Malayalam Article

മൊഴിയില്‍ പൊരുത്തക്കേട്?: കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം?

നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യ പ്രതികളില്‍ ഒരാളുടെ ഭാര്യയും നടിയുമായ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ എത്തിയാണ് കാവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. നിലവില്‍ സാക്ഷി പട്ടികയിലുള്ള കാവ്യയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമോ എന്നതാണ് കേരളം ശ്രദ്ധയോടെ നോക്കിക്കാണുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ കൃത്യമായ തെളിവുകളുടെയും നിയമ ഉപദേശത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമാകും അന്വേഷണ സംഘം നിലപാട് സ്വീകരിക്കുക.

കാവ്യയുടെ ചോദ്യം ചെയ്യല്‍ നാലര മണിക്കൂര്‍ ദൈര്‍ഘ്യത്തിന് ഒടുവില്‍ പൂര്‍ത്തിയായതായിരുന്നു. കേസിന് ആസ്പദമായ ഗൂഢാലോചന പത്മ സരോവരം വീട്ടില്‍ വെച്ച് നടന്നതായ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയാണ് കാവ്യയുടെ ചോദ്യം ചെയ്യലിലേയ്ക്ക് എത്തിയത്. ഈ സമയം പത്മ സരോവരത്തില്‍ കാവ്യയും ഉണ്ടായിരുന്നു എന്നാണ് സംവിധായകന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

അതിജീവിതയും കാവ്യയും തമ്മിലുള്ള വിരോധമാണ് കേസിന് ആസ്പദമായ സംഭവത്തിലേയ്ക്ക് നയിച്ചതെന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് പറയുന്നതായ ഓഡിയോ സന്ദേശം നേരത്തെ പുറത്തു വന്നിരുന്നു. ഈ സന്ദേശത്തിലെ വിവരങ്ങളുടെ വസ്തുത അന്വേഷിക്കാനും, അതിജീവിതയും ദിലീപും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദിച്ചറിയാനും ആണ് അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ സത്യമെങ്കില്‍ ഗൂഢാലോചനയില്‍ കാവ്യയും പങ്കാളിയായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനും ഒരിക്കല്‍കൂടി ചോദ്യം ചെയ്യല്‍ നടത്താനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അത് തങ്ങള്‍ക്കു കൂടി അനുയോജ്യമായ സ്ഥലത്ത് തന്നെ വേണമെന്ന് അന്വേഷണ സംഘം ആവശ്യമുന്നയിച്ചതായും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലെ ആയിരുന്നു അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിനൊപ്പം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന ആരോപണം അന്വേഷിക്കുന്ന സംഘവും പത്മ സരോവരത്തില്‍ എത്തിയിരുന്നു. ഇവരും കാവ്യയെ ചോദ്യം ചെയ്തതായാണ് സൂചന.

Vishnu