‘ഒരുകൂട്ടം സാധാരണ കര്‍ഷകരുടെ നിലനില്പ്പിനെയാണ് മഞ്ജു വെല്ലുവിളിക്കുന്നത്’ മലയോര ജനത

കേരള വനം വന്യജീവി വകുപ്പിന് വേണ്ടി മഞ്ജു വാര്യര്‍ അഭിനയിച്ച പരസ്യത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മലയോര ജനത. സ്വാഭാവിക വനം തിരിച്ചുപിടിക്കാന്‍ ആഹ്വാനം ചെയ്ത മഞ്ജു വാര്യരുടെ വിഡിയോയ്ക്ക് എതിരെയാണ് കിഫ(കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേര്‍സ്…

kifa-responds-to-manju-warrier-video-regarding-forest-conservation

കേരള വനം വന്യജീവി വകുപ്പിന് വേണ്ടി മഞ്ജു വാര്യര്‍ അഭിനയിച്ച പരസ്യത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മലയോര ജനത. സ്വാഭാവിക വനം തിരിച്ചുപിടിക്കാന്‍ ആഹ്വാനം ചെയ്ത മഞ്ജു വാര്യരുടെ വിഡിയോയ്ക്ക് എതിരെയാണ് കിഫ(കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേര്‍സ് അസോസിയേഷന്‍) ഉള്‍പ്പടേയുള്ള മലയോര മേഖലയിലെ സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നത്. വായിക്കുന്ന ശീലം ഉണ്ടെങ്കില്‍ ഹരിതഗൃഹ വാതക നിര്‍ഗ്ഗമനത്തെ പറ്റിയും അതിന്റെ തോതിനെ പറ്റിയും വായിച്ചാല്‍ വസ്തുതകള്‍ മഞ്ജുവിനും ബോധ്യപ്പെടും.’- എന്നും കിഫ പ്രസ്താവനയിലൂടെ അറിയിക്കുന്നു.

പൂര്‍ണ്ണരൂപം ഇങ്ങനെ

പിച്ചവച്ചു തുടങ്ങുന്നതിനുമുമ്പ് ആനയുടെ ക്രൂരതയുടെ മുന്നില്‍ ജീവന്‍ നഷ്ടപ്പെട്ട അഗ്‌നിമിയ എന്ന കുരുന്നിന്റെയും വന്യമൃഗ ആക്രമണത്തില്‍ പൊലിഞ്ഞുപോയവരുടെയും ഓര്‍മ്മയ്ക്ക് മുന്‍പില്‍ നമിച്ചുകൊണ്ടു ചില ഓര്‍മ്മപ്പെടുത്തലുകള്‍. വനദിനത്തോട് അനുബന്ധിച്ചു വന്ന മഞ്ജുവിന്റെ വീഡിയോ സന്ദേശം നിങ്ങളില്‍ പലരും കണ്ടു കാണും, പണ്ട് വേനലവധി കഴിഞ്ഞു സ്‌കൂള്‍ തുറക്കുമ്പോള്‍ വന്നിരുന്ന മഴ ഇപ്പോള്‍ ഇല്ല എന്നാണ് മഞ്ജു വിലപിക്കുന്നത്. അതില്‍ സംശയം ഇല്ല, സത്യം തന്നെ! പ്രകൃതിക്ക് വന്ന ഈ മാറ്റത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും മഞ്ജു തന്നെ സൂചിപ്പിക്കുന്നു, അതിനോടും പൂര്‍ണ്ണമായി യോജിക്കുന്നു. തീര്‍ന്നില്ല കാലാവസ്ഥാ വ്യതിയാനത്തെ ഒരു പരിധി വരെ ചെറുക്കാന്‍ വനങ്ങള്‍ക്കു കഴിയും എന്നാണ് മഞ്ജു അടുത്തതായി പൊതുസമൂഹത്തോട് പറയുന്നത്. ഇവിടെ മുതല്‍ കിഫയ്ക്ക് മഞ്ജുവിനോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്.

കേരളം മുഴുവന്‍ വനം ആക്കിയാല്‍ കാലാവസ്ഥാ വ്യതിയാനം പൂര്‍ണ്ണമായി ചെറുക്കാന്‍ കഴിയുമോ? ഒരിക്കലും ഇല്ല എന്ന് നിങ്ങള്‍ക്ക് ഈ സ്‌ക്രിപ്റ്റ് എഴുതി തന്ന വ്യക്തികള്‍ക്ക് പൂര്‍ണ്ണബോധ്യം ഉണ്ട്. വായിക്കുന്ന ശീലം ഉണ്ടെങ്കില്‍ ഹരിതഗൃഹ വാതക നിര്‍ഗ്ഗമനത്തെ പറ്റിയും അതിന്റെ തോതിനെ പറ്റിയും വായിച്ചാല്‍ വസ്തുതകള്‍ മഞ്ജുവിനും ബോധ്യപ്പെടും. അടുത്തതായി മഞ്ജു പറയുന്നത് സ്വാഭാവിക വനം തിരിച്ചു പിടിക്കണം എന്നാണ്. എന്ന് മുതല്‍ നഷ്ടപ്പെട്ട സ്വാഭാവിക വനമാണ് മഞ്ജു തിരിച്ചു പിടിക്കേണ്ടത്? എവിടെയുള്ള സ്വാഭാവിക വനമാണ് മഞ്ജു തിരിച്ചു പിടിക്കേണ്ടത്? 1980 മുതല്‍ കേരളത്തിലെ സ്വാഭാവിക വനം 29 ശതമാനമായി നിലനില്‍ക്കുന്നു, അത് കൂടിവരുന്നു. അതുകൊണ്ടു തന്നെ കേരളത്തില്‍ എവിടെ ആണ് സ്വാഭാവിക വനം നശിപ്പിക്കപ്പെടുന്നത് എന്നും ആരാണ് നശിപ്പിക്കുന്നത് എന്ന് അറിയാന്‍ ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ട്.

യാഥാര്‍ത്ഥത്തില്‍ ഇത്തരം ഒരു പ്രസ്താവനയിലൂടെ, ഒരു കാലഘട്ടത്തില്‍ കേരളത്തില്‍ പട്ടിണി മരണങ്ങള്‍ ഒഴിവാക്കാനായി സര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തില്‍, ഭരണ സംവിധാനത്തിന്റെ ആവശ്യപ്രകാരം സ്വന്തം ജീവന്‍പോലും വകയ്ക്കാതെ മലയോര മേഖലയിലേക്ക് കുടിയേറിയ, ചങ്കുറപ്പ് ഒന്നു മാത്രം മൂലധനമായി ഉണ്ടായിരുന്ന, ഇന്ന് വന്യമൃഗങ്ങളും, വനംവകുപ്പും, കപട പരിസ്ഥിതി തീവ്രവാദികളും ഒരുമിച്ചു നിന്ന് വേട്ടയാടുന്ന മലയോര മേഖലയിലെ നാനാമതസ്ഥരായ ഒരുകൂട്ടം സാധാരണ കര്‍ഷകരുടെ നിലനില്പ്പിനെയാണ് മഞ്ജു, നിങ്ങള്‍ വനംവകുപ്പിന്റെ ഒരു ഉപകരണമായി നിന്നുകൊണ്ട് വെല്ലു വിളിക്കുന്നത്. ഇനി മഞ്ജു പറഞ്ഞ വിഷയത്തിലേക്ക് തിരിച്ചു വരാം, സ്വാഭാവിക വനങ്ങള്‍ തിരിച്ചു പിടിക്കുന്നത് അവിടെ നില്‍ക്കട്ടെ, നിലവില്‍ 30% ഉള്ള കേരളത്തിലെ വനങ്ങള്‍ ശരിയായ രീതിയില്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ? കേരളത്തിലെ വനങ്ങള്‍ ശരിയായ രീതിയില്‍ സംരക്ഷിക്കപ്പെടുന്നില്ല എന്ന് തന്നെയാണുത്തരം. കാരണം, കേരളത്തിലെ വന സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും വനംവകുപ്പ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് ധനസമ്പാദന മാര്‍ഗ്ഗം മാത്രം ആണ് (അംഗീകരിക്കപ്പെടേണ്ട കുറച്ചു നല്ല ഉദ്യോഗസ്ഥര്‍ ഇന്നും വനംവകുപ്പില്‍ ഉണ്ട് എന്ന കാര്യവും ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു).

ഇതിന്റെ നേര്‍ചിത്രങ്ങള്‍ ആണ് വര്‍ഷാവര്‍ഷം നടത്തുന്ന വൃക്ഷ തൈ നിര്‍മ്മാണവും വിതരണവും, നടീലും, പരിപാലനവും. എല്ലാ വര്‍ഷവും തൈകള്‍ വയ്ക്കുന്നു, നശിക്കുന്നു അടുത്ത വര്‍ഷം വീണ്ടും വയ്ക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ഓരോ വര്‍ഷവും ഇതിലൂടെ കൊള്ളയടിക്കപ്പെടുന്നത് കോടികള്‍ ആണ്.
മറ്റൊരു തട്ടിപ്പു മേഖല ആണ് വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ എന്ന പേരില്‍ ചിലവഴിക്കുന്ന കോടികള്‍. ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഇതില്‍ ഏറ്റവും ലാഭകരമായതു ആനയെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ നടത്തുന്ന പ്രഹസനങ്ങള്‍ ആണ്. കിലോമീറ്ററിന് കോടികള്‍ മുടക്കി നടത്തിയ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പാളിച്ചകള്‍ കിഫ മുന്‍പ് പുറത്തു വിട്ടിരുന്നു, വൈകാതെ മെക്കാനിക്കല്‍, സിവില്‍ എഞ്ചിനീയറിംഗ് വിദഗ്ദ്ധരുടെ പഠനം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ കിഫ പുറത്തു വിടുകയും ചെയ്യുന്നതായിരിക്കും

വന വിസ്തൃതി അടിസ്ഥാനമാക്കി 500 മുതല്‍ 700 വരെ ആനകളെ മാത്രം ഉള്‍കൊള്ളാന്‍ ശേഷിയുള്ള കേരളത്തില്‍ ഇപ്പോള്‍ 6000-ല്‍ അധികം ആനകളാണ് ഉള്ളത്. ശരാശരി 150 കിലോ ഭക്ഷണം എന്ന നിരക്കില്‍ ഒരു ദിവസം ഈ ആനകള്‍ തിന്നു തീര്‍ക്കുന്നത് 9,00,000 കിലോഗ്രാം വനമാണ് (അത്രയും ഭക്ഷിക്കുമ്പോള്‍, പാഴാക്കി കളയുന്ന ഭഷ്യവസ്തുക്കള്‍ അത്രത്തോളമോ അതിലധികമോ തന്നെ ഉണ്ടാവും). ഈ രീതിയില്‍ ഏതാനം വര്‍ഷങ്ങള്‍കൊണ്ട് കേരളത്തിലെ ആനകള്‍ തന്നെ നമ്മുടെ വനത്തെ മരുഭൂമി ആക്കിമാറ്റിയേക്കാം. ശാസ്ത്രീയമായ കള്ളിങ്ങ്, റീലൊക്കേഷന്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ എണ്ണം ക്രമീകരിച്ചാല്‍ ആനപ്രതിരോധം എന്ന പേരില്‍ കൈകളിലേക്ക് എത്തുന്ന വന്‍തുക ഇല്ലാതാകും എന്ന ഒറ്റക്കാരണം കൊണ്ട് ഇക്കാര്യത്തില്‍ വനംവകുപ്പ് കുറ്റകരമായ അനാസ്ഥയാണ് നാള്‍ ഇതുവരെ പുലര്‍ത്തിയിട്ടുള്ളത്. നിലവില്‍ ഉള്ള സ്വാഭാവിക വനം ശരിയായി സംരക്ഷിച്ചതിനു ശേഷം പോരെ തിരിച്ചു പിടിക്കാന്‍ പോകുന്നത്? കാലാവസ്ഥാ വ്യതിയാനത്തെ പറ്റി വ്യാകുലപ്പെടുന്ന മഞ്ജുവിന്റെ കാര്‍ബണ്‍ ഫുട്ട്പ്രിന്റ് ഓഡിറ്റിംഗ് നടത്തി ഈ വീഡിയുടെ ഒപ്പം പരസ്യപ്പെടുത്തിയിരുന്നെങ്കില്‍ കുറച്ചു ആളുകള്‍ക്ക് ഒരു പ്രചോദനം ആയേനെ. നിങ്ങള്‍ അത് മറന്നുപോയ സ്ഥിതിക്ക് ഒരു കാര്‍ബണ്‍ ഓഡിറ്റിംഗ് നടത്തി അതിലെ കണ്ടെത്തലുകള്‍ പൊതു സമൂഹത്തിനു മുന്‍പില്‍ എത്തിച്ചു നിങ്ങളെ സഹായിക്കാനുള്ള ചുമതല കിഫ ഏറ്റെടുത്ത വിവരവും സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

വാല്‍ക്കഷ്ണം: കുറച്ചു കാലം മുന്‍പ് വരെ മരം നട്ടാല്‍ എല്ലാം ശരിയാകും എന്നു പറഞ്ഞിരുന്ന വനംവകുപ്പ് ആ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുന്നു, വളരെ സന്തോഷം. എങ്കിലും യാഥാര്‍ഥ്യങ്ങളിക്ക് ഇനിയും ഒരുപാട് ദൂരം ഉണ്ട്.