കാവ്യാ മാധവന്‍ എന്ന പുതിയ കുട്ടി നായികയാകുന്നുവെന്ന് പറഞ്ഞ് അന്ന് എന്നെ ഒഴിവാക്കി, മറ്റൊരിക്കല്‍ വിലങ്ങായത് ദിവ്യാ ഉണ്ണി :മനസ്സുതുറന്ന് കാവേരി

ചുരുക്കം ചില നടിമാര്‍ക്ക് മാത്രം കിട്ടുന്ന ഒന്നാണ് ബാലതാരമായി മലയാള സിനിമ രംഗത്ത് എത്തുകയും പിന്നീട് നിലനിന്നു പോകാന്‍ കഴിയുകയും ചെയ്യുക എന്നത്. അത്തരത്തില്‍ ബാലതാരമായി സിനിമയില്‍ എത്തുകയും ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലുടെ കടന്നുപോകുകയും ചെയ്തയാളാണ് കാവേരി.

മലയാളത്തിലുപരി അന്യ ഭാഷകളിലാണ് കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ കാവേരിയെ തേടി എത്തിയത്. ഒരു സമയത്ത് സൗത്തിന്ത്യയില്‍ തിളങ്ങി നിന്ന നടിയാണ് കാവേരി.

‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍’ എന്ന ചിത്രമായിരുന്നു ആദ്യ ചിത്രം. പിന്നീട് മറുപുറം, വിഷ്ണുലോകം, സദയം തുടങ്ങിയ ചിത്രങ്ങളില്‍ കാവേരി ബാലതാരമായി അഭിനയിച്ചു. അതിനുശേഷം ചമ്പക്കുളംതച്ചന്‍ എന്ന ചിത്രത്തിലൂടെയാണ് നായിക നിരയിലേക്ക് താരം എത്തിയത്, പിന്നീടങ്ങോട്ട് നിരവധി മലയാള ചിത്രങ്ങളില്‍ നായികയായും, സഹ താരമായും കാവേരി എത്തിയിരുന്നു.

എന്നാല്‍, എടുത്തു പറയത്തക്ക ശക്തമായ കഥാപാത്രങ്ങള്‍ മലയാള സിനിമ രംഗത്ത് കാവേരിക്ക് കിട്ടിയിരുനില്ല. ഇപ്പോഴിതാ തനിക്ക് അന്ന് മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നവെന്നും എന്നാല്‍ അതൊക്കെ അന്നത്തെ ഒരു പ്രമുഖ നടി തട്ടിയെടുത്തെന്നുമാണ് ഇപ്പോള്‍ കാവേരി തുറന്ന് പറഞ്ഞിരിക്കുന്നത്.

നടിയുടെ വാക്കുകള്‍ ഇങ്ങനെ, തന്റെ വേഷങ്ങള്‍ തട്ടിയെടുത്തവരില്‍ ഒരാള്‍ ദിവ്യ ഉണ്ണിയാണ്. അക്കാലത്തെ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ പല ചിത്രങ്ങളിലും നായികയായി തന്നെയായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍ ആ ചിത്രങ്ങളുടെ അഡ്വാന്‍സ് വരെ നല്‍കിയ ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ആ ചിത്രങ്ങളില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തുകയായിരുന്നു എന്നുമാണ് കാവേരി പറയുന്നത്.

രാജസേനന്‍ സംവിധാനം ചെയ്ത് ജയറാമിനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘കഥാനായകന്‍’. ഈ ചിത്രത്തില്‍ നായികയായി തന്നെ തീരുമാനിച്ച് അഡ്വാന്‍സും വാങ്ങി അഭിനയിക്കുവാന്‍ ചെന്നപ്പോഴാണ് അറിയുന്നത് ആ റോള്‍ ദിവ്യ ഉണ്ണിക്കാണ്. അന്ന് താന്‍ കുറെ കരഞ്ഞുവെന്നും നടി പറയുന്നു. പിന്നീട് മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം വര്‍ണ്ണപകിട്ടിലും അങ്ങനെ തന്നെ. ആ ചിത്രത്തിനും അഡ്വാന്‍സ് ലഭിച്ചു. പക്ഷെ ഷൂട്ടിംഗിന് തൊട്ടുമുമ്പ് അറിയുന്നു ആ വേഷവും ദിവ്യ ഉണ്ണിക്കാണെന്ന്. അന്നും ഏറെ വിഷമിച്ചു.

അങ്ങനെയിരിക്കെ ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് തിരഞ്ഞെടുത്തു. അതും അഡ്വാന്‍സ് വാങ്ങിക്കുന്നതിന് തൊട്ടുമുമ്പ് കാവ്യ മാധവനെന്ന പുതിയ കുട്ടി നായികയാകുന്നുവെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയെന്നും കാവേരി പറയുന്നു. എന്നാല്‍, ഈ ചിത്രങ്ങളിലൊക്കെ എന്നെ ആരാണ് ഒതുക്കിയതെന്ന് എനിക്കറിയില്ല പക്ഷെ പിന്നീടങ്ങോട്ട് ഞാന്‍ സഹ നടിയുടെ ലേബലില്‍ ഒതുക്കപ്പെടുകയായിരുന്നു. കാവേരി വിഷമത്തോടെ പങ്കുവെക്കുന്നു.

നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2010ലാണ് തെലുങ്ക് സിനിമ സംവിധായകന്‍ സൂര്യ കിരണുമായി കാവേരി വിവാഹിത ആകുന്നത്. വൈകാതെ ആ ബന്ധം വേര്‍പിരിയുകയും ചെയ്തു.

Previous article‘അയാളുടെ സ്വകാര്യത കൂടി ഞാന്‍ പരിഗണിക്കണമല്ലോ’ പ്രണയത്തെ കുറിച്ച് അഞ്‌ലി അമീര്‍
Next article‘മലയാളികള്‍ എന്നെ ഒരിക്കലും ഒരു സെലിബ്രിറ്റി ആയി പരിഗണിച്ചിട്ടേയില്ല’ വിശേഷങ്ങളുമായി ലക്ഷ്മി നക്ഷത്ര