കെ.എസ്.ആര്‍.ടി.സി പണിമുടക്ക് ശക്തം; സര്‍വീസുകള്‍ നിലച്ചു; യാത്രക്കാര്‍ ദുരിതത്തില്‍

ജനത്തെ വലച്ച്‌ കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്. അറുപത് ശതമാനത്തോളം ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പലയിടത്തം സമരാനുകൂലികള്‍ സര്‍വീസുകള്‍ തടഞ്ഞിരിക്കുകയാണ്. പണിമുടക്ക് ആഹ്വാനം കണക്കിലെടുക്കാതെ സര്‍വീസ് നടത്തിയ ഡ്രൈവര്‍ക്ക് നെടുമങ്ങാട് മര്‍ദ്ദനമേറ്റു. ശമ്ബള…

ജനത്തെ വലച്ച്‌ കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്. അറുപത് ശതമാനത്തോളം ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പലയിടത്തം സമരാനുകൂലികള്‍ സര്‍വീസുകള്‍ തടഞ്ഞിരിക്കുകയാണ്. പണിമുടക്ക് ആഹ്വാനം കണക്കിലെടുക്കാതെ സര്‍വീസ് നടത്തിയ ഡ്രൈവര്‍ക്ക് നെടുമങ്ങാട് മര്‍ദ്ദനമേറ്റു. ശമ്ബള വിതരണത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ പണിമുടക്ക്.

തെക്കന്‍ ജില്ലകളിലാണ് പണിമുടക്ക് ഏറ്റവും രൂക്ഷമായിരിക്കുന്നത്. തിരുവനന്തപുരത്ത് പകുതിയിലേറെ സര്‍വീസുകള്‍ മടങ്ങി. ജോലിക്കെത്തിയവരെ പലയിടത്തും സമരാനുകൂലികള്‍ തടയുകയാണ്. നെയ്യാറ്റിന്‍കര ഡിപ്പോ സമരാനുകൂലികള്‍ ഉപരോധിച്ചു. ഇതോടെ ഇവിടെ നിന്നും ഒരു സര്‍വീസ് പോലും നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.

സമരം നേരിടാന്‍ മാനേജ്‌മെന്റ് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇത് വകവയ്ക്കാതെ പത്തനാപുരത്ത് സമരത്തിനിറങ്ങിയ 13 ജീവനക്കാര്‍ അറസ്റ്റിലായി. പലയിടത്തും ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങിയിട്ടുണ്ട്. ആലുവ 70, പത്തനാപുരം 45, ആലപ്പുഴ, കോട്ടയം 20, പത്തനംതിട്ട ഡിപ്പോ 15, കോഴിക്കോട് ജില്ലയില്‍ എട്ട്, കണ്ണൂരില്‍ എട്ട്, തലശേരിയില്‍ 19 എന്നിങ്ങനെ സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്. മലയോര ജില്ലകളില്‍ യാത്രാക്ലേശം ഏറെ രൂക്ഷമാണ്. ഇടുക്കിയില്‍ തൊടുപുഴയില്‍ നാമമാത്ര സര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്.

മലപ്പുറം, പാലക്കാട് ജില്ലകളിലും വലിയ വിഭാഗം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും പണിമുടക്ക് രൂക്ഷമാണ്. കൊല്ലത്ത് 126 സര്‍വീസുകളില്‍ രാവിലെ ആറെണ്ണം മാത്രമാണ് ആരംഭിച്ചത്. ഒരു വിഭാഗം ജീവനക്കാര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ വലിയ പ്രശ്‌നമുണ്ടാകില്ലെന്നാണ് അധികൃതര്‍ കരുതിയത്. എന്നാല്‍ തിങ്കളാഴ്ച ആയതിനാല്‍ പതിവിലധികം തിരക്ക് വന്നത് അധികൃതരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു.

സംസ്ഥാന വ്യാപകമായി 1500 ഓളം സര്‍വീസുകളാണ് ഇന്ന് നിലച്ചിരിക്കുന്നതെന്ന് സമരാനുകൂലികള്‍ വ്യക്തമാക്കി. ശമ്ബളം അനിശ്ചിതമായി വൈകുന്നതോടെ ജീവനക്കാര്‍ ആത്മഹത്യയുടെ വക്കിലാണെന്നും ഇവര്‍ പറയുന്നത്. എല്ലാ വിഭാഗം ജീവനക്കാരും സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്. കൃത്യ സമയത്ത് ശമ്ബളം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമരാനുകൂലികള്‍ ആവശ്യപ്പെട്ടു.