ലേഡി ഗാഗയുടെ വളര്‍ത്തു നായ്ക്കളെ മോഷ്ടിച്ച 20കാരന് നാല് വര്‍ഷം ശിക്ഷ

പോപ് താരം ലേഡി ഗാഗയുടെ വളര്‍ത്തു നായ്ക്കളെ മോഷ്ടിച്ച 20കാരന് നാല് വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് യുസ് കോടതി. പ്രതി ജയ്ലിന്‍ കെയ്‌ഷോണ്‍ വൈറ്റിനാണ് ശിക്ഷ ലഭിച്ചത്. 2021 ഫെബ്രുവരിയിലാണ് ലേഡി ഗാഗയുടെ ഫ്രഞ്ച്ബുള്‍ഡോഗ് ഇനത്തില്‍പ്പെട്ട രണ്ടു നായ്ക്കള്‍ മോഷണം പോയത്. ഏതാനും ദിവസങ്ങള്‍ക്കകം തിരികെ കിട്ടി. പ്രദേശവാസിയായ യുവതി നായ്ക്കളെ പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. നായ്ക്കളെ കണ്ടെത്തുന്നവര്‍ക്കു പ്രതിഫലമായി ലേഡി ഗാഗ മൂന്നര കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ഈ തുക പിന്നീട് യുവതിക്കു കൈമാറി.

അതേസമയം ജയ്ലിന്‍ കെയ്‌ഷോണ്‍ വൈറ്റ് കൊലപാതകശ്രമം, കവര്‍ച്ചാ ഗൂഢാലോചന എന്നീ കേസുകളില്‍ ഇയാള്‍ നേരത്തേ അറസ്റ്റിലായിട്ടുമുണ്ട്. കോജി, ഗുസ്താവ്, മിസ് ഏഷ്യ എന്നീ മൂന്ന് നായ്ക്കളാണ് ഗാഗയ്ക്ക് ഉള്ളത്. ഇവയെ പരിചരിക്കുന്ന റയാന്‍ ഫിഷര്‍ എന്ന യുവാവ് നായ്ക്കളെയും കൊണ്ട് നടക്കാനിറങ്ങിയപ്പോള്‍ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. റയാനെ വെടിവച്ചിട്ട ശേഷം സംഘം മൂന്ന് നായ്ക്കളെയും തട്ടിയെടുത്തു. സംഘാംഗങ്ങളുടെ കയ്യില്‍ നിന്നും രക്ഷപെട്ട മിസ് ഏഷ്യ എന്ന നായയെ പിന്നീട് പൊലീസ് കണ്ടെത്തി.

ലേഡി ഗാഗയുടെ സമൂഹമാധ്യമ പോസ്റ്റുകളിലൂടെ ആരാധകര്‍ക്ക് ഏറെ സുപരിചിതമാണ് കോജി, ഗുസ്താവ്, മിസ് ഏഷ്യ എന്നീ നായ്ക്കള്‍. ഇവയുടെ ചിത്രങ്ങള്‍ ഗായിക ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

Previous articleകല്യാണി പ്രിയദര്‍ശന്‍ റോബിന്റെ ആരാധികയോ! ഡോക്ടര്‍ വേറെ ലെവലെന്ന് ആരാധകര്‍
Next articleമീര സുമിത്രയേക്കാള്‍ വലിയ പോരാളി! സിനിമയെ വെല്ലുന്ന താരത്തിന്റെ ജീവിതമിങ്ങനെ