പൊന്നിയന്‍ സെല്‍വന്‍ 2 കണ്ടത് നാല് തവണ!!!കടല്‍ കടന്നും കാര്‍ത്തിയെ കാണാന്‍ ആരാധകര്‍ എത്തി

മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം പൊന്നിയന്‍ സെല്‍വന്‍ 2 തിയ്യേറ്ററില്‍ മികച്ച പ്രേക്ഷകപ്രതികരണമാണ് നേടുന്നത്. ചിത്രം റെക്കോര്‍ഡ് കലക്ഷനും നേടിക്കഴിഞ്ഞു. കാര്‍ത്തി, വിക്രം, തൃഷ, ഐശ്വര്യ റായ്, ജയം രവി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന…

മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം പൊന്നിയന്‍ സെല്‍വന്‍ 2 തിയ്യേറ്ററില്‍ മികച്ച പ്രേക്ഷകപ്രതികരണമാണ് നേടുന്നത്. ചിത്രം റെക്കോര്‍ഡ് കലക്ഷനും നേടിക്കഴിഞ്ഞു. കാര്‍ത്തി, വിക്രം, തൃഷ, ഐശ്വര്യ റായ്, ജയം രവി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. താരങ്ങളെല്ലാം ചിത്രത്തില്‍ മികച്ച പ്രകടനം തന്നെ കാഴ്ച വച്ചിട്ടുണ്ട്.

ചിത്രത്തില്‍ കാര്‍ത്തിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കടല്‍ കടന്നും കാര്‍ത്തിയുടെ ആരാധകര്‍ എത്തിയിരിക്കുകയാണ്, പ്രിയ താരത്തിനെ കാണാന്‍. ജപ്പാനില്‍ നിന്നാണ് കാര്‍ത്തിയുടെ കടുത്ത ആരാധകര്‍ ചെന്നൈയില്‍ എത്തിയത്.

തെരുമി കകുബാരി ഫുജിദ, ഇസാവോ എന്‍ഡോ എന്നിവരാണ് പ്രിയ താരത്തിനെ കാണാന്‍ ജപ്പാനില്‍ നിന്നും ചെന്നൈയില്‍ എത്തിയത്. ചെന്നൈയിലെത്തിയ ഇരുവരും പൊന്നിയന്‍ സെല്‍വന്‍ 2 നാല് തവണയാണ് കണ്ടത്. കാര്‍ത്തിയെ കാണാന്‍ വേണ്ടി മാത്രമാണ് തെരുമിയും ഇസാവോയും ജപ്പാനില്‍ നിന്നെത്തിയത്. മൂന്ന് ദിവസത്തേക്കാണ് ഇരുവരും എത്തിയത്. ഇതിനിടയില്‍ നാല് തവണ പൊന്നിയന്‍ സെല്‍വന്‍ കണ്ടു.

ജപ്പാനില്‍ നിന്നുമെത്തിയ ആരാധകര്‍ക്കൊപ്പമുള്ള കാര്‍ത്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ചിത്രം കണ്ടു കഴിഞ്ഞപ്പോഴാണ് കാര്‍ത്തിയെ നേരിട്ടു കാണണമെന്ന ആഗ്രഹമുണ്ടായത്. അങ്ങനെ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജപ്പാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടായ Abk-Aots Dosokai Center ല്‍ എത്തി കാര്‍ത്തിയെ കാണാന്‍ സഹായം തേടി.

ഇക്കാര്യമാറിഞ്ഞ താരം തന്നെ തന്റെ ആരാധകരെ സ്വന്തം വസതിയിലേക്ക് ക്ഷണിച്ചു. വീട്ടില്‍ അതിഥികളെ സത്കരിച്ച കാര്‍ത്തി നിരവധി ഫോട്ടോയും ഇവര്‍ക്കൊപ്പം എടുത്തു.

ലോക്ക്ഡൗണ്‍ കാലത്ത് ചെന്നൈയിലെത്തിയപ്പോഴാണ് തെരുമിയും ഇസാവോയും കാര്‍ത്തിയുടെ ആരാധകരാകുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ചെന്നൈയിലെത്തിയ ഇരുവര്‍ക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തിരിച്ചുപോകാനായില്ല. തുടര്‍ന്ന് സമയം കളയാന്‍ തമിഴ് ചിത്രങ്ങള്‍ കണ്ടു. തമിഴ് ഭാഷ ആദ്യം വഴങ്ങിയില്ലെങ്കിലും സുഹൃത്തുക്കളുടെ സഹായത്തോടെ മനസ്സിലാക്കുകയായിരുന്നു.

തുടര്‍ന്ന് കാര്‍ത്തിയുടെ കൈതി കണ്ടു, കൈതിയില്‍ കാര്‍ത്തിയുടെ പ്രകടനം കണ്ട് അമ്പരന്നുവെന്നാണ് ഇരുവരും പറയുന്നു. ലോക്ക്ഡൗണിന് ശേഷം നാട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും തമിഴ് സിനിമകള്‍ കാണുന്നത് തുടര്‍ന്നു. ഇപ്പോഴിതാ സ്വപ്‌നം സഫലമായ സന്തോഷത്തിലാണ് ഇരുവരും നാട്ടിലേക്ക് തിരിച്ചുപോയത്.