കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് വേണ്ടി കേസ് വാദിച്ച അഡ്വ മുഹമ്മ്കുട്ടി!!! മെഗാസ്റ്റാറിന്റെ അപൂര്‍വ്വ സൗഹൃദ കഥ

മമ്മൂട്ടി, ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രങ്ങളായ കഥ പറയുമ്പോള്‍ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. സിനിമാതാരം ആയിട്ട് തന്നെയാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. നടന്റെ സ്‌കൂള്‍ സുഹൃത്തായ കഥാപാത്രമായിട്ടാണ് ശ്രീനിവാസന്‍ എത്തിയത്. അതുപോലെ മമ്മൂട്ടിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന ഒരാളെ കുറിച്ചുള്ള…

മമ്മൂട്ടി, ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രങ്ങളായ കഥ പറയുമ്പോള്‍ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. സിനിമാതാരം ആയിട്ട് തന്നെയാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. നടന്റെ സ്‌കൂള്‍ സുഹൃത്തായ കഥാപാത്രമായിട്ടാണ് ശ്രീനിവാസന്‍ എത്തിയത്. അതുപോലെ മമ്മൂട്ടിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന ഒരാളെ കുറിച്ചുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നത്.

സിനിമാ താരം മമ്മൂട്ടിയെ അല്ല അഡ്വ മുഹമ്മ്കുട്ടിയുമായുള്ള അപൂര്‍വ സൗഹൃദമാണ് വൈറലാകുന്നത്. ജീജ വേണുവാണ് തന്റെ അച്ഛന്‍ മാധവന്റെ കഥയാണ് പങ്കുവച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്ന മാധവന് വേണ്ടി കേസ് വാദിച്ചിരുന്ന അപൂര്‍വ് കഥയാണ് ജീജ പങ്കുവച്ചത്.

ജീജ വേണു എഴുതുന്നു മമ്മൂക്കയെ കുറിച്ച്…
ഞാന്‍ ജീജ എന്റെ അച്ഛനും മമ്മുക്കയും (നമ്മുടെ മെഗാസ്റ്റാര്‍ Mammoottyയും) തമ്മിലുള്ള സൗഹൃദം പങ്കുവെക്കാന്‍ ആണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. ഇപ്പോള്‍ മമ്മുക്ക അത് ഓര്‍ക്കുന്നുണ്ടോ എന്തോ.എന്തായാലും മറക്കാന്‍ തരമില്ല. അത്ര വലിയ ഒരു സംഭവം ആയിരുന്നു അത്.
ആനമങ്ങാട്_ആക്‌സിഡന്റ്
ഈ കേസിനെ പറ്റി ചിലരെങ്കിലും (പഴയ ആള്‍ക്കാര്‍ )കേട്ടുകാണും. അത് ഒരു വലിയ ബസ് ആക്‌സിഡന്റ് ആയിരുന്നു.1975 ലോ മറ്റോ ആയിരുന്നു അത്.
എന്തായാലും കേസ് ഒക്കെ നടന്നത് 1978 മുതല്‍ ആണ്.അച്ഛന്‍ മിലിറ്ററി സര്‍വീസിന് ശേഷം KSRTC യില്‍ ജോലി ചെയ്യുന്ന കാലം.
പെരിന്തല്‍മണ്ണയില്‍ നിന്ന് തൃശൂര്‍ക്ക് ഒറ്റപ്പാലം വഴി പോകേണ്ട ഒരു KSRTC ബസ്, ആയിരുന്നു അപകടത്തില്‍ പെട്ടത്. അതില്‍ പോകേണ്ട ഡ്രൈവര്‍ എത്താഞ്ഞത് കാരണം പകരമായി അച്ഛന്‍ പോകേണ്ടിവന്നു.

രാവിലത്തെ ട്രിപ്പ് ആണ്. ബസ് എടുത്ത് ഒരു മൂന്നു കിലോമീറ്റര്‍ ആയിക്കാണും ആനമങ്ങാട് ഒരു വലിയകൊടും വളവ് എത്തിയപ്പോള്‍ വളക്കാനായി ബസ് മുന്നോട്ട് പോകുമ്പോള്‍ എതിരെ ഒരു ജീപ്പ് ഓവര്‍ സ്പീഡില്‍ വരുന്നുണ്ടായിരുന്നു.
ആ ജീപ്പും KSRTC ബസ്സും തമ്മില്‍ ഭീകരമായി കൂട്ടിയിടിച്ചു. ആ ഇടിയുടെ പരിണത്ഫലമായി ജീപ്പില്‍ ഉള്ള മൂന്നുപേര്‍ മരണപ്പെടുകയും, ആരുടെയൊ കാലു മുറിഞ്ഞുപോകുകയും ഒക്കെ ചെയ്തു.

