ദേവദൂതര്‍ ആദ്യം കാണിച്ചത് മമ്മൂക്കയെ, അതെനിക്കൊരു ഫാന്‍ബോയ് മൊമന്റ് ആയിരുന്നു; കുഞ്ചാക്കോ ബോബന്‍ പറയുന്നു

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഒരു ഗാനമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ റീ മേക്കാണിത്. കുഞ്ചാക്കോ…

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഒരു ഗാനമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ റീ മേക്കാണിത്. കുഞ്ചാക്കോ ബോബന്റെ ഡാന്‍സാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇതിനോടകം തന്നെ ഗാനം യൂട്യൂബില്‍ വൈറലായിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ ഡാന്‍സിനെ പ്രശംസിച്ച് ഒരുപാട് പേര്‍ മുന്നോട്ടെത്തുന്നുണ്ട്.

ഇപ്പോഴിതാ ഗാനവും ഡാന്‍സും വൈറലായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഈ ഗാനം ആദ്യം തന്നെ മമ്മൂട്ടിയെ കാണിച്ച് സമ്മതം വാങ്ങിയെന്നും എന്തെങ്കിലും കൈപ്പിഴ പറ്റിയിരുന്നെങ്കില്‍ നാട്ടുകാര്‍ എയറില്‍ നിര്‍ത്തിയേനെ എന്നുമാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടിയായിരുന്നു ഈ സിനിമയിലെ നായകന്‍.

‘വളരെ അധികം സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. എവര്‍ഗ്രീന്‍ സോങ് റീക്രിയേറ്റ് ചെയ്ത് വേറൊരു തരത്തില്‍ അവതരിപ്പിക്കുമ്പോള്‍ അത് മോശമാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആദ്യം തന്നെ മമ്മൂക്കയെ കാണിച്ച് സമ്മതം വാങ്ങി. ഇത് കണ്ട അദ്ദേഹം വാട്സാപ്പിലൂടെ തമ്പ്സ് അപ്പും നന്നായി ഇരിക്കുന്നു, ലവ് യൂ എന്നുമാണ് മറുപടി തന്നത്. എന്നെ സംബന്ധിച്ച് ശരിക്കും ഫാന്‍ബോയ് മൊമന്റ് എന്ന് പറയാം. അദ്ദേഹം തന്നെ അത് ഒഫീഷ്യലായി അനൗണ്‍സ് ചെയ്തു’. എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ‘ഔസേപ്പച്ചന്‍ ചേട്ടന്‍ വിളിച്ച് സന്തോഷം പറഞ്ഞു. കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം സന്തോഷം പങ്കുവച്ചു. എന്തെങ്കിലും കൈപ്പിഴ പറ്റിയിരുന്നെങ്കില്‍ നാട്ടുകാര്‍ എയറില്‍ നിര്‍ത്തിയേനെ. ജനങ്ങള്‍ ഏറ്റെടുത്തതില്‍ സന്തോഷവും സമാധാനവുമുണ്ട്,’എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1985ല്‍ ഭരതന്‍ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിലെ ഗാനത്തിന്റെ റീമേക്ക് ആണ് ഇപ്പോള്‍ ഹിറ്റായിക്കൊണ്ടിരിക്കുന്ന ഈ പാട്ട്. ഒ.എന്‍.വി കുറുപ്പിന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയത്. ഗാനം ആലപിച്ചത് യേശുദാസ് ആയിരുന്നു. എന്നാല്‍ ന്നാ താന്‍ കേസ് കൊടിലെ ദേവദൂതര്‍ പാടിയത് ബിജു നാരായണനാണ്.