പലപ്പോഴും ചെറിയ വേഷങ്ങളും, പിന്നീട് വില്ലൻ വേഷങ്ങളുമായി ഒതുങ്ങിയപ്പോളും മനസ്സിൽ എവിടെയോ ഒരു തോന്നൽ, ഇന്നല്ലെങ്കിൽ നാളെ ഹീറോ ആകും, കുറിപ്പുമായി കൃഷ്ണകുമാർ

സോഷ്യൽ മീഡിയയിൽ സജീവമായ നടൻ കൃഷ്ണകുമാർ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, തന്നെയും തന്റെ മക്കളെയും ആലിലയിൽ വരച്ച കലാകാരനെ അഭിനന്ദിച്ച് കൊണ്ടാണ് താരം എത്തിയിരിക്കുന്നത് വർഷങ്ങൾക്ക് മുൻപ്… കൃത്യമായി പറഞ്ഞാൽ 1989…

സോഷ്യൽ മീഡിയയിൽ സജീവമായ നടൻ കൃഷ്ണകുമാർ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, തന്നെയും തന്റെ മക്കളെയും ആലിലയിൽ വരച്ച കലാകാരനെ അഭിനന്ദിച്ച് കൊണ്ടാണ് താരം എത്തിയിരിക്കുന്നത്

വർഷങ്ങൾക്ക് മുൻപ്… കൃത്യമായി പറഞ്ഞാൽ 1989 ഒക്ടോബർ മാസം. ആദ്യമായി സ്‌ക്രീനിൽ വന്ന കാലം. ദൂരദർശനിൽ ന്യൂസ്‌ റീഡർ. പിന്നീട് സീരിയൽ, സിനിമ… അന്നൊക്കെ മനസ്സിൽ മലയാള സിനിമയിൽ നായകനാകും എന്ന് വലിയ തോന്നലും വിശ്വാസവും ഉണ്ടായിരുന്നു. പലപ്പോഴും ചെറിയ വേഷങ്ങളും, പിന്നീട് വില്ലൻ വേഷങ്ങളുമായി ഒതുങ്ങിയപ്പോളും മനസ്സിൽ എവിടെയോ ഒരു തോന്നൽ, ഇന്നല്ലെങ്കിൽ നാളെ ഹീറോ ആകും. ഇടി കൊടുക്കണം എന്നാഗ്രഹിച്ചു വന്നു, പക്ഷെ ഇടിയും വെടിയും ആവോളം വാങ്ങി കൂട്ടി. മലയാള സിനിമയിൽ മാത്രമല്ല തമിഴിലും പോയി മാക്സിമം ഇടി വാങ്ങി.. മലയാളത്തിലെ ഒരുമാതിരിയുള്ള എല്ലാ നായകരുടെ കയ്യിൽ നിന്നും വാങ്ങിയിട്ടുണ്ട്. അപ്പോഴൊക്കെ ഓർക്കും, ഈ നായകന്മാർക്കും എനിക്കും വല്യ വ്യത്യാസമൊന്നുമില്ല… കയ്യും കാലുകളും രണ്ടു, കണ്ണുകൾ രണ്ടു, ഒരു മൂക്ക്, രണ്ടു ചെവി.. എന്നിട്ടും അവർ നായകനും ഞാൻ വില്ലനും.. ആദ്യമൊക്കെ വിഷമം തോന്നിയിട്ടുണ്ട്. വർഷങ്ങൾ കടന്നു പോയി.

ജീവിതം കൂടുതൽ കണ്ടു. യാത്രകൾ ചെയ്തു. പുസ്തകങ്ങൾ വായിച്ചു കൂട്ടി. ഇതിനിടയിൽ പ്രായവും കൂടി. വിവരത്തിനു മുകളിൽ വിവേകം വന്നു കേറി. അവിടുന്ന് ചിന്തകൾ മാറി. കാഴ്ചപ്പാടുകളും. കഴിവും, കഠിനധ്വാനവും അതുപോലെ എന്തൊക്കെയോ ആണ് വിജയത്തിന്റെ പ്രധാന ഘടകങ്ങൾ എന്ന് വിശ്വസിച്ച് പോന്നതിനൊക്കെ ഒരു മാറ്റമുണ്ടായി. കഴിവും കഠിനാധ്വാനവും വേണം, പക്ഷെ അതിനൊക്കെ അപ്പുറം ചില അദൃശ്യ ശക്തികൾ ഉണ്ടെന്നാണ് എന്റെ വിശ്വാസം. അനുഭവവും . അതിനെ ഭാഗ്യം എന്ന് ചിലർ വിളിക്കും , അനുഗ്രഹം എന്ന് മറ്റുചിലർ. എന്തായാലും ഒന്നുറപ്പാണ്, ഉന്നതങ്ങളിൽ എത്തുന്നവർ അപാരമായ ദൈവാനുഗ്രഹമുള്ളവർ തന്നെ. അവരുടെ കഴിവിനെ കുറച്ചു കാണുകയോ അവരോടു ഇഷ്ടക്കുറവോ ഇല്ല. അവരെ ആ അദൃശ്യ ശക്തി, ആയുരാരോഗ്യ സൗഖ്യത്തോടെ കൈകുമ്പിളിൽ താങ്ങി കൊണ്ടുപോയതാണ്. ലക്ഷകണക്കിന് ആളുകൾ അവരെ ഇഷ്ടപെടുന്നു.

