കെ.ജി.എഫ് ഒ.ടി.ടിയിലേയ്ക്ക്, വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്: റിലീസ് ഈ മാസം തന്നെ: ചരിത്രം തിരുത്തി റോക്കി ഭായ്

ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ആവേശം ഉണര്‍ത്തി ഒടുവില്‍ ആ വാര്‍ത്ത പുറത്തുവന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ചരിത്രത്തെ മാറ്റിക്കുറിച്ച ബ്രഹ്‌മാണ്ഡ ചിത്രം കെ. ജി. എഫ് ചാപ്റ്റര്‍ 2 ഒടുവില്‍ ഒ. ടി. ടി…

ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ആവേശം ഉണര്‍ത്തി ഒടുവില്‍ ആ വാര്‍ത്ത പുറത്തുവന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ചരിത്രത്തെ മാറ്റിക്കുറിച്ച ബ്രഹ്‌മാണ്ഡ ചിത്രം കെ. ജി. എഫ് ചാപ്റ്റര്‍ 2 ഒടുവില്‍ ഒ. ടി. ടി യില്‍ എത്തുന്നു. നിലവില്‍ വന്‍ വിജയമായി 1000 കോടിയും കടന്ന് പ്രദര്‍ശനം തുടരുന്ന ചിത്രം ഈ മാസം തന്നെ ഒ. ടി. ടിയില്‍ എത്തും.

ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തെ സ്വന്ത്രമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ റെക്കോര്‍ഡ് നിരക്കില്‍ വിറ്റുപോയ ചിത്രം എന്ന റെക്കോര്‍ഡും ഇനി കെ. ജി. എഫിന് സ്വന്തം. 320 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.

ചിത്രം മെയ് 27 മുതല്‍ ഒ. ടി. ടിയില്‍ സ്ട്രീമിംഗ് തുടങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിച്ചത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ‘കെ ജി എഫ് 2’ ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത് ഉജ്വല്‍ കുല്‍ക്കര്‍ണി. സഞ്ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തിയത്.

‘കെ ജി എഫ് ചാപ്റ്റര്‍ 2’ ഐമാക്‌സ് ഫോര്‍മാറ്റിലും റിലീസ് ചെയ്തിരുന്നു. ഐമാക്‌സ് റിലീസ് ചെയ്യുന്ന ആദ്യ കന്നഡ ചിത്രം എന്ന നേട്ടവും കെ. ജി. എഫ് സ്വന്തമാക്കിയിരുന്നു. സാധാരണ ഫോര്‍മാറ്റില്‍ ഉള്ള റിലീസിനേക്കാള്‍ ഒരു ദിവസം മുന്‍പേ ഐമാക്‌സില്‍ പ്രദര്‍ശനത്തിനെത്തി എന്നതും പ്രത്യേകതയാണ്. ഏപ്രില്‍13 ന് ആയിരുന്നു ചിത്രത്തിന്റെ ഐമാക്‌സ് റിലീസ്.

പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം, ആദ്യ ഭാഗം സൃഷ്ടിച്ച തരംഗത്തിന്റെ പതിന്മടങ്ങ് തരംഗം സൃഷ്ടിച്ചു കൊണ്ടാണ് തിയേറ്ററുകളില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയത്. കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്.

റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദ്യ ദിന കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോര്‍ഡും കെ. ജി. എഫ് സ്വന്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ ഒടിയനെ ആണ് ചിത്രം പിന്തള്ളിയത്. പാന്‍ ഇന്ത്യയിലും ചിത്രം റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി.