പ്രിയ താരജോഡി വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുന്നു! ‘കിഷ്‌കിന്ധാ കാണ്ഡം’ വരുന്നു!

മലയാളി സിനിമാ പ്രേമികളുടെ ഇഷ്ടപ്പെട്ട ഓണ്‍സ്‌ക്രീന്‍ താര ജോഡികളായ ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും മറ്റൊരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു. കിഷ്‌കിന്ധാ കാണ്ഡം എന്നു പേരിട്ടിരിക്കുന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് എത്തുന്നത്. ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചതോടെ സിനിമാ പ്രേമികളും ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. പൃഥ്വിരാജാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

പേരിലും പോസ്റ്ററിലും ഏറെ കൗതുകം ഉണര്‍ത്തുന്ന ഈ സിനിമയില്‍ ആസിഫിനും അപര്‍ണയ്ക്കും പുറമെ വിജയരാഘവനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നു. വിവേകശാലികളായ മൂന്ന് കുരങ്ങന്മാരുടെ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈനായി നല്‍കിയിരിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ബാഹുല്‍ രമേശ് സിനിമയ്ക്ക് രചനയും ഛായാഗ്രണവും ഒരുക്കുന്നു.

ആസിഫും അപര്‍ണയും ഒന്നിച്ച് എത്തിയ സണ്‍ഡേ ഹോളിഡേ എന്ന സിനിമ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മലയാള സിനിമയുടെ യുവതാരനിരയിലെ മിന്നും താരങ്ങളായി മാറിയ ആസിഫും അപര്‍ണയും പുതിയ ഒരുപാട് സിനിമകളുമായി തിരക്കിലാണ്.

Asifali (3)

കൊത്താണ് ആസിഫിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ശക്തമായ രാഷ്ട്രീയകഥ പറഞ്ഞ സിനിമയായിരുന്നു ഇത്. കാപ്പ എന്ന ഷാജി കൈലാസ് ചിത്രമാണ് അപര്‍ണയുടേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. പൃഥ്വിരാജ് നായകനായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്.

Previous articleശ്രീരാമേട്ടൻ ഒരു തമാശ പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ മമ്മുക്ക ഗൾഫ് ഷോയിൽനിന്ന് ഒഴിവാക്കി വിമർശിച്ച് ഹരീഷ് പേരടി !!
Next articleഇരിക്കൂറിലെ ദൃശ്യം മോഡൽ കൊലപാതകം; രണ്ടാം പ്രതിയേയും പിടികൂടി !!