തലയില്‍ കൈവെച്ചിട്ട് മായിയമ്മ ‘ഗീത് കി റാണി’ എന്ന് അനുഗ്രഹിച്ചു; ആ അനുഗ്രഹമാണ് കൂടെയുള്ളത്- ചിത്ര

കേരളത്തിന്റെ വാനമ്പാടിയാണ് കെഎസ് ചിത്ര. ശബ്ദമാധുരി കൊണ്ട് വിസ്മയം തീര്‍ത്ത ഗായിക. ഗാനരംഗത്ത് എത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒട്ടും കുറയാത്ത സ്വരമാധുര്യത്തോടെ ചിത്രാമ്മ പാടുകയാണ്. ഇരുപത്തയ്യായിരത്തില്‍ അധികം പാട്ടുകളാണ് ഇതുവരെ സിനിമയ്ക്കായി മാത്രം അവര്‍…

കേരളത്തിന്റെ വാനമ്പാടിയാണ് കെഎസ് ചിത്ര. ശബ്ദമാധുരി കൊണ്ട് വിസ്മയം തീര്‍ത്ത ഗായിക. ഗാനരംഗത്ത് എത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒട്ടും കുറയാത്ത സ്വരമാധുര്യത്തോടെ ചിത്രാമ്മ പാടുകയാണ്. ഇരുപത്തയ്യായിരത്തില്‍ അധികം പാട്ടുകളാണ് ഇതുവരെ സിനിമയ്ക്കായി മാത്രം അവര്‍ പാടിയിട്ടുള്ളത്. ഈ പാട്ടുകള്‍ എല്ലാം തന്നെ മലയാളി ഹൃദയത്തോട് ചേര്‍ക്കുന്നതാണ്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഐശ്വര്യങ്ങളുടെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സന്യാസിവര്യയെപ്പോലെ ജീവിച്ചിരുന്ന മായിയമ്മയുടെ അനുഗ്രഹമാണ് തന്റെ പുണ്യങ്ങള്‍ക്ക് പിന്നില്‍ എന്നാണ് ചിത്രാമ്മ പറയുന്നത്. ഒരു ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രയുടെ വെളിപ്പെടുത്തല്‍.

‘തന്റെ അച്ഛമ്മ മായിയമ്മയുടെ ഒരു വലിയ ഭക്തയായിരുന്നു. കന്യാകുമാരിയിലായിരുന്നു മായിയമ്മ എന്ന സ്ത്രീ ജീവിച്ചിരുന്നത്. ഞാന്‍ ചിത്തിര നക്ഷത്രവും അമ്മൂമ്മ ചോതിയും. ഇത് തലേന്നും പിറ്റേദിവസവും ആയിട്ട് വരുന്നത് കൊണ്ട് ഇതില്‍ ഏതെങ്കിലും ഒരു ദിവസം അമ്മൂമ്മ മുണ്ടും ബ്ലൗസിന് തുണിയും രണ്ടാം മുണ്ടും ഭക്ഷണവുമൊക്കയായി മായിയമ്മയെ കാണാനായി പോകുമായിരുന്നു. തന്നെയും കൂടെ കൊണ്ടുപോകുമായിരുന്നെന്ന് ചിത്ര പറയുന്നു.

കന്യാകുമാരിയില്‍ ഒരു പാറപ്പുറത്ത് നിറയെ പട്ടികളുമായി ഇരിക്കുന്ന, സന്യാസിനിയെപ്പോലെ ജീവിച്ചയാളാണ് മായിയമ്മ. കന്യാകുമാരി അമ്പലത്തില്‍പോയിട്ട് ഈ മായിയമ്മയെ അന്വേഷിച്ച് നടക്കണം. മായിയമ്മ ഏതെങ്കിലും ഒരു പാറപ്പുറത്ത് കുറെ പട്ടികളുമായി കാണും.

കണ്ടുപിടിച്ചുകഴിയുമ്പോള്‍ അമ്മൂമ്മ മുണ്ടൊക്കെ മായിയമ്മയ്ക്ക് കൊടുക്കും. എന്നെ കൂടെയിരുത്തി പാടിപ്പിക്കും. മലയാളം ആയിരിക്കും നമ്മള്‍ മിക്കവാറും പാടുക. അങ്ങനെ ഒരിയ്ക്കല്‍ എന്റെ തലയില്‍ കൈവെച്ചിട്ട് മായിയമ്മ ‘ഗീത് കി റാണി’ എന്ന് വിളിച്ച് അനുഗ്രഹം തന്നു.’- ചിത്ര പറയുന്നു.

ഈ അനുഗ്രഹമാണ് പിന്നെ എന്റെ ജീവിത വഴികളില്‍ പുണ്യമായി എത്തിയതെന്നും ചിത്ര പറയുന്നു. പിന്നീട് അമ്മ മായിയമ്മയെക്കുറിച്ച് ഒരു പാട്ടെഴുതിയിരുന്നു,അനന്തകോടി പുണ്യം ചെയ്തു എന്നു തുടങ്ങുന്ന പാട്ടാണ്. ഇതായിരുന്നു എന്നും സന്ധ്യയ്ക്ക് പ്രാര്‍ത്ഥിക്കുമ്പോള്‍ സ്ഥിരമായി പാടിയിരുന്നതെന്നും ചിത്ര പറയുന്നു.