‘സിനിമയെ നിരൂപണം ചെയ്യാന്‍ ആരുടെയെങ്കിലും തിട്ടൂരം അനുസരിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തം’ കെ പി വ്യാസന്‍

സിനിമ നിരൂപണം എഴുതുന്നവര്‍ സിനിമയെക്കുറിച്ച് എല്ലാം പഠിച്ചിരിക്കണമെന്ന് സംവിധായക അഞ്ജലി മേനോന്‍ പറഞ്ഞിരുന്നു. ഇതോടെ സംവിധായകയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ കെ പി വ്യാസന്‍ രംഗത്ത്. ‘ഏതെങ്കിലും ഒരു നിരൂപകന്‍ പൊക്കി അടിച്ചാല്‍ ഒരു സിനിമയും ഓടില്ല, ഏതെങ്കിലും ഒരു നിരൂപകന്‍ താഴ്ത്തി കെട്ടിയാല്‍ ഒരു നല്ല സിനിമയും പരാജയപ്പെടുകയും ഇല്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘പുറത്തിറങ്ങുന്നത് വരെ മാത്രമാണ് സിനിമ സംവിധായകന്റേത്, നിര്‍മ്മാതാവിന്റെത്, നായകന്റേത്, നായികയുടേത്, മറ്റ് അണിയറ പ്രവര്‍ത്തകരുടേത്, റിലീസ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ ആ ചിത്രം പ്രേക്ഷകന്റേതാണ്, നൂറും ഇരുന്നൂറും 300 രൂപ(അതിലധികവും)കൊടുത്ത് അവന്‍ കാണുന്ന സിനിമയെക്കുറിച്ച് അവന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ പിന്നെ അവന്‍ എന്തിന് സിനിമ കാണാന്‍ വരണം? പ്രേക്ഷകന്‍ ഇല്ലാതെ പിന്നെ എന്ത് സിനിമ? പ്രേക്ഷകനെ സിനിമയുടെ സാങ്കേതിക വശങ്ങള്‍ പഠിപ്പിക്കാന്‍ നില്‍ക്കാതെ നല്ല സിനിമ ചെയ്യാന്‍ ശ്രമിക്കുകയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്, ഏതെങ്കിലും ഒരു നിരൂപകന്‍ പൊക്കി അടിച്ചാല്‍ ഒരു സിനിമയും ഓടില്ല, ഏതെങ്കിലും ഒരു നിരൂപകന്‍ താഴ്ത്തി കെട്ടിയാല്‍ ഒരു നല്ല സിനിമയും പരാജയപ്പെടുകയും ഇല്ല. പുറത്തിറങ്ങിയ സിനിമയെ ന്യായീകരിച്ച് നാണം കെടാന്‍ നില്‍ക്കുന്നത് കഴിവല്ല കഴിവുകേടാണ്. എല്ലാം തികഞ്ഞവരായി ആരുമില്ല എന്ന് ആദ്യം മനസ്സില്‍ ഉറപ്പിക്കുക. സിനിമയ്ക്ക് ഒരേ ഒരു രാജാവേ ഉള്ളൂ അത് പ്രേക്ഷകനാണ്. അത് മനസ്സിലാക്കിയാല്‍ തീരാവുന്നതേയുള്ളൂ ഈ പഠിപ്പിക്കല്‍.
എന്ന്,
വിശ്വസ്തതയോടെ,
ആദ്യം പ്രേക്ഷകനും പിന്നെ, ചലച്ചിത്ര പ്രവര്‍ത്തകനുമായ ഞാന്‍
NB. ഓരോ പ്രേക്ഷകന്റെയും വിരല്‍ത്തുമ്പില്‍ അവനവന്റേതായ സ്വന്തം മാധ്യമം ഉള്ള ഈ കാലത്ത് അവന്റെ പണം കൊടുത്ത് കാണുന്ന സിനിമയെ നിരൂപണം ചെയ്യാന്‍ ആരുടെയെങ്കിലും തിട്ടൂരം അനുസരിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തം ആണെന്നും പറഞ്ഞാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

‘നിരൂപകര്‍ക്ക് പലപ്പോഴും സിനിമയുടെ സാങ്കേതികതയെപ്പറ്റി അറിവുണ്ടാകില്ല. ഒരു സിനിമ എങ്ങനെയാണ് ഉണ്ടാവുന്നതെന്ന് അറിയേണ്ടത് അത്യാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. സിനിമയ്ക്ക് ലാ?ഗ് ഉണ്ട് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോഴാണ് എനിക്ക് ഏറ്റവും ചിരി വരാറുള്ളത്. എന്താണ് അത് എഡിറ്റിംഗ് എന്ന പ്രക്രിയ എന്താണ്? ഇങ്ങനെയുള്ള അഭിപ്രായം പറയുന്നതിന് മുന്‍പേ അത് ആദ്യം കുറച്ചെങ്കിലും ഒന്ന് അറിഞ്ഞിരിക്കണം’, തന്റെ പുതിയ ചിത്രമായ വണ്ടര്‍ വിമെനിന്റെ റിലീസിനു മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലിയുടെ അഭിപ്രായപ്രകടനം.

Gargi