കനത്ത മഴ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റി വെച്ചു

നാളെ തിരുവനന്തപുരത്ത് വെച്ച് നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് മാറ്റി വെച്ചു. സംസ്ഥാനത്തെ തുടരുന്ന അതിതീവ്ര മഴയെത്തുടര്‍ന്ന് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സാംസ്‌കാരിക വകുപ്പ്…

നാളെ തിരുവനന്തപുരത്ത് വെച്ച് നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് മാറ്റി വെച്ചു. സംസ്ഥാനത്തെ തുടരുന്ന അതിതീവ്ര മഴയെത്തുടര്‍ന്ന് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സാംസ്‌കാരിക വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളെ വൈകിട്ട് 3ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്.

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മെയ് 27 ന് ആണ് പ്രഖ്യാപിച്ചത്. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവര്‍ മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ പങ്കിട്ടു. രേവതിക്കായിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം. ആര്‍ക്കറിയാം എന്ന ചിത്രമാണ് ബിജു മേനോനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 72 വയസുകാരനായിട്ടായിരുന്നു ബിജു മേനോന്‍ ചിത്രത്തില്‍ അഭിനയിച്ചത്. നായാട്ട്, മധുരം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ജോജു ജോര്‍ജ് അവാര്‍ഡ് നേടിയത്.

ഭൂതകാലത്തിലെ അഭിനയത്തിനാണ് രേവതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. നാല് പതിറ്റാണ്ടിന്റെ അഭിനയാനുഭവമുള്ള രേവതിക്ക് ലഭിക്കുന്ന ആദ്യ സംസ്ഥാന പുരസ്‌കാരമായിരുന്നു ഇത്. ‘വിഷാദ രോഗവും കടുത്ത ഏകാന്തതയും വിടാതെ വേട്ടയാടുന്ന ഭൂതകാല സ്മരണകളും ചേര്‍ന്ന് പ്രക്ഷുബ്ധമാക്കിയ ഒരു പെണ്‍ മനസ്സിന്റെ വിഹ്വലതകളെ അതിസൂഷ്മമായ ഭാവപ്പകര്‍ച്ചയില്‍ പ്രതിഫലിപ്പിച്ച അഭിനയ മികവിന്, എന്നാണ് രേവതിയുടെ പ്രകടനത്തെക്കുറിച്ച് അവാര്‍ഡ് പ്രഖ്യാപന വേളയില്‍ ജൂറി വിശേഷിപ്പിച്ചത്.

കൃഷാന്ദ് ആര്‍ കെ സംവിധാനം ചെയ്ത ആവാസവ്യൂഹമായിരുന്നു മികച്ച ചിത്രം. മികച്ച സംവിധായകനായി ദിലീഷ് പോത്തന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജോജിയായിരുന്നു അദ്ദേഹത്തെ അവാര്‍ഡിനര്‍ഹമാക്കിയ സിനിമ. മികച്ച സംവിധായകനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങള്‍ ജോജിക്ക് ലഭിച്ചിരുന്നു. മികച്ച സ്വഭാവനടിയായി ഉണ്ണിമായ പ്രസാദും അവലംബിത തിരക്കഥക്ക് ശ്യാം പുഷ്‌കരനും പശ്ചാത്തല സംഗീതത്തിന് ജസ്റ്റിന്‍ വര്‍ഗീസും നേടിയ അവാര്‍ഡുകള്‍ ഉള്‍പ്പെടെയായിരുന്നു ഇത്.