KSRTC ഡ്രൈവര്‍ക്കും പരിക്ക് പറ്റി. കാലിന്. വലിയതോതില്‍ ഒന്നുമില്ലെങ്കിലും പരിക്ക് ഉണ്ട്. ജനങ്ങള്‍ ഓടിക്കൂടി എല്ലാവരെയും പെരിന്തല്‍മണ്ണ ആശുപത്രിയില്‍ എത്തിച്ചു.ഡ്രൈവറും അവിടെ തന്നെ അഡ്മിറ്റ് ചെയ്യപ്പെട്ടു. പിന്നീട് ഡ്രൈവറെ KSRTC സ്പെഷ്യല്‍ ട്രിപ്പ് എടുത്ത് ബസില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

അന്നാണെങ്കില്‍ ഫോണൊന്നും എവിടെയും ഇല്ല. വീട്ടില്‍ ആരും ഒന്നും അറിയുന്നില്ല. റേഡിയോയില്‍ ന്യൂസ് ഒക്കെ വന്നു. പേപ്പറില്‍ ഒക്കെ ന്യൂസ് വന്നു. അങ്ങനെ നാട്ടില്‍ വിവരമറിഞ്ഞു. ബസ്സ് ഓടിച്ചിരുന്ന ആ ഡ്രൈവര്‍ എന്റെ അച്ഛന്‍ ( Madhavan AP ) ഹോസ്പിറ്റലില്‍ ആണെന്ന് .
നാട്ടുകാര്‍ ചിലര്‍ പോയി പിന്നീട് അച്ഛനെ കൊയിലാണ്ടി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സുഖമായി വന്നു. ഇതിനൊക്കെ ശേഷം കേസ് നടക്കുകയാണ്. അച്ഛന്‍ അന്ന് നല്ലവണ്ണം യൂണിയന്‍ പ്രവര്‍ത്തനം ഒക്കെ ഉണ്ട്. അതുകൊണ്ടുതന്നെ അച്ഛന് വേണ്ടി യൂണിയന്‍ ഒരു വക്കീലിനെ വെച്ചു.

അദ്ദേഹമാണ് #ശ്രീധരന്‍_നായര്‍. ഇപ്പോ അദ്ദേഹം അഡ്വക്കേറ്റ് ജനറല്‍ ആണ്.
അച്ഛന്‍ കേസിന്റെ ആവശ്യത്തിനായി ഇടക്കിടെ അദ്ദേഹത്തിന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു. അന്ന് മന്ത്രിസഭയില്‍ CPIM ന്റെ മന്ത്രി ആയിരുന്ന ശിവദാസമേനോന്റെ മകള്‍ ആയിരുന്നു ശ്രീധരന്‍ നായരുടെ ഭാര്യ. അവര്‍ ഒക്കെയായി നല്ല സൗഹൃദം അച്ഛന്‍ അവിടെ പോകുമ്പോള്‍ ഉണ്ടായിരുന്നു. ശ്രീധരന്‍ നായര്‍ തന്റെ ജൂനിയര്‍ മാരായ #സലാഹുദ്ദീന്‍ ( മുന്‍ പി.എസ്.സി ചെയര്‍മാന്‍ ആയ), #മുഹമ്മദ്_കുട്ടി (മെഗാസ്റ്റാര്‍ Mammootty ) എന്നിവരെ ആണ് കേസ് ഏല്‍പ്പിക്കുന്നത്. യൂണിയന്റെ കേസും ആണല്ലോ. അത്‌കൊണ്ടുതന്നെ പണ ചിലവൊന്നും അറിയേണ്ടതില്ല.

കുറേ കാലത്തോളം കേസ് നിലനിന്നതിന്റെ ഭാഗമായി മമ്മൂക്കയുമായി സൗഹൃദം ഉണ്ടാക്കാന്‍ ആ കാലത്ത് അച്ഛന് സാധിച്ചിരുന്നു. രണ്ടു വര്‍ഷത്തോളം ഈ കേസ് നീണ്ടുപോയി. കോഴിക്കോട് നിന്ന് പെരിന്തല്‍മണ്ണക്ക് മമ്മുക്കയും അച്ഛനും കൂടെ ബസില്‍ ഒരുമിച്ചായിരുന്നു കേസ് അവശ്യങ്ങള്‍ക് പോയിരുന്നത്.

പേരുകേട്ട മിടുക്കനായ അഡ്വക്കേറ്റ് ആയ ശ്രീധരന്‍ നായരും ജൂനിയര്‍മാരും നല്ലപോലെ കേസ് പഠിച്ചു. സാക്ഷി മൊഴികള്‍ നൂലിഴകീറി വിസ്തരിച്ചു, അതില്‍ നിന്നും കിട്ടിയ ചില തുമ്പുകള്‍ വെച്ചു അവര്‍ കേസ് വാദിച്ചു. നീണ്ട വാദങ്ങള്‍ക്കൊടുവില്‍ കേസ് വിജയകരമായി പൂര്‍ത്തിയായി. അച്ഛന് അനുകൂലമായി വിധി വന്നു.

