സത്യം തന്നെയാണോ? മൂന്ന് ദിവസം മുന്‍പ് വിളിച്ചതേയുള്ളൂ…വാണിയമ്മയുടെ ഓര്‍മ്മയില്‍ കെഎസ് ചിത്ര

ഗായിക വാണി ജയറാമിന്റെ അപ്രതീക്ഷത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം ഒന്നടങ്കം. തെന്നിന്ത്യയൊട്ടാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് വാണിയമ്മയുടെ വിയോഗം. വാനമ്പാടി കെ എസ് ചിത്രയ്ക്കും വാണി ജയറാമിന്റെ വിയോഗം വിശ്വസിക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം പോലും സംസാരിച്ചിരുന്നെന്ന് ചിത്ര പറയുന്നു. കഴിഞ്ഞയാഴ്ചയാണ് വാണിജയറാമിന് പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചത്.

‘മൂന്ന് ദിവസം മുന്‍പ് എന്നെ ഫോണില്‍ വിളിച്ചതേയുള്ളൂ. ഇത് സത്യം തന്നെയാണോ? ഞാന്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ വാണിയമ്മ അതിഥിയായി വന്നത് ഈയിടെയാണ്. പത്മഭൂഷണ്‍ കിട്ടിയതിന് അമ്മയെ ഞങ്ങള്‍ ആദരിച്ചു. ഒരു സാരി ഞാന്‍ സമ്മാനമായി നല്‍കിയിരുന്നു. അതിന് ശേഷം എന്നെ വിളിച്ച് സാരി ഇഷ്ടമായെന്ന് പറഞ്ഞിരുന്നു.

എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എനിക്ക് എന്താണ് പറയേണ്ടത് എനിക്കറിയില്ല. വാണിയമ്മ സംഗീതലോകത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. ഒരു പാട്ട് ഒറ്റതവണ കേട്ടാല്‍ മതി പെട്ടെന്ന് പഠിച്ചെടുക്കും. തമിഴില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഡ്യൂവറ്റ് പാടിയത് വാണിയമ്മയ്ക്ക് ഒപ്പമായിരിക്കും. എനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല ഈ മരണം’ – കെ.എസ് ചിത്ര പറയുന്നു.

ശനിയാഴ്ച ഉച്ചയോടെ ചെന്നൈയിലെ വസതിയിലാണ് വാണി ജയറാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെറ്റിയില്‍ ഒരു പൊട്ടലുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. പോലീസ് അന്വേഷം തുടങ്ങിയിട്ടുണ്ട്.

തമിഴ്നാട്ടിലെ വെല്ലൂരില്‍ 1945-ലായിരുന്നു വാണി ജയറാം ജനിച്ചത്. യഥാര്‍ത്ഥ പേര് കലൈവാണി എന്നായിരുന്നു . മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുള്‍പ്പെടെ 19 ഭാഷകളിലായി അവര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

ഏതോ ജന്മ കല്പനയില്‍…നാടന്‍ പാട്ടിലെ മൈന…വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി…ഓലഞ്ഞാലി കുരുവി… മാനത്തെ മാരിക്കുറുമ്പ്.. തുടങ്ങിയതൊക്കെ വാണിയമ്മയുടെ ശ്രദ്ധേയമായ മലയാളം പാട്ടുകളാണ്.

Anu B