ആരാധിക്കുന്നു. അവരുടെ പ്രഭാ വലയം അതി ശക്തമാണ്. അവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം. അവരോടൊപ്പം നിന്നപ്പോൾ കുറച്ചു പ്രകാശം, ഊർജ്ജം.. ഇതൊക്കെ എനിക്കും കിട്ടിയിട്ടുണ്ടാവണം. അതായിരിക്കും ഇന്നും, ഈ 32 കൊല്ലം കഴിഞ്ഞിട്ടും ഈ മേഖലയിൽ എവിടെയെങ്കിലും പിടിച്ചു നിൽക്കാൻ കഴിഞ്ഞത്. ഇതൊക്കെ ആണെങ്കിലും ഈ ജീവിതത്തിൽ ഞാൻ സന്തുഷ്ടനാണ്. തൃപ്തനാണ്. അനുഗ്രഹീതനും. ദൈവത്തിനു നന്ദി. എവിടെ ചെന്നാലും എല്ലാവരും എന്നോടും ഇഷ്ടം കാണിക്കുന്നു, ചിരിച്ച മുഖവുമായി വന്നു സ്‌നേഹം പങ്കിടുന്നു. ചിലർ ചിത്രങ്ങൾ വരച്ചു അയച്ചു തരുന്നു. ഇന്നലെയും അങ്ങനെ ഒരു ചിത്രം ശ്രദ്ധിക്കാനിടയായി. ശ്രി ഉമേഷ്‌ പത്തിരിപ്പാല എന്ന ഒരു സഹോദരൻ ഒരു ആലിലയിൽ വരച്ച എന്റെ കുടുംബചിത്രം.

ഇന്നു എന്റെ വാട്സ്ആപ്പിലും , മെസ്സഞ്ചറിലുമായി അറിയുന്നവരും അറിയാത്തവരുമായി ഒരുപാടുപേർ ഈ ചിത്രം ഷെയർ ചെയ്തു. ഇദ്ദേഹത്തെ പ്രൊമോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു മെസ്സേജ് അയച്ചു. നേരത്തെ പറഞ്ഞ പോലെ എല്ലാ മേഖലയിലും ആയിരക്കണക്കിന് കലാകാരന്മാരുണ്ട്. “ലീഫ് ആർട്ട്‌” മേഖലയിലും ഉണ്ടാവും. ഇത്രയും ആളുകൾ ഉമേഷിന്റെ ഈ കലാസൃഷ്ടി ഇഷ്ടപ്പെടുകയും, ഷെയർ ചെയ്യുന്നുമുണ്ടെങ്കിൽ അദ്ദേഹത്തിന് ദൈവാനുഗ്രഹം കൂടുതലാണ്. ഇത് വരെ കണ്ടിട്ടില്ലാത്ത ആ കലാകാരൻ വരച്ച ചിത്രം എന്നോടും ഷെയർ ചെയ്യാൻ ഏതോ ഒരു അദൃശ്യശക്തി പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്റെ ഈ പോസ്റ്റിലൂടെ ഉമേഷ്‌ എന്ന അസാമാന്യ കലാകാരന് ഉയർച്ച ഉണ്ടാവാൻ സഹായകമാവുകയാണെങ്കിൽ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാൻ തന്നെ ആവും..ഉമേഷിനും കുടുംബത്തിനും നന്മകൾ നേരുന്നു..ഒപ്പം ഇതെന്നെ അറിയിക്കുവാൻ സന്മനസ്സുകാണിച്ചു സുഹൃത്തുക്കൾക്കും നന്ദി