ആ ജീപ്പ് അമിതവേഗത്തില്‍ ആയിരുന്നു വന്നത്. അതും ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള മരണപ്പാച്ചില്‍. ഒരു വിഷം കുടിച്ച ആളെ രക്ഷിക്കാനുള്ള മരണപ്പാച്ചില്‍ ആയിരുന്നു അത്. ഒരു കൊടുംവളവില്‍ വെച്ചാണ് ഇടിച്ചതും. ജീപ്പ് വരുന്നത് ബസ്സില്‍ നിന്നു കാണില്ല. കണ്ടാല്‍ തന്നെ ജീപ്പിന്റെ ഓവര്‍ സ്പീഡ് കാരണം ആണ് ഇടി നടക്കുന്നതും.

ആ വിഷം കുടിച്ച ചെറുപ്പക്കാരന്റെ വീട്ടില്‍ വേറെയും ദുര്‍മരണങ്ങള്‍ നടന്നതായ കാര്യങ്ങള്‍ പിന്നീട് അറിയാന്‍ കഴിഞ്ഞുവത്രെ. എന്നിട്ടോ…… വിഷം കഴിച്ച അയാള്‍ മരിച്ചത് ആക്‌സിഡന്റിലും. അങ്ങനെ ഏറെ വാര്‍ത്താ പ്രാധാന്യം ഉള്ള ഒരു കേസ് ആയിരുന്നു ആനമങ്ങാട് ആക്‌സിഡന്റ് കേസ്. അതില്‍ മമ്മൂക്ക ഭാഗമായിരുന്നു. അച്ഛന്‍ ഈ സൗഹൃദം കുറെകാലം നിലനിര്‍ത്തിയിരുന്നു. പിന്നീട് ഒക്കെ പല വഴിക്കായി.

നമ്മുടെ ഇപ്പോളത്തെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു അഡ്വക്കേറ്റ് ആയിരുന്നു എന്ന് എല്ലാര്‍ക്കും അറിയാവുന്നതാണല്ലോ. അദ്ദേഹം ശ്രീധരന്‍ നായരുടെ ജൂനിയര്‍ ആയിട്ടാണ് തുടങ്ങിയതെന്നും എല്ലാര്‍ക്കും അറിയാം.

ആ മുഹമ്മദ് കുട്ടി ആണ് പിന്നീട് മമ്മൂട്ടി ആയി വന്നതെന്ന് കുറെ കാലം കഴിഞ്ഞാണ് അച്ഛനു മനസ്സിലായത്. മമ്മുക്കയുടെ സിനിമകള്‍ എല്ലാം ഞങ്ങളെ അച്ഛന്‍ തിയേറ്ററില്‍ കൊണ്ടുപോയി കാണിച്ചു തരാറുണ്ടായിരുന്നു. പുതുയതായി ഇറങ്ങുന്ന എല്ലാ സിനിമകളും കാണാന്‍ ഉള്ള ഭാഗ്യം അന്നൊക്കെ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു.

അന്നൊക്കെ സ്‌കൂളില്‍ ഒക്കെ കൂട്ടുകാരോട് മമ്മുക്ക എന്റെ അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞു ഗാമ കാണിച്ചിട്ടുണ്ട്. പക്ഷെ ആര്‍ക്കും വലിയ വിശ്വാസം വന്നിരുന്നില്ല.

‘കഥ പറയുമ്പോള്‍’ എന്ന സിനിമയില്‍ ശ്രീനിവാസനെ പോലെ ആണെന്ന് ഇപ്പോളൊക്കെ ഞാനും അച്ഛനോട് പറയാറുണ്ട്. അദ്ദേഹം ഇപ്പോള്‍ എത്രയോ ഉയരങ്ങള്‍ കീഴടക്കി നില്‍ക്കുന്നു. ഇതൊക്കെ എവിടുന്ന് ഓര്‍മിക്കാന്‍. എന്നാലും ആ കാലം പരാമര്ശിച്ചാല്‍ ഓര്‍മ്മ വരുക തന്നെചെയ്യും.

അദ്ദേഹം ജൂനിയര്‍ ആയി പ്രാക്റ്റീസ് ചെയ്യുമ്പോള്‍ വന്നൊരു കേസ്. അങ്ങനെ ആനമങ്ങാട് ആക്‌സിഡന്റ് കേസുമായി ബന്ധപ്പെട്ട് നമ്മുടെ മമ്മൂക്കയുമായി എന്റെ അച്ഛന് സൗഹൃദമുണ്ടാക്കാന്‍ സാധിച്ചു…….

ഡയറി എഴുതുന്ന ശീലം അച്ഛന് പണ്ടുമുതലെ ഉണ്ടായിരുന്നത്‌കൊണ്ട് എല്ലാം മറക്കാതെ അച്ഛന്‍ സൂക്ഷിച്ചിരുന്നു. ആ രേഖകളും അച്ഛന്റെ കയ്യില്‍ ഇന്നും ഉണ്ട്.
ഇതെല്ലാം അച്ഛന്റെ മനസ്സിന്റെ താളുകളിലെ മറക്കാനാവാത്ത ഓര്‍മകളാണ്…..