്‍ഡിലുമുള്ള എല്ലാ ജല-കായിക പ്രവര്‍ത്തനങ്ങളും ജില്ലാ ഭരണകൂടം നിര്‍ത്തിവച്ചു.

കര്‍ണാടകയിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ ഈയിടെ ഉദ്ഘാടനം ചെയ്ത അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തില്‍ ഉള്‍പ്പെടെ നഗരത്തിലുട നീളം നിരവധി മരങ്ങള്‍ കടപുഴകി, നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായി, അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ബെംഗളൂരുവില്‍ കനത്ത മഴയിലും കാറ്റിലും പുതുതായി ഉദ്ഘാടനം ചെയ്ത അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിന്റെ പുതുതായി നിര്‍മിച്ച മതിലും ഗാലറിയും തകര്‍ന്നു.

സ്റ്റേഡിയം അടുത്തിടെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്തു. ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള കരാറുകാരനാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണ കരാര്‍ നല്‍കിയത്. ഇതിനായി സര്‍ക്കാര്‍ 40.25 കോടി രൂപ അനുവദിച്ചിരുന്നു.