വിധിയെ മറികടക്കാന്‍ ഭയം കൊണ്ട് കഴിയില്ല!! പോരാടാന്‍ ഒരുങ്ങി ‘കുമാരി’..!!

മലയാളി സിനിമാ പ്രേമികളുടെ പ്രിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. താരം നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കുമാരി’യുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. ഐശ്വര്യ ലക്ഷ്മി ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്ന്…

മലയാളി സിനിമാ പ്രേമികളുടെ പ്രിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. താരം നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കുമാരി’യുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. ഐശ്വര്യ ലക്ഷ്മി ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ വേഷമാണ് ചിത്രത്തിലേത് എന്ന് ട്രെയിലറിലൂടെ തന്നെ മനസ്സിലാകുന്നു.. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി തുടങ്ങിയവരുടെ ഗംഭീര മേക്കോവറും അഭിനയ പ്രകടനവുമാണ്.

നിഗൂഢത നിറച്ചുകൊണ്ടുള്ള കുമാരിയുടെ ട്രെയിലര്‍ സിനിമാ പ്രേമികള്‍ ഏറ്റെടുക്കുകയാണ്. സസ്‌പെന്‍സ് നിറച്ച ഒരു മിസ്റ്ററി ത്രില്ലറായി എത്തുന്ന സിനിമയില്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി എന്നിവര്‍ക്ക് പുറമെ സ്വാസികയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കെട്ടുകഥകളുടെയും അന്ധവിശ്വാസങ്ങളുടേയും പ്രമേയത്തിലാണ് സിനിമ സഞ്ചരിക്കുന്നത്. വിവാഹത്തോടെ ഭര്‍തൃവീട്ടില്‍ എത്തുന്ന ഐശ്വര്യ ലക്ഷ്മിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് ഈ സിനിമ പറയുക.

നിര്‍മ്മല്‍ സഹദേവ് ആണ് ഈ സിനിമയുടെ സംവിധായകന്‍. നിര്‍മ്മലും സച്ചിന്‍ രാംദാസും ചേര്‍ന്നാണ് ‘കുമാരി’ യുടെ കഥ എഴുതിയത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അബ്രഹാം ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്ക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി, പ്രിയങ്ക ജോഫ്, മൃദുല പിനപാല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ കുമാരിയെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 28ന് സിനിമ പ്രദര്‍ശനത്തിന് എത്തും.