‘ബിഎംഡബ്ല്യു ബൈക്ക് മേടിക്കുമ്പോള്‍ നമ്മുടെ പഞ്ചായത്ത് വഴി വരണേ’ മഞ്ജു വാര്യര്‍ക്ക് കത്തുമായി കെ പി സുനന്ദ

വ്യത്യസ്തമായ പ്രമോഷന്‍ വര്‍ക്കുകളാണിപ്പോള്‍ മലയാള സിനിമാ മേഖലയില്‍ നടക്കുന്നത്. ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ വ്യത്യസ്തമായി പ്രൊമോഷന്‍ നടത്തിയത് വൈറലായിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ‘വെള്ളരിപട്ടണ’ത്തിന്റെ സിനിമയുടെ പ്രമോഷനാണ് ശ്രദ്ധിക്കപ്പെടുന്നത്.

ബൈക്കോടിക്കാന്‍ ലൈസന്‍സ് നേടിയ മഞ്ജു വാര്യര്‍ക്ക് അഭിനന്ദനക്കത്തുമായാണ് ചിത്രത്തിലെ ഒരു കഥാപാത്രം രംഗത്തെത്തിയിരിക്കുന്നത്. ‘വെള്ളരിപട്ടണ’ത്തിലെ നായിക കെ പി സുനന്ദ മഞ്ജു വാര്യര്‍ക്ക് കത്തെഴുതുകയാണ് ചെയ്തത്. താന്‍ സ്‌കൂട്ടര്‍ പഠിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്നും ധൈര്യമുള്ളതിനാല്‍ മഞ്ജുവിന് ഇതൊക്കെ നിസാരമായിരിക്കുമെന്നും സുനന്ദ കത്തില്‍ പറയുന്നു.
കത്ത് ഇങ്ങനെ:
”എത്രയും പ്രിയപ്പെട്ട മഞ്ജു വാര്യര്‍,
ബൈക്കോടിക്കുവാനുള്ള ലൈസന്‍സ് എടുത്തെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം. അഭിനന്ദനങ്ങള്‍! ഹോ..ഞാനൊക്കെ ഒരു ലൈസന്‍സ് എടുക്കാന്‍ പെട്ട പാട് എനിക്കറിയാം. പിന്നെ എന്റെ ആശാന്‍ കെ പി സുരേഷ് ആയിരുന്നല്ലോ. അതിന്റെ പേരിലുള്ള കണക്ക് ഇപ്പോഴും തീര്‍ന്നിട്ടില്ല. (ഇന്നലെയും 500രൂപ മേടിച്ചോണ്ട് പോയി.) മഞ്ജുവിന് പഠനവും ലൈസന്‍സ് എടുക്കലും ധൈര്യമുള്ളതുകൊണ്ട് ഈസി ആയിരുന്നു എന്നറിയാം. ഞാനിപ്പോഴും ആ പഴയസ്‌കൂട്ടറില്‍ പാല്‍പാത്രവും വച്ചുകെട്ടി ഇവിടൊക്കെ കറങ്ങി നടക്കുന്നുണ്ട്. പുതിയ ബിഎംഡബ്ല്യു ബൈക്ക് മേടിക്കുമ്പോള്‍ നമ്മുടെ പഞ്ചായത്ത് വഴി വരണേ.
ഇവിടെ ഹരിതകര്‍മസേനക്കാരും തൊഴിലുറപ്പ് ചേച്ചിമാരും സെല്‍ഫി എടുക്കാന്‍ കാത്തിരിക്കുയാണ്. എന്റെ കഥ തിയേറ്ററില്‍ വരുമ്പോള്‍ കാണാന്‍ മറക്കരുതേ. ചിരിവരും. ഉറപ്പ്. അയല്‍ക്കൂട്ടത്തിന്റെ ഒരു മീറ്റിങ് ഉണ്ട്. തത്കാലം നിര്‍ത്തുന്നു. ജയ്ഹിന്ദ്.
സ്നേഹത്തോടെ,കെ പി സുനന്ദ”.

അടുത്തിടെ മഞ്ജു വാര്യര്‍ ഇരുചക്രവാഹനം ഓടിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. അതേസമയം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന വെള്ളരിപട്ടണത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയറാണ് സിനിമ. മഞ്ജു കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരന്‍ കെ പി സുരേഷ് ആയി സൗബിന്‍ ഷാഹിര്‍ അഭിനയിക്കുന്നു. തുണിവിനും ആയിഷയ്ക്കും പിന്നാലെ തിയേറ്ററിലെത്തുന്ന മഞ്ജുവാര്യര്‍ ചിത്രമാണ് വെള്ളരിപട്ടണം.

Gargi