ഇന്നല്ലേ, ഇന്നു മുതലല്ലേ ശരിക്കുള്ള വിശേഷങ്ങൾ തുടങ്ങുവാൻ പോകുന്നത്, പുതിയ വിശേഷവുമായി നടൻ കൃഷ്ണകുമാർ

ഏറ്റവും വലിയ വിവാദങ്ങളുടെ അവസാനത്തിൽ ഇപ്പോൾ തിരുവനന്തപുരം എയർ പോർട്ട് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുകയാണ്.അതിന് ശേഷം അദാനി ഗ്രൂപ്പിനേയും നരേന്ദ്രമോദിയെയും അനുമോദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്  മലയാളത്തിന്റെ പ്രിയ നടനും ഭാരതീയ ജനതാ പാർട്ടിയുടെ നേതാവുമായ  കൃഷ്‌ണകുമാർ. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങൾ ഒരു രീതിയിലും താമസം വരുകയില്ലെന്ന് വ്യക്തമാക്കുകയാണ് കൃഷ്ണകുമാർ.

Krishnakumar

ആയിരത്തി തൊള്ളായിരത്തി എൺപത്തിയേഴിലെ ഒരു അവധിദിവസത്തിൽ കോളേജിലെ സുഹൃത്തുക്കളുടെ കൂടെയാണ് ഞാനാദ്യമായി സാഗർ ഏലിയാസ് ജാക്കിയെ കാണുന്നത്. ലാലേട്ടന്റെ ആ ‘മാസ്’മരിക കഥാപാത്രത്തെ വലിയ സ്‌ക്രീനിൽത്തന്നെ കാണാൻ ഭാഗ്യംകിട്ടിയ ഒരു തലമുറയിലെ ആളുകളാണ് ഞങ്ങളൊക്കെ. ക്ലൈമാക്സ് രംഗങ്ങളിൽ എല്ലാ തടസ്സങ്ങളും തട്ടിത്തെറിപ്പിച്ച് ശേഖരൻകുട്ടിയോട് പ്രതികാരം തീർത്ത് ജയിലിലേക്ക് പോകുന്ന ജാക്കി. സീറ്റിൽ ഏറ്റവും മുന്നോട്ടാഞ്ഞിരുന്നു ശ്വാസം പിടിച്ചുമാത്രമേ ഞങ്ങൾക്കൊക്കെ അന്നാ സീനുകൾ കാണാൻ കഴിയുമായിരുന്നുള്ളൂ. ഇന്നിപ്പോൾ ഏറ്റവും സുഖമുള്ള ഓർമകളാണ് അവയൊക്കെ. തീർന്നില്ല, വേറെയുമുണ്ടായിരുന്നു പുതുമകൾ. പുറമെ കണ്ടിട്ടുണ്ടെങ്കിലും ഒരു എയർ പോർട്ടിന്റെ അകത്തുള്ള ദൃശ്യങ്ങൾ ഒരല്പം വിശദമായിത്തന്നെ ആദ്യമായി കാണാൻ പറ്റിയത് അന്നാ ക്ലൈമാക്സ് രംഗങ്ങളിലായിരുന്നു. അതെ, നമ്മുടെ സ്വന്തം തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിലായിരുന്നു അവയൊക്കെ ചിത്രീകരിച്ചത്. പിന്നീടിങ്ങോട്ട് സിനിമയിൽ സജീവമായതിനുശേഷം എത്രയോ തവണ അതിലൂടെ യാത്രചെയ്തു. എങ്കിലും ആ ആദ്യത്തെ വിഷ്വലുകൾ മനസ്സിൽ ഇപ്പോഴും പച്ചപിടിച്ചു നിൽക്കുന്നുണ്ട്. സ്വപ്നങ്ങളും കൗതുകങ്ങളും, അത്ഭുതങ്ങളുമൊക്കെ നിറച്ചുവെച്ചിരുന്ന, ഇരമ്പിയുണർന്നിരുന്ന വേറെയേതോ ഒരു ലോകം!

adani 2

ഇന്നിപ്പോൾ പെട്ടെന്നെന്താണ് എയർപോർട്ട് വിശേഷങ്ങളെന്നു ചോദിച്ചാൽ, ഇന്നല്ലേ, ഇന്നുമുതലല്ലേ ശരിക്കുള്ള വിശേഷങ്ങൾ തുടങ്ങുന്നത്? ഔപചാരികമായി ഇന്നലെ രാത്രിമുതൽ നമ്മുടെ എയർപോർട്ട് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുകയാണ്. നിസ്സാരന്മാർ അല്ല — ഉദ്ദേശം 120.06 ബില്യൺ ഡോളർ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഉള്ള വമ്പൻ ഗ്രൂപ്പാണ്. തുറമുഖങ്ങളും വിമാനത്താവളങ്ങളും മറ്റു ഭീമൻ പ്രോജെക്റ്റുകളും ഏറ്റെടുത്തു അവയുടെയും ആ പ്രദേശത്തിന്റെ തന്നെയും സാമൂഹ്യ സാമ്പത്തിക മുഖചിത്രം തന്നെ മാറ്റിയെഴുതുന്നതിൽ അഗ്രഗണ്യർ. ഗുജറാത്തിൽ തുടങ്ങി ലോകമെമ്പാടും പടർന്നുപന്തലിച്ചുകൊണ്ടിരിക്കുന്ന വ്യവസായസ്ഥാപനം. നമ്മുടെ തന്നെ വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ മുഖം രൂപകൽപന ചെയ്യുന്നതും അവർ തന്നെ.വിമാനത്താവളത്തിന്റെ കാര്യത്തിൽ അവരുടെ പേര് കേൾക്കാൻ തുടങ്ങിയ അന്നുമുതൽ ശുഭാപ്തിവിശ്വാസമുണ്ടായിരുന്നു.എനിക്ക് മാത്രമല്ല, ഇതിലൂടെ യാത്ര ചെയ്യണ്ടവന്നിട്ടുള്ള എല്ലാവർക്കും. അത്രയ്ക്ക് പരിതാപകരമായിരുന്നല്ലോ ഇവിടുത്തെ കാര്യങ്ങൾ?

airport

ഒരല്പം ചരിത്രം പറയാം. 1932 ൽ റാണി കാർത്തിക തിരുനാൾ ലക്ഷ്മി ഭായിയുടെ കാലത്ത്, ലഫ്. കേണലായിരുന്ന ശ്രീമാൻ ഗോദരാജ വർമയാണ് തിരുവനന്തപുരം വിമാനത്താവളത്തിന് തുടക്കമിടുന്നത്. തൊള്ളായിരത്തി മുപ്പത്തിയഞ്ച് നവംബർ ഒന്നാം തീയതി ആദ്യത്തെ ഫ്‌ളൈറ്റ് ഇവിടെനിന്നു പറന്നുപൊങ്ങി. എഴുപതുകളുടെ രണ്ടാം പകുതിയിൽ, കൃത്യമായി പറഞ്ഞാൽ 1977 ൽ, ആദ്യത്തെ അന്താരാഷ്ട്ര ഫ്ലൈറ്റും. ആദ്യത്തെ പ്രതാപകാലങ്ങൾ പതിറ്റാണ്ടുകൾ നീണ്ടു നിന്നു. 1991ൽ അന്നത്തെ പ്രധാനമന്ത്രി ശ്രീ വി. പി. സിംഗ് ഇതിനെ ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനാത്താവളമായി പ്രഖ്യാപിക്കുകയും ചെയ്തു. ഡൽഹി, ബോംബെ, മദ്രാസ്, കൽക്കട്ട എന്നിവയായിരുന്നു മറ്റു നാലെണ്ണം. സംസ്ഥാന തലസ്ഥാനത്തിനു ഉചിതമായ അടയാളവും അംഗീകാരവും തന്നെ, പക്ഷേ പിന്നീടെന്തു സംഭവിച്ചു?ഏകദേശം 25 – 30 വർഷങ്ങളായി ഇതിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ. ചെറുതെങ്കിലും, ആ സമയത്തുള്ള മറ്റു എയർപോർട്ടുകളിലുള്ള സൗകര്യങ്ങളെല്ലാം തന്നെ അന്നൊക്കെ ഇവിടെയും ഉണ്ടായിരുന്നു. ഇന്നുള്ളതിനേക്കാൾ കൂടുതൽ ഫ്‌ളൈറ്റുകളും അന്നുണ്ടായിരുന്നു എന്നതാണ് സത്യം. പിന്നീടെപ്പോഴോ ശനിദശയാരംഭിച്ചു. ഫ്ലൈറ്റുകൾ നിരന്തരം, നിർദ്ദയം നിർത്തലാക്കപ്പെട്ടുതുടങ്ങി. താരതമ്യേന തുടക്കക്കാരനായിരുന്ന നെടുമ്പാശ്ശേരി ആരുടെയൊക്കെയോ കയ്യടികളുടെയും പ്രോത്സാഹനത്തിന്റെയും തണലിൽ (അല്ലെങ്കിൽ മറവിൽ) നമ്മുടെ കൊച്ചു വിമാനത്താവളത്തെ ഓടിത്തോൽപ്പിക്കാൻ തുടങ്ങി. ലോകത്തിന്റെ പലഭാഗങ്ങളിലും നിന്നു ഇവിടെ വന്നിറങ്ങിയവർ മൂക്കത്തു വിരൽ വെയ്ക്കാനും. മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങളോ, നല്ല ആഹാരം അർഹമായ വിലയ്ക്ക് നൽകുന്ന ഭക്ഷണശാലകളോ, ഫ്‌ളൈറ്റുകൾക്കിടയിലെ മണിക്കൂറുകൾ സമാധാനമായി വിശ്രമിച്ചുതീർക്കാനവസരമൊരുക്കുന്ന വിശ്രമമുറികൾ പോലുമില്ലാത്ത ഒരു അന്താരാഷ്ട്ര വിമാനത്താവളം! അതും ഒരു സംസ്ഥാന തലസ്ഥാനത്ത്. ഒന്നോർത്തുനോക്കൂ. ഒരല്പം ഭാവനയും ആസൂത്രണവും ആത്മാർഥതയുമുണ്ടായിരുന്നെങ്കിൽ എത്രയോ മുൻപു തന്നെ നമുക്കീ വിമാനത്താവളത്തിന്റെ തലവര മാറ്റാമായിരുന്നു? വെറുതെയൊന്നു ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചില സവിശേഷതകൾ നോക്കൂ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ പതിനേഴാമത്തെ വിമാനത്താവളം. ഏഷ്യയിലെ ആറാമത്തേത്. 2009 മുതൽ തുടർച്ചയായി ഇന്ത്യയിലെ ഒന്നാമത്തേതും. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വികസന പരിപാടികൾക്കൊടുവിൽ ഏതാനും വർഷങ്ങൾ കഴിയുമ്പോൾ (രണ്ടായിരത്തി മുപ്പതോടുകൂടി) അവർ ലക്ഷ്യം വെയ്ക്കുന്നത് ഒന്നും രണ്ടുമല്ല, വർഷം തോറും100 മില്യൺ യാത്രികരെയാണ്. (ഒരു മില്യൺ എന്നുപറഞ്ഞാൽത്തന്നെ പത്തുലക്ഷമായി. ബാക്കി നിങ്ങൾ തന്നെ കണക്കുകൂട്ടിക്കോളൂ!). രാജ്യത്തിനും സമ്പദ്‌വ്യവസ്ഥക്കും ഇതുമൂലമുണ്ടാകാൻ പോകുന്നത് ഏതെല്ലാം രീതിയിലുള്ള അഭിവൃദ്ധികളായിരിക്കും? എന്തായിരിക്കും അവരുടെ വിജയരഹസ്യം?അതിലുമൊക്കെ പ്രധാനപ്പെട്ട വേറൊരു ചോദ്യം : എവിടെയായിരിക്കും നമുക്ക് പാളിയിട്ടുണ്ടാകുക? അതുപോലെ, തിരുവനന്തപുരത്തിന്റെ വികസനത്തിന് ആരായിരിക്കും തടസ്സം നിന്നിട്ടുണ്ടാകുക?

adhani

കോവിഡ് മഹാമാരി കഴിഞ്ഞുവരുന്നുവെന്നു കരുതാവുന്ന ഈ കാലത്ത്, എത്രയോ ബിസിനസ്സ് സംരംഭങ്ങൾ ഇവിടെ തുടങ്ങാമായിരുന്നു? എത്രയോ ആയിരങ്ങൾക്ക് ജോലി ലഭിക്കുമായിരുന്നു? ടൂറിസം കൊണ്ടുവരുന്ന സാമ്പത്തിക ലാഭം, ടാക്സി സർവീസുകൾ പോലുള്ള അനുബന്ധ സേവനങ്ങൾ വഴി അധികമായി വരുന്ന പ്രത്യക്ഷ / പരോക്ഷ തൊഴിൽ സാധ്യതകൾ, മെഡിക്കൽ ടൂറിസം, ലോകഭൂപടത്തിൽ നമ്മുടെ നാടിനുണ്ടാകുമായിരുന്ന സവിശേഷ മുഖം, പറഞ്ഞുതുടങ്ങാനാണെകിൽ കാര്യങ്ങൾ ഒന്നും രണ്ടുമല്ല, ഒരുപിടിയാണ്. ഇതൊന്നും ആർക്കുമറിയാത്ത കാര്യങ്ങളല്ല, പക്ഷേ ഒന്നും നടക്കുന്നുമില്ല. പിടിപ്പും കാര്യപ്രാപ്തിയും ധിഷണയുമില്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങൾ തന്നെയല്ലേ കാരണം? താങ്കൾക്കെന്തു തോന്നുന്നു? അറിയാൻ താല്പര്യമുണ്ട്എന്തായാലും ഒരു കാര്യമുറപ്പാണ്. ഒന്നുമിനി പഴയപടി ഇഴഞ്ഞുനീങ്ങില്ല. ആർക്കും വേണ്ടാതെ കിടന്നിരുന്ന അവസ്ഥ ഇനിമുതലുണ്ടാവില്ല. ആർജ്ജവമുള്ള ഒരു കേന്ദ്ര നേതൃത്വമാണ് നമുക്കിന്നുള്ളത്. ഇച്ഛാശക്തിയുള്ള, ദീർഘവീക്ഷണമുള്ള, നല്ല ഉശിരുള്ള ഒരു പ്രധാനമന്ത്രിയും. ശനിദശ മാറാതെ തരമില്ലതന്നെ.സാഗർ ഏലിയാസ് ജാക്കി ഇപ്പോൾ എവിടെയായിരിക്കും? അറിയില്ല. കഴിഞ്ഞുപോയ നൂറ്റാണ്ടിനെ അയാൾ എന്നേ മറന്നുകാണാനാണ് സാധ്യത. നമ്മുടെ വിമാനത്താവളത്തിനും അതിനു സമയമായിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ബാക്കിപത്രങ്ങൾ ഇന്നുമുതൽ പുതിയൊരു തുടക്കത്തിന് വഴിമാറട്ടെ. അർദ്ധരാത്രിയിൽ സ്വാതന്ത്ര്യം കിട്ടിയ രാജ്യമാണ് നമ്മുടേത്. ഇന്നലെ അർദ്ധരാത്രിയിൽ സ്വാതന്ത്ര്യത്തിന്റെ പുതിയ ചിറകുകൾ ഘടിപ്പിച്ചുകിട്ടിയ നമ്മുടെ സ്വന്തം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും ഇരമ്പിയുണണർന്നു പറന്നുയരട്ടെ. സമ്പത്തും കീർത്തിയും പറന്നിറങ്ങട്ടെ. നാടിനു നാഥനായി ഒരാളുണ്ടെന്ന ബോധ്യം സാധാരണക്കാരനുണ്ടാവട്ടെ മഹാനവമിയുടെയും വിജയദശമിയുടെയും ദിനങ്ങളിൽത്തന്നെ പുതിയ തുടക്കമുണ്ടായത് ഏറ്റവും ശുഭസൂചകമാണ്. എത്രയും ബഹുമാന്യനായ പ്രധാനമന്ത്രിക്ക് ഹൃദയപൂർവം നന്ദി പറയുന്നു.പുതിയ സാരഥികൾക്കു അഭിവാദ്യങ്ങളും ആശംസകളും നേരുന്നു.ജയ് ഹിന്ദ്

Vishnu