Malayalam Article

ചായ തേടി 22 കിലോ മീറ്റര്‍ യുവാക്കളുടെ യാത്ര..!! ഒടുവില്‍ പോലീസ് ഏമാന്മാരുടെ വക ചായ സല്‍ക്കാരം!!

ചില പ്രശ്‌നങ്ങളില്‍ ആഭ്യന്തരത്തെ തന്നെ പിടിച്ച് കുലുക്കുന്ന തരം പഴികള്‍ കേള്‍ക്കേണ്ടി വന്നിട്ടുള്ള വിഭാഗമാണ് കേരള പോലീസ്. പക്ഷേ, അപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി നൂറ് ശതമാനം സേവനം എന്നതിനോട് നീതി പുലര്‍ത്തുന്നവരും ജനങ്ങളെ സ്വന്തം സഹോദരങ്ങളെപ്പോലെ ചേര്‍ത്ത് പിടിക്കുന്ന പോലീസുകാരും ഇവിടെയുണ്ട്. അത്തരത്തിലുള്ള പല വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഒരു ആറംഗ സംഘ യുവാക്കള്‍ക്ക് പോലീസ് ഏമാന്‍മാര്‍ ഒരു ചായസല്‍ക്കാരം തന്നെ നടത്തിക്കൊടുത്ത വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

അര്‍ധരാത്രിയില്‍ സുഹൃത്തുക്കള്‍ക്ക് ഒരുമിച്ച് ചായകുടിച്ച് കുശലം പറയാന്‍ ഒരു മോഹം, പക്ഷേ അവിടെയെങ്ങും ചായ കിട്ടാത്തത് കൊണ്ട് ചായ തേടി 22 കിലോമീറ്ററാണ് ഈ ആറംഗസംഘം സഞ്ചരിച്ചത്. ഒടുവില്‍ പോലീസിന് മുന്നില്‍പ്പെട്ട ഇവര്‍ക്ക് പോലീസുകാര്‍ തന്നെ സ്‌റ്റേഷനില്‍ കൂട്ടിക്കൊണ്ട് പോയി ചായ കൊടുത്ത് വിടുകയായിരുന്നു. ആറംഗ സംഘത്തിന്റേയും അവര്‍ക്ക് ചായ നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരുടേയും വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മലപ്പുറം പെരുന്തല്‍മണ്ണയിലാണ് ഈ ചായവിരുന്ന് നടന്നത്. 22 കിലോ മീറ്റര്‍ അകലെയുള്ള മേലാറ്റൂര്‍ ആഞ്ഞിലങ്ങാടിയില്‍ നിന്നാണ് ഈ ആറംഗസംഘം ചായ അന്വേഷിച്ച് ഇറങ്ങിയത്.

രാത്രിയിലെങ്ങോട്ടാണെന്ന ചോദ്യത്തിന് ചായ അന്വേഷിച്ചിറങ്ങിയതാണെന്ന് ആറംഗസംഘത്തിന്റെ മറുപടി. ഇത്രയും ദൂരം താണ്ടി വന്ന ഇവരെ ചായ കൊടുക്കാതെ വിടുന്നത് എങ്ങനെ എങ്ങനെയാണ്… എസ്‌ഐയും സംഘവും നേരെ ഇവരേയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോയി. ഇത്രയും ദൂരം ചായ അന്വേഷിച്ചെത്തിയവര്‍ക്കുള്ള സ്‌നേഹ സമ്മാനമാണെന്ന് പറഞ്ഞുകൊണ്ട് എസ്‌ഐയുടെ നേതൃത്വത്തില്‍ തന്നെ ചായയും നല്‍കി. അര്‍ധരാത്രി 22 കിലോമീറ്റര്‍ താണ്ടി ചായ കുടിക്കാനിറങ്ങിയ യുവാക്കള്‍ക്ക് സംഭവിച്ചത്.. കണ്ടാല്‍ നിങ്ങള്‍ ഞെട്ടും എന്ന കുറിപ്പോടെ കേരള പോലീസിന്റെ ഓഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

 

 

Aswathy