ചോദ്യംചെയ്യലിന് ഹാജരാകാന്‍ അസൗകര്യം അറിയിച്ച് കാവ്യാ മാധവന്‍; വീട്ടില്‍ വെച്ചാകാമെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ അസൗകര്യം അറിയിച്ച് നടി കാവ്യാ മാധവന്‍. തിങ്കളാഴ്ച ഹാജരാകുന്നതിന് അസൗകര്യമറിയിച്ച് അവര്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കി. മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ബുധനാഴ്ച രണ്ട് മണിക്ക് ആലുവയിലെ വീട്ടില്‍ വച്ച് നടിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

കാവ്യയുമായി ബന്ധപ്പെട്ട ചില ഓഡിയോ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് വിളിച്ചത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ് ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ ശാസ്ത്രീയ പരിശോധന നടത്തിയതില്‍ നിന്ന് ചില സുപ്രധാനമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്.

നിലവില്‍ അന്വേഷണ സംഘം തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ്. ക്രൈംബ്രാഞ്ച് വധഗൂഢാലേചന കേസിലും കൂടുതല്‍ പരിശോധനകളിലേക്ക് കടക്കുമെന്നാണ് വിവരം. പ്രതി ദിലീപും അഭിഭാഷകനും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിരവധി തവണ കണ്ടതിന്റെ തെളിവുകളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരുടെ മൊഴി ഇന്ന് രാവിലെ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.

ദിലീപ് അടക്കം പ്രതികളുടെ ശബ്ദം തിരിച്ചറിയാനാണ് ക്രൈംബ്രാഞ്ച് മഞ്ജു വാര്യരെ വിളിച്ചു വരുത്തിയത്. കേസിലെ പ്രതികളുടെ ശബ്ദം മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞു. ദിലീപിന്റെയും ശബ്ദം മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ വെച്ചായിരുന്നു മഞ്ജുവിന്റെ മൊഴി എടുത്തത്.

Gargi