Thursday, May 19, 2022
HomeFilm Newsവിജിയുടെ മകൻ അല്ലേ എന്ന ചോദ്യം പതുക്കെ പതുക്കെ കൃഷ്ണകുമാർ അല്ലെ എന്നായി തുടങ്ങിയിരുന്നു

വിജിയുടെ മകൻ അല്ലേ എന്ന ചോദ്യം പതുക്കെ പതുക്കെ കൃഷ്ണകുമാർ അല്ലെ എന്നായി തുടങ്ങിയിരുന്നു

മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് കൃഷ്ണകുമാർ, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ ആരാധകരുമായി പങ്കുവക്കാറുണ്ട്, ഇപ്പോൾ തന്റെ കുട്ടികാലം മുതൽ ഉള്ള മേൽവിലാസം മാറിയതിനെക്കുറിച്ച് താരം പറയുകയാണ് ഇപ്പോൾ, താരത്തിന്റെ വാക്കുകൾ ഇങ്ങനെ, മാറുന്ന മേൽവിലാസങ്ങൾ.. 53 വർഷങ്ങൾക്കു മുൻപ് എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ, ഗാന്ധി സ്‌ക്വയറിനടുത്തായിരുന്നു ജനനം.. അച്ഛൻ വി. ജി. നായർ, അമ്മ രത്നമ്മ.. 1960 തുകളുടെ അവസാനം അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ടു ഫാക്ടിന്റെ അമ്പലമേട് ക്വാർട്ടേഴ്‌സിലേക്ക് മാറി. അന്ന് സ്കൂളിൽ ചേർക്കുമ്പോൾ എന്റെ “മേൽവിലാസം” വി ജി നായർ എന്ന അച്ഛന്റെ മകൻ എന്നതായിരുന്നു.. വി ജി യുടെ മകൻ അല്ലേ, രത്നമ്മയുടെ ഇളയ മകൻ അല്ലേ..പരിചയക്കാർ ചോദിക്കുമായിരുന്നു. അന്ന് നമ്മുടെ ലോകം മാതാപിതാക്കളെ ചുറ്റി പറ്റി ആയിരുന്നു. അവരിലൂടെ ആണ് നമ്മൾ അറിയപ്പെട്ടിരുന്നത്. വർഷങ്ങൾ കടന്നു പോയി. 1989. ദൂരദർശനിൽ ന്യൂസ്‌റീഡർ ആയി ജോലികിട്ടിയ വർഷം.

അതിനു ശേഷം സീരിയൽ. പിന്നെ സിനിമ. യാത്രകളിലും മറ്റും ആളുകൾ കുറച്ചു നേരം മുഖത്ത് നോക്കും. ചെറു ചിരിയോടെ ചോദിക്കും.. കൃഷ്ണകുമാർ അല്ലേ. മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം ഉണ്ടാകും. പതുക്കെ പതുക്കെ ആ ചിരിയും ചോദ്യവും കൂടി കൂടി വന്നു. കൃഷ്ണകുമാർ “അല്ലേ” എന്നതിൽ നിന്നും “അല്ലേ” പോയി. കൃഷ്ണകുമാർ എങ്ങോട്ടാണ്. 25 വയസ്സായപ്പോൾ പുതിയ ഒരു “മേൽവിലാസം”, നന്മ നിറഞ്ഞ മലയാളി സിനിമ സീരിയൽ കാഴ്ചകാരിലൂടെ ദൈവം സമ്മാനിച്ചു.. “നടൻ കൃഷ്ണകുമാർ”. ധാരാളം സിനിമകൾ, സീരിയലുകൾ. ടീവിയിൽ ആയിരുന്നു കൂടുതൽ ശോഭിക്കാൻ കഴിഞ്ഞതു. ഇടയിൽ നല്ല കുറെ തമിഴ് സിനിമകളും ചെയ്തു.

സീരിയലും. ഉയർച്ചകളും താഴ്ചകളും നിറഞ്ഞ അടുത്ത 25 വർഷം കടന്നു പോയത് വളരെ വേഗത്തിൽ ആയിരുന്നു. ഇതിനിടയിൽ 26 മത്തെ വയസ്സിൽ ജീവിത യാത്രക്ക് ശക്തിയും സന്തോഷവും ആവോളം തന്നു കൊണ്ട് സുന്ദരിയായ സിന്ധു കൂടെ കൂടി. പിന്നെ എല്ലാ രണ്ടര വർഷങ്ങൾക്കിടയിലും മുന്നോട്ടുള്ള യാത്രക്ക് പ്രകാശവും ഊർജവും തന്നുകൊണ്ട് കൊണ്ട് പുതിയ മൂന്നു നക്ഷത്രങ്ങൾ വന്നു. ആഹാന, ദിയ, ഇഷാനി..2004 ലിൽ എല്ലാവരുടേയും ആഗ്രഹം പോലെ ഞങ്ങളുടെയും ആഗ്രഹമായ ഒരു വീട് തട്ടി കൂട്ടാനും ഭാഗ്യമുണ്ടായി.. ആ വീടിനു “സ്ത്രീ” എന്നും പേരും ഇട്ടു. മൂന്ന് മക്കളും വാടക വീട്ടിൽ ജനിച്ചതല്ലേ. സ്വന്തം വീട്ടിലും ഒന്ന് വേണ്ടേ എന്നൊരു ചിന്ത വന്നു. ആ ചിന്തയാണ് ഹാൻസിക..മകം പിറന്ന മങ്ക..വീട്ടിലെ പുതിയ താരം ഹാൻസിക വന്നതോടെ “സ്ത്രീ” എന്ന വീട് സ്ത്രീകളാൽ നിറഞ്ഞു. ജോലിത്തിരക്കിനിടയിൽ പലപ്പോഴും കുട്ടികളുടെ കാര്യം നോക്കാൻ കഴിഞ്ഞില്ല.

പക്ഷെ സിന്ധു എന്ന ശക്തയായ ഒരു അമ്മ ഉണ്ടായിരുന്നതിനാൽ മക്കളുടെ കാര്യങ്ങൾ എല്ലാം ഭംഗിയായി. മക്കൾ വളർന്നു . അവരുടെ “മേൽവിലാസം” കൃഷ്ണകുമാർ എന്ന അച്ഛനായിരുന്നു. ഇതിനിടയിൽ ഇന്റർനെറ്റ്‌, കമ്പ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ ഫോൺ, സ്മാർട്ട്‌ ഫോൺ, സോഷ്യൽ മീഡിയ, ഫേസ്ബുക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്… പുതിയ കുറെ വാക്കുകൾ നമ്മൾ പഠിച്ചു. നമ്മൾ ഇതിന്റെയൊക്കയോ, ഇതൊക്കെ നമ്മുടെയൊക്കെയോ ഭാഗമായി. ഒപ്പം ആഹാനയും, ഇഷാനിയും സിനിമയുടെ ഭാഗമായി. ദിയയും, ഹാൻസികയും സോഷ്യൽ മീഡിയയിലൂടെ ധാരാളം പേരുടെ ഇഷ്ടം സമ്പാദിച്ചു. എല്ലാം ഒരു ദൈവാനുഗ്രഹം. ഇന്നു അവർക്കെല്ലാം ഒരു “മേൽവിലാസം” വന്നുതുടങ്ങി .. അവരിലൂടെ എനിക്കും ഒരു പുതിയ “മേൽവിലാസം”. ചിലർ ചോദിക്കും ആഹാനയുടെ അച്ഛനല്ലേ, ഓസിയുടെ.. ഇഷാനിയുടെ… കൊച്ചുകുട്ടികൾ വന്നു അങ്കിൾ…

ഹാൻസികയുടെ അച്ഛനല്ലേ…. സുന്ദരമായ നിമിഷങ്ങളാണിത് .. മക്കളുടെ, അതും പെണ്മക്കളുടെ പേരിൽ അറിയപ്പെടുന്ന ഒരു അച്ഛനായത് ഒരു പുണ്യമായി കരുതുന്നു..ഇതിനിടയിൽ സിന്ധു പറയും. ഞാനും അത്യാവശ്യം അറിയപ്പെടുന്ന ഒരാളാണ്. എനിക്കുമുണ്ട് ഫാൻസ്‌.. കുറെ മേൽവിലാസങ്ങൾ നേടാൻ കഴിഞ്ഞ ഒരു ജീവിതമാണിത്.. ആരോട്, എങ്ങനെ നന്ദി പറയണമെന്നറിയില്ല. അതിനാൽ ചിലനേരങ്ങളിൽ ഇരുട്ടത് ഒറ്റക്ക് കണ്ണടച്ചിരുന്നു പ്രകൃതിയോടു നന്ദി പറയും. ഇതൊക്കെ നേടിത്തന്ന ആ അദൃശ്യ ശക്തിക്ക്. “Invisbile things are much more powerful than visible things”… പണ്ട് പറയുന്ന ഈ വരികൾ മനസ്സിലൂടെ കടന്നു പോയി . 2021 ഫെബ്രുവരി മാസം ബിജെപി അധ്യക്ഷനിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ച്, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുന്നും മത്സരിച്ചു. നന്മ നിറഞ്ഞ 35000 തിരുവനതപുരം നിവാസികൾ എന്നിൽ വിശ്വാസം അർപ്പിച്ചു.

അവർ എനിക്കായി വോട്ട് ചെയ്തു. ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും പാർട്ടിയുടെ സഹായത്താൽ നല്ലൊരു പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു. ജീവിതത്തിലെ വലിയൊരു വഴിത്തിരിവും, പുത്തൻ ഒരു മേൽവിലാസത്തിലേക്കുമുള്ള ഒരു യാത്രയാണിത് കലാകാരനിൽ നിന്നും…. രാഷ്ട്രീയക്കാരനിലേക്ക്. കഴിഞ്ഞ രണ്ടു മാസങ്ങളായി പുതിയ ഒരു സ്വപ്നം എന്റെ ഉറക്കം കെടുത്തുന്നു. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സിൽ വലിയ ഒരു “മേൽവിലാസം” തേടി വരും..ഇന്നലെയും കണ്ടു. സ്വപ്നങ്ങൾക്ക് അതിശയകരമായ ശക്തി ഉണ്ടെന്നു വിശ്വസിക്കാറുണ്ട്.. കാരണം അനുഭവം അതാണ്‌.. “Mutation”… മാറ്റം അല്ലെങ്കിൽ പരിവർത്തനം.. അതാണീ മാറി വരുന്ന മേൽവിലാസങ്ങൾ.. മാറ്റം പ്രകൃതിയുടെ നിയമമാണ്.. പരമാവധി പ്രകൃതിയുമായി ഒത്തു പോകുക. സംരക്ഷിക്കുക.. പ്രകൃതി നിങ്ങളേയും സംരക്ഷിക്കും.. ഉയർത്തും.. ഉയർന്ന ഒരു “മേൽവിലാസ”വും സമ്മാനിക്കും.. ഉറപ്പ്

- Advertisement -
